കാലവർഷക്കെടുതി നേരിടാൻ സജ്ജം: മുക്കം നഗരസഭാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു.

മുക്കം:വരാനിരിക്കുന്ന കടുത്ത കാലവർഷത്തെയും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധസേനാംഗങ്ങളുടെയും സംയുക്തയോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി,വകുപ്പുകളിലെ ഉദ്യോഗസ്ഥരം നഗരസഭാ ആരോഗ്യ, റവന്യു എഞ്ചിനീയറിംഗ് വകുപ്പ് മേധാവികളും വിവിധ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.
നഗരസഭയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ദുരന്ത നിവാരണ സെല്‍ ഉടൻ പ്രവർത്തനമാരംഭിക്കും. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിക്കും. പ്രകൃതിക്ഷോഭമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നഗരസഭയ്ക്ക് കീഴിലുള്ള സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകളും മുൻകൂട്ടി കണ്ടെത്തി സജ്ജീകരിക്കാൻ തീരുമാനിച്ചു. ഇവിടെ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തും. പൊതുവഴികളിലും സ്കൂൾ പരിസരങ്ങളിലും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധനടപടികള്‍ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാല്‍ നന്ദിയും പറഞ്ഞു.



