
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ തേവർ മല – കാഞ്ഞിലാട് പുനർ നിർമ്മിച്ച സടക്ക് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് നിർവഹിച്ചു. വർഷങ്ങൾക്കു മുമ്പ് ഉരുൾപൊട്ടലിൽ തകർന്ന ഈറോഡ് കഴിഞ്ഞവർഷം മെയിന്റനൻസ് നടത്തിയെങ്കിലും വീണ്ടും സൈഡ് കെട്ട് ഇടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനാൽ പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കുകയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റും, സൈഡ് കോൺക്രീറ്റ് വാളും നിർമ്മിച്ചിട്ടുള്ളത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ ശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി,വാർഡ് മെമ്പർമാരായ ഷാജു തേന്മല, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവരും, അബൂബക്കർ മൗലവി, ജോർജ് മൂഴിക്കച്ചാലിൽ, പോൾ റ്റി ഐസക് എന്നിവർ പങ്കെടുത്തു.



