ഉമ്മ വാരിക്കൊടുത്ത ചോറുണ്ട് പ്രവാസത്തിലേക്ക്, ദുബായില്‍ മരണം; നോവായി സക്കീറിന്റെ വിയോഗം

കോഴിക്കോട്: കഴിഞ്ഞ ദിവസം ദുബായില്‍ അന്തരിച്ച കോഴിക്കോട് വടകര മയ്യന്നൂര്‍ സ്വദേശി സക്കീറിന്റെ (46) അവസാനമായി ചിത്രീകരിച്ച വീഡിയോ നൊമ്പരക്കാഴ്ചയാവുന്നു.
ഒരുമാസത്തെ അവധിക്ക് നാട്ടില്‍ എത്തിയ സക്കീര്‍ മൂന്ന് ദിവസം മുന്‍പാണ് തിരിച്ച് ദുബായിലേക്ക് മടങ്ങിയത്. ഉമ്മ ഐഷു വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകന്‍ ഷഹബാസ് മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് വാട്‌സാപ്പിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച സക്കീറിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ദുബായില്‍ എത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീര്‍ എഴുന്നേല്‍ക്കാന്‍ വൈകി. തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ചെന്ന മൂത്തമകന്‍ മുഹ്സിന്‍ ആണ് സക്കീറിനെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീര്‍ മകനൊപ്പമാണ് ദുബായില്‍ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്



