
മാവൂർ : മഴയെത്തുടർന്ന് പെരുവയൽ-ചാത്തമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെട്ടിക്കടവിലേയും മാവൂർ-ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപാലത്തെയും താത്കാലിക നടപ്പാലങ്ങൾ വെള്ളത്തിൽ മുങ്ങി.മുഴാപാലത്തെ നടപ്പാലം ഒലിച്ചുപോയതോടെ നാട്ടുകാർചേർന്ന് യഥാസ്ഥാനത്ത് കെട്ടി ഉറപ്പിക്കുകയായിരുന്നു.
രണ്ടുവർഷത്തോളമായി മുഴാപാലത്തെ പഴയ പാലം പൊളിച്ചിട്ട്. ഇതുവരെ നിർമാണം പൂർത്തിയായിട്ടില്ല. ആദ്യ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ പ്രകാരം കരാർ നൽകുകയും ചെയ്തെങ്കിലും പ്രവൃത്തി തുടങ്ങിയില്ല.
ഗവ. ആർട്സ് കോളേജ്, എൻ.ഐ.ടി, കുന്ദമംഗലം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ് ഈ പാലം. വെള്ളനൂർ, വിരുപ്പിൽ ഭാഗങ്ങളിലെ വിദ്യാർഥികളടക്കമുള്ളവർ ബസ് യാത്രയ്ക്ക് ചെട്ടിക്കടവിലേക്ക് പോകുവാനുള്ള ഏക ആശ്രയമാണ് ഈ പാലം.



