
കോഴിക്കോട് നഗരസഭയുടെ കീഴിലുളള ചെറുവണ്ണൂർ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടുത്തം ഉണ്ടാകാതിരിക്കാനും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനുമുള്ള ഭീഷണി ഒഴിവാക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ജില്ലാ കലക്ടർ ഉത്തരവിറക്കി.
മാലിന്യ സംസ്കരണ കേന്ദ്രത്തിനു ചുറ്റും അഗ്നി ശമനയുടെ വാഹനങ്ങൾ വിന്യസിക്കുന്നതിന് സൗകര്യമൊരുക്കും. വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഏകദേശം 5 മീറ്റർ വീതിയിൽ സൗകര്യം ഒരുക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാലിന്യ കൂമ്പാരത്തിന്റെ ഉയരം പരമാവധി 6 മീറ്ററിൽ തന്നെ നിജപ്പെടുത്തണം. മാലിന്യ കൂമ്പാരങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്നര മീറ്റർ വീതിയിൽ അകലവും നൽകേണ്ടതാണ്. ഓരോ മാലിന്യ കൂമ്പാരവും സെഗ്രിഗേറ്റ് ചെയ്ത് നിർത്തേണ്ടതാണ്. സെഗ്രിഗേറ്റ് ചെയ്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ നടുവിലായി 5 മീറ്റർ വീതിയിൽ അഗ്നി ശമനവാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
വെള്ളം പമ്പ് ചെയ്യുന്നതിനു ഫിക്സഡ് ഫയർ ഫൈറ്റിംഗ് ഇൻസ്റ്റലേഷൻ, അണ്ടർ ഗ്രൗണ്ട് ടാങ്ക്, ഇലക്ട്രിക് പമ്പ് ,ഡീസൽ പമ്പ്, എന്നിവ സ്ഥാപിക്കുകയും ചുറ്റിലും ഹൈഡർ ലൈൻ സ്ഥാപിക്കുകയും വേണം. സ്പിംഗ്ളർ ലൈൻ കൊടുക്കുന്നത് അപകട ഘട്ടങ്ങളിൽ വളരെ ഫലപ്രദമായിരിക്കും.ചൂട് കൂടുന്ന ഘട്ടങ്ങളിൽ മാലിന്യ കൂമ്പാരം നനയ്ക്കാൻ ഇതുവഴി സാധിക്കും.
തീ പിടുത്തം തുടക്കത്തിലെ കണ്ടെത്തുന്നതിനും അനധികൃതമായി ആളുകൾ പ്ലാന്റുകളിലേക്ക് കടക്കുന്നത് തടയുന്നതിനും വേണ്ട നടപടികൾ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് സ്വീകരിക്കേണ്ടതാണെന്നും കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ചെറുവണ്ണൂർ, ഞെളിയൻ പറമ്പ് ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനിടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും പരിശോധന നടത്തേണ്ടതാണെന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. മേൽപറഞ്ഞ കാര്യങ്ങൾ കാര്യക്ഷമമാണോ എന്ന് ഫയർ ആൻഡ് റസ്ക്യു പരിശോധിക്കേണ്ടതാണെന്നും കലക്ടർ നിർദ്ദേശിച്ചു.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ സംബന്ധിച്ച് ജില്ലാ ഫയർ ഓഫീസർ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

