
ഫറോക്ക്: പഴയ പാലത്തിലുണ്ടായ അപകടത്തിൽ റോഡിൽ വീണ മദ്യക്കുപ്പികൾ ഉപേക്ഷിച്ചു കടന്ന ലോറി സ്റ്റേഷനിൽ എത്തിക്കാൻ എക്സൈസിന്റെ സഹായം തേടി പൊലീസ്. കൊല്ലം ബവ്റിജസ് വെയർഹൗസിലേക്കാണ് മദ്യവുമായി ലോറി പോയതെന്നു സ്ഥിരീകരിച്ചതോടെയാണ് വാഹനം എത്തിക്കുന്നതിനു പൊലീസ് എക്സൈസിന്റെ സഹായം തേടിയത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ഡപ്യൂട്ടി കമ്മിഷണർ മുഖേന ഇതുസംബന്ധിച്ച കത്തു നൽകി. മദ്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ആവശ്യപ്പെട്ടു പൊലീസ് നൽകിയ കത്തിനു എക്സൈസ് മറുപടി നൽകി.പഞ്ചാബിലെ ഡിസ്റ്റിലറിയിൽ നിർമിച്ച ഇന്ത്യൻ നിർമിത വിദേശമദ്യമാണെന്നും പെർമിറ്റ് പ്രകാരമാണ് കൊല്ലത്തേക്കു കൊണ്ടുവന്നതെന്നും എക്സൈസ് ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്ത് പറഞ്ഞു.720 കെയ്സിന്റെ 3 പെർമിറ്റുകളാണ് ലോറിയിൽ കൊണ്ടുവരാൻ അനുവദിച്ചത്.ഇതുപ്രകാരം ഒരേ ഇനം മദ്യമാണെങ്കിൽ 375 മില്ലി ലീറ്ററിന്റെ 51840 കുപ്പികൾ വെയർഹൗസിൽ എത്തിക്കേണ്ടതുണ്ട്.ലോഡ് ഇറക്കി കണക്കെടുത്താൽ മാത്രമേ ഇതുസംബന്ധിച്ച വ്യക്തത വരൂ.അതേസമയം വെയർഹൗസിങ് ഗോഡൗണിൽ എത്തിച്ച മദ്യത്തിൽ എണ്ണം കുറവുള്ളതായി ഇതുവരെ എക്സൈസ് ഫറോക്ക് റേഞ്ച് ഓഫിസിൽ വിവരം ലഭിച്ചിട്ടില്ല. വെയർഹൗസിൽ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടറാണു ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകേണ്ടത്. റോഡിൽ നിന്നു കിട്ടിയ 965 കുപ്പി മദ്യം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ചു കോടതിയിൽ റിപ്പോർട്ട് നൽകും.കഴിഞ്ഞദിവസം പുലർച്ചെയാണു പഴയ പാലത്തിന്റെ ഫറോക്ക് കരയിലെ സുരക്ഷാ കമാനത്തിൽ ഉടക്കി ലോറിയിലെ അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ വീണത്. പിന്നാലെ എത്തിയ യാത്രക്കാർ അറിയിച്ചിട്ടും ലോറിക്കാർ നിർത്താതെ പോകുകയായിരുന്നു. നടുറോഡിൽ ആളില്ലാതെ കെയ്സ് കണക്കിനു മദ്യം കണ്ടതോടെ ഇതുവഴി വന്നവരെല്ലാം മദ്യക്കുപ്പികൾ കൈക്കലാക്കിയിരുന്നു. മദ്യക്കുപ്പികൾ റോഡിലേക്കു വീണിട്ടും ലോറി നിർത്താതെ പോയതിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല



