വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്തെ ക്ലബ്ബിനായി കളിച്ചോ..?; പ്രചാരണം തള്ളി അധികൃതര്‍

കോഴിക്കോട്: ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ ലോക വമ്പൻമാരായ ബ്രസീലിനെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് കാമറൂൺ. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ബ്രസീലിന്റെ ഗോൾവല കുലുക്കിയ കാമറൂൺ നായകൻ വിൻസെന്റ് അബൂബക്കറാണ് ഇപ്പോൾ ഫുട്ബോൾ ചർച്ചാവേദികളിലെ താരം. ഇതിനിടെ വിൻസെന്റ് അബൂബക്കർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനടക്കം കേരളത്തിലെ ക്ലബ്ബുകളിൽ കളിച്ചിരുന്നുവെന്ന പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം നടത്തുന്നത്.എന്നാൽ ഇത് നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതർ. വിൻസെന്റ് അബൂബക്കർ തങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ലെന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജർ അഷ്റഫ് ബാവുക്ക പറഞ്ഞു.

‘ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിൻസെന്റ് അബൂബക്കർ ഞങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവൻസ്ഫുട്ബോൾ കോർഡിനേഷനുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. കേരളത്തിലെവിടേയും ഇയാൾ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരിൽ അത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ അഷ്റഫ് പറഞ്ഞു.ബ്രസീലിനെതിരെ വിൻസെന്റ് അബൂബക്കർ നേടിയ ഏക ഗോളിനാണ് കാമറൂൺ അട്ടിമറി ജയം നേടിയത്. ഗോളടിച്ചതിന് പിന്നാലെ ജേഴ്സിയൂരിയതോടെ രണ്ടാം മഞ്ഞകാർഡും അതുവഴി ചുവപ്പുകാർഡും കണ്ട അബൂബക്കറിന് പുറത്ത് പോകേണ്ടി വന്നിരുന്നു.


