LOCAL NEWSNews

ജലോത്സവത്തിന് ജനസാഗരം; തിരക്കിലമർന്ന് തീരവും നാടും

ബേപ്പൂർ: ജലോത്സവം കാണാൻ ജനം തിര പോലെ ഒഴുകിയെത്തിയതോടെ ബേപ്പൂർ ബീച്ചിൽ തിക്കും തിരക്കുമായി. വൈകിട്ട് 6നു ശേഷം പ്രധാന റോഡിലും ബിസി റോഡിലും 3 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അനേകമാളുകൾ പാതിവഴിയിൽ തിരിച്ചു പോയി.സമാപന ദിനത്തിൽ തൈക്കൂടം ബ്രിജിന്റെ സംഗീത പരിപാടി ആസ്വദിക്കാൻ ഏറെ പേരും കുടുംബസമേതമാണ് എത്തിയത്. പുലിമുട്ട് റോഡിലും കടൽ പാതയിലും മറീനയിലും കാലുകുത്താൻ ഇടമില്ലാത്ത വിധം ജനത്തിരക്കായിരുന്നു. ജനങ്ങൾക്കു നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥ വന്നു. ഗതാഗതക്കുരുക്കു കാരണം മന്ത്രി പി.എ.മുഹമ്മദ് റിയാസിനു സമാപനസമ്മേളന സ്ഥലത്ത് എത്താനായില്ല. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നു സഞ്ചാരികൾ എത്തിയിരുന്നു. ഭക്ഷണ ശാലകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികളുമായി എത്തിയ പലരും ഭക്ഷണ സാധനങ്ങൾ കിട്ടാതെ വലഞ്ഞു. ജങ്കാറിൽ മറുകര എത്താൻ ഏറെനേരം കാത്തിരിക്കേണ്ടി വന്നു. സമീപവാസികളും ദുരിതത്തിലായി. തിരക്കു പ്രമാണിച്ചു ബീച്ചിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗതാഗതം നിലച്ച സ്ഥിതി വന്നതോടെ പൊലീസ് ഇടപെട്ടു വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ചെറുവണ്ണൂരിൽ നിന്നു ബിസി റോഡിലേക്ക് വാഹനങ്ങൾ കടത്തി വിട്ടില്ല. ഇതോടെ വാഹനങ്ങൾ മീഞ്ചന്ത ഒഎം റോഡ് വഴി എത്തിയതോടെ അവിടെയും ഗതാഗതക്കുരുക്കുണ്ടായി. തിരക്കിൽപ്പെട്ടു കുഴഞ്ഞു വീണവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു, വാഹനങ്ങൾ തിങ്ങി നിറഞ്ഞതു കാരണം പാർക്കിങ്ങിന് ഇടം കിട്ടാതെ ഒട്ടേറെ പേർ വഴിയിൽ അകപ്പെട്ടു. ചിലർ കാറുകൾ റോഡരികിൽ നിർത്തി പോയത് കുരുക്ക് രൂക്ഷമാക്കി. മേള കാണാൻ എത്തിയ കുട്ടികളിൽ ചിലർ കൂട്ടം തെറ്റി പോയതും ഏറെ പ്രയാസം സൃഷ്ടിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com