
കോഴിക്കോട്: എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ടെന്നും കമൽഹാസൻ. സിനിമയിലെ എഴുത്തുകൾ ജനാധിപത്യപരവും ശക്തവുമാകണമെന്ന് എപ്പോഴും തിരക്കഥാകൃത്തുക്കളോട് പറയാറുണ്ട്.
അത് ഈ തലമുറയിലേക്കും പരിവർത്തനം ചെയ്തുവരികയാണ്. അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററെച്ചർ ഫെസ്റ്റിൽ “വേഡ് റ്റു സിനിമ’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറു വർഷത്തെ ഇന്ത്യൻ സിനിമാ പാരമ്പര്യത്തിൽ 63 വർഷം തുടരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമൽ പറഞ്ഞു. ഇനിയും പ്രേക്ഷക പിന്തുണയോടു കൂടി ശ്വാസം നിലയ്ക്കും വരെ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു എഴുത്തുകാരനും നടനും എന്ന നിലയിൽ രണ്ടിനെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് അത് എണ്ണയും വെള്ളവും പോലെയാണ് ഒരിക്കലും ചേരില്ല പക്ഷെ താൻ അത് രണ്ടിന്റെയും വേവിച്ച രൂപമാണെന്ന് കമൽ അഭിപ്രായപ്പെട്ടു.
മലയാള സിനിമയും ഇപ്പോൾ കന്നട സിനിമയും ലോകത്തിന്റെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ കണ്ട് വളർന്ന തനിക്ക് സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് ഇവിടെ വരുമ്പോൾ കിട്ടുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ഹേ റാം. തന്നെ പോലെ ഒരു നടനാവണമെന്ന് മറ്റുള്ളവർ പറയുന്ന തരത്തിൽ തനിക്ക് അഭിനയിക്കണം. അതാണ് ഒരു നടന്റെ വിജയമെന്നും കമൽ കൂട്ടിച്ചേർത്തു. കമൽഹാസനോടൊപ്പം എഴുത്തുകാരായ സക്കറിയ, ജയമോഹൻ, സി.എസ്. വെങ്കിടേശ്വരൻ എന്നിവരും പങ്കെടുത്തു.



