
തിരുവമ്പാടി: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി തിരുവമ്പാടി പോലീസിന്റെ പിടിയില്‍.തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്പാടി എസ്.ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുവെച്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ തട്ടിപ്പുനടത്തിയതായി തിരുവമ്പാടി പോലീസില്‍ ലഭിച്ച പരാതിയിന്മേലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയില്‍ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്.കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയില്‍നിന്ന് കോടികള്‍ കൈപ്പറ്റി ആഡംബരജീവിതം നയിക്കുകയായിരുന്നു.പ്രിയങ്കയുടെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, കടവന്ത്ര ഉള്‍പ്പെടെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.



