
കോഴിക്കോട്: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിപിഎൽ ആക്കി മാറ്റാൻ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്ത് 10 ആണ് അവസാന തീയതി. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് യൂസർ ഐഡിയും പാസ്വേഡും ഉണ്ടാക്കി അപേക്ഷ നൽകാം. അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിപിഎൽ കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചത്. 5600 അപേക്ഷയിൽ പകുതിയോളം പേർക്കാണ് ബിപിഎൽ കാർഡ് അനുവദിച്ചത്.
പുതിയ അപേക്ഷകരിൽ 30 മാർക്കും അതിൽ കൂടുതലും ലഭിക്കുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. 2009ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവരും പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരാണെന്ന് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയവർക്കും 20 മാർക്ക് ഈ നിബന്ധനപ്രകാരം ലഭിക്കും.
താഴെ പറയുന്ന വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയില്ലാതെ ബിപിഎൽ കാർഡിന് അർഹതയുണ്ട്. ഈ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ മാർക്ക് അടിസ്ഥാനത്തിൽ മുൻഗണനാ പ്രകാരമാണ് കാർഡ് അനുവദിക്കുക.
ആശ്രയ പദ്ധതി ഗുണഭോക്താക്കൾ, ആദിവാസി കുടുംബങ്ങൾ, അർബുദം, ഡയാലിസിസ്, അവയവമാറ്റം, എച്ച്ഐവി, വികലാംഗർ, ഓട്ടിസം, ലെപ്രസി,100 ശതമാനം ശരീരം തളർന്ന രോഗികൾ. വിധവ, അവിവാഹിത, വിവാഹമോചിത ഉൾപ്പെടെയുള്ള നിരാലംബർ കുടുംബനാഥ ആയുള്ള കുടുംബങ്ങൾക്കും ബിപിഎൽ കാർഡിന് അർഹതയുണ്ട്. എന്നാൽ ഈ കാർഡിൽ പ്രായപൂർത്തിയായ പുരുഷൻമാർ ഉൾപ്പെടരുത്. അർഹത സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷയുടെ കൂടെ നൽകണം.
അയോഗ്യതയുള്ളവർ
കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ, പൊതുമേഖല ജീവനക്കാർ, ആദായ നികുതി ദായകൻ, സർവീസ് പെൻഷണർ, ആയിരത്തിലധികം ചതുരശ്ര അടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രങ്ങളുള്ള വാഹനങ്ങളുള്ളവർ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ), ഡോക്ടർ, എൻജിനിയർ, അഡ്വക്കറ്റ്, ഐടി, നഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ.
കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ ഭൂമി (എസ്ടി വിഭാഗത്തിന് ബാധകമല്ല), 25,000 രൂപ പ്രതിമാസ വരുമാനം (എൻആർഐയുടേത് ഉൾപ്പെടെ) ഉണ്ടെങ്കിലും ബിപിഎൽ കാർഡിന് അർഹതയുണ്ടാവില്ല.
അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ
1–-ആശ്രയ വിഭാഗം: പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.
2–-ഗുരുതര മാരകരോഗങ്ങൾ: (ഡയാലിസിസ് ഉൾപ്പെടെ യുള്ളവയുടെ) ചികിത്സാരേഖകളുടെ പകർപ്പ്.
3–-പട്ടികജാതി /വർഗം: തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
4–-വിധവ ഗൃഹനാഥയാണെങ്കിൽ: വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ മുതലായവ.
5–-വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ: വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്.
6–-ബിപിഎൽ പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ: ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം.
7–-ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ: വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.



