
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുതിര പൊയില്‍ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറോള്ളടത്തില് കരുണന് എന്നയാളെ പന്നി ആക്രമിച്ചെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മൊകേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ കാട്ടുപന്നി ആക്രണമുണ്ടായത്. ചങ്ങരംകുളത്തെ വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് അനിതയെ പന്നി ആക്രമിച്ചത്. ശേഷം ഓടിപ്പോയ പന്നി മൊകേരി ഗവണ്മെന്റ് കോളജിന് സമീപത്തുവച്ച് രജീഷിനെ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനാല്‍ വനംവകുപ്പ് നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



