
ലോകത്തിലേറ്റവും സന്തോഷവാനായ മനുഷ്യൻ, എഡ്ഢി ജാക്കു.. രഘു രാജ്. അന്നത്തെ ജോലികഴിഞ്ഞ്, ചില്ലറ പേപ്പർ വർക്കും കഴിഞ്ഞ്, ലീവ് ശരിയാക്കി, ഓഫീസിൽ നിന്നു റയിൽവേ സ്റ്റേഷനിലെത്തി, ട്രെയിൻ പിടിച്ച് നാട്ടിലേക്കുപുറപ്പെട്ടു..നാട്ടിൽ പോയിട്ട് കുറച്ചുകാലമായി. ദൂരം തന്നെ കാരണം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്, കോടഞ്ചേരി നെല്ലിപോയിലിലാണ് അവന്റെ വീട്..നാട്ടിൽനിന്ന് കറിയാച്ചൻ അവന് വാട്സ്ആപ്പിൽ വോയിസ് മെസ്സേജ് ചെയ്തിരുന്നു, എഡ്ഢി ജാക്കുന്റെ ഒരു പുസ്തകം വാങ്ങികൊണ്ടുവരാൻ പറഞ്ഞ്…കറിയാച്ഛൻ രഘുവിന് ആരെല്ലാമോയായിരുന്നു. സുഹൃത്തോ , രക്ഷിതാവോ, ഗുരുവോ അല്ലെങ്കിൽ ദൈവം തന്നെയോ?…കറിയാച്ചനാണ് അവനെ എട്ടാം വയസിൽ സ്കൂളിൽ ചേർത്തത്. അവന്റെ പഠനത്തിന്നാവശ്യമായ എല്ലാം ചെയ്തുകൊടുത്തതും കറിയാച്ചനായിരുന്നു.. ഒരു സമൂഹ്യപ്രവത്തകനും വാർഡ് മെമ്പരും കൂടിയായിരുന്നു കറിയാച്ചൻ..
തലേന്ന് രാത്രിയിലെ കെട്ട് വിട്ട് പുലർച്ചെ അഞ്ചഞ്ചരയോടെ ഓരോരുത്തരായി എണീക്കും. പല്ലുതേപ്പും കുളിയുമൊക്കെ വല്ലപ്പോഴും മാത്രം. എന്തെങ്കിലുമൊക്കെ തിന്ന്, ചാക്കും കത്തിയുമൊക്കെയെടുത്ത് അച്ഛനും അമ്മയും ഇളയമ്മയും മരുമകനും പെണ്മക്കളും ആണ്മക്കളും, കൂട്ടത്തോടെ ആരുടെയൊക്കെയോ പറമ്പുകളിൽ കയറി, അവരുടേതെന്ന പോലെ അവിടെയുള്ള അടക്കയും തേങ്ങയും അതുപോലെ പലതും പെറുക്കി, പൊളിച്ച്, കടയിൽ കൊണ്ടുപോയി വിൽക്കും.. കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നു ആറു വയസ്സുള്ള രഘു.. പെറുക്കിയ അടക്കയും തേങ്ങയും എല്ലാം പൊതിച്ച് കടയിൽ കൊണ്ടുപോയി കശക്കുമ്പോഴേക്കും സമയം ഉച്ചയാകും.. പിന്നീട് നേരെ കള്ളുഷാപ്പിലേക്ക്..മുതിർന്നവരും കുട്ടികളും എല്ലാവരും ചേർന്ന്. പിറ്റേന്ന് രാവിലെ ഒരു കട്ടൻ ചായക്കുപോലും ഒന്നും ബാക്കിവെക്കാതെ തിന്നും കുടിച്ചും അർമാദിച്ചും തീർക്കും..
കുട്ടികൾക്ക് എന്തെങ്കിലും തിന്നാൻ വാങ്ങികൊടുത്താലായി..മദ്യ ലഹരിയിൽ ആടിക്കുഴഞ്ഞു നടക്കുന്ന ഇവരെ (കൂടുതലും യുവതികൾ ) കോടഞ്ചേരിയിലേയും തിരുവമ്പാടിയിലേയും ആളുകൾക്ക് സുപരിചിതമാണ്..പ്രായം ചെന്നവരുടെ കാര്യം മഹാ കഷ്ടമാണ്..രോഗിയാണെന്നോ, എന്താണ് രോഗമെന്നോ, ഇത് ചികിൽസിച്ചാൽ ഭേദമാവുമെന്നോ ഒന്നും അറിയാതെ, രാവിലെ പോയവർ കൊണ്ടുവരുന്ന മദ്യവും കഴിച്ച്, അസുഖവും സഹിച്ച് നരകിച്ചു തീർക്കും അവരവരുടെ ശിഷ്ട ജീവിതം..ഇതൊരു ജീവിതചക്രം പോലെ കറങ്ങിക്കൊണ്ടിരുന്നു..ഈ ചക്രം പൊട്ടിച്ചാണ് കറിയാച്ചൻ രഘുവിനെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത്..കറിയച്ഛൻ സമ്പന്നനൊന്നുമായിരുന്നില്ല, അവനെ പഠിപ്പിക്കാൻ പണം സ്വരൂപിക്കുന്നതിക്കാൾ, എത്രയോ ബുദ്ധിമുട്ടായിരുന്നു അവനു പഠിക്കാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ..വിദ്യാഭ്യാസത്തിലൂടെയല്ലാതെ മറ്റൊന്നിനും അവരെ സ്വപ്നം കാണാനോ,അതിലൂടെ ജീവിതപരിതസ്ഥിതി മാറ്റിയെടുത്ത് ആ സമൂഹത്തിന്റെ പുനരുദ്ധാരണം നടത്താനോ സാധ്യമാവില്ലെന്നു കറിയച്ഛൻ ഉറച്ചു വിശ്വസച്ചിരിന്നു..അതെളുപ്പമാകണമെങ്കിൽ അവരിൽ നിന്നുതന്നെ വിദ്യാഭ്യാസവും കഴിവുമുള്ളവർ ഉണ്ടാകണം..അതിന്റെ പരിണിതഫലമായിരുന്നു രഘു..എന്തിനും ഏതിനും പരിഹാരം കാണാൻ കറിയാച്ചന് കഴിഞ്ഞിരുന്നു..പുരോഗമന ചിന്തയും, ശരിയായ ദീർഘവീക്ഷണവും, മനുഷ്യസ്നേഹിയും, പ്രകൃതി സ്നേഹിയുമൊക്കെയായിരുന്നു കറിയാച്ചൻ..
രഘു തിരുവനന്തപുരത്ത് കളക്ടറേറ്റിൽ ജോലി ചെയ്യുന്നു. അവന്റെ പെങ്ങന്മാരുടെ കുട്ടികളും, ചുറ്റുവട്ടത്തുള്ള പലക്കുട്ടികളും സ്കൂളിൽ പോകുന്നുണ്ട്..രഘുവിന്റെ സ്വാധീനം കൊണ്ട് അവരുട ജീവിതരീതിയും മാറിതുടങ്ങിയിട്ടുണ്ട്..എന്തിനും റെഡിയായി കറിയാച്ചനുമുണ്ട്.. രഘുരാജ് കറിയാച്ചനായി വാങ്ങിയ എഡ്‌ഡി ജാക്കുവിന്‍റെ പുസ്തകത്തിന്റെ പേര് മനസ്സിൽ വായിച്ചു,”ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ”… അവൻ അറിയാതെ ചിന്തിച്ചു പോയി..അത് കറിയാച്ചനല്ലേ…?. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..



