ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

അതിജീവനം…. 4.

റസീന ഒരു പെൺകുട്ടിക്ക് ജന്മം നൽകി..സുഖപ്രസവമായിരുന്നു..പ്രസവിച്ചയുടൻ കുഞ്ഞിനെ കാണാൻ ചെന്ന കബീർ കുഞ്ഞിനെ കണ്ടതിനുശേഷം ഒരു പൂച്ചക്കുട്ടിയെ പോലെയുണ്ട് എന്ന് പറഞ്ഞ് കുഞ്ഞിനെ തൊടാതെ മാറിനിന്നു..

കൊടിയ വേദന അനുഭവിച്ചാണെങ്കിലും താൻ ഒരു അമ്മയായി എന്നത് റസീനയെ സന്തോഷിപ്പിച്ചു..

അതിലുപരി അവളെ സന്തോഷിപ്പിച്ചത് തന്റെ ഭർത്താവ് ഒരു ഷണ്ഡനല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ്..

രണ്ടുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം റസീനയും കുഞ്ഞും വീട്ടിൽ തിരിച്ചെത്തി..

കബീർ കുഞ്ഞിനെ ഇഷ്ടപ്പെട്ടു തുടങ്ങി..

ഇരുപതിയെട്ടിന് കുഞ്ഞിന്റെ മുടി കളയൽ ചടങ്ങ് തീരുമാനിച്ചു..

ബാർബറിനെയും ഒരു മുസ്ലിയാരെയും വിളിച്ച് ആ ചടങ്ങ് നടത്താം എന്ന് പറഞ്ഞ ഉപ്പയോടും ഉമ്മയോടും അത് പോരാ ഞങ്ങളുടെ ഈ മോൾക്കും മറ്റ് കുട്ടികളെ പോലെ അയൽക്കാരെയും മറ്റ് വേണ്ടപ്പെട്ടവരെയും വിളിച്ച് അവർക്കെല്ലാം ഒരു നേരത്തെ ആഹാരം കൊടുത്ത് വേണമെന്ന് റസീന നിർബന്ധം പിടിച്ചു..

കുഞ്ഞമ്മദ്ക്കയുടെ വരുമാനത്തിൽ മാത്രം ജീവിച്ചിരുന്ന ആ കുടുംബത്തിന് റസീനയുടെ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും സാമ്പത്തിക ഞെരുക്കം ഉണ്ടാക്കിയിരുന്നു..

കൃഷിക്കാരനിലെ കേശവൻ നായരെ പോലെയും പൊന്തൻ മാടയിലെ മാടയെ പോലെയും തീർത്തും അന്തർമുഖനായ കുഞ്ഞമ്മദ്ക്ക ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാനോ കാശോ മറ്റോ കടം ചോദിക്കാനോ അറിയാത്ത ഒരാളായിരുന്നു..

റസീന അവളുടെ കല്യാണത്തിന് ആരൊക്കെയോ കൊടുത്ത സ്വർണ്ണത്തിൽ നിന്ന് രണ്ട് വളയെടുത്ത് വിറ്റ്, കുഞ്ഞിന് അരയിൽ കെട്ടാനും കഴുത്തിലണിയാനും തട്ടാനെ കൊണ്ട് ഉണ്ടാക്കിപ്പിച്ച്, ബഷീർ ഹാജിയെയും അവളുടെ പ്രിയപ്പെട്ട അധ്യാപകനായ അബ്ദുറഹിമാൻ സാറിനെയും അവൾ ജനിച്ചുവളർന്ന നാട്ടിൽ അവളെ കുഞ്ഞും നാൾ മുതലേ സ്നേഹത്തോടെ പരിപാലിച്ചിരുന്ന പ്രായം ചെന്ന അവിടുത്തെ പള്ളിയിലെ മൊല്ലാക്കയെയും വേലായുധൻ സാറിനെയും സരോജിനി ടീച്ചറെയും അയൽക്കാരെയും ബന്ധുക്കളെയും ക്ഷണിച്ച് ഗംഭീരമായി തന്നെ ആ ചടങ്ങ് നടത്തി..

ആരോരുമില്ലാത്ത ഒരു അനാഥയായ തന്റെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ അന്വേഷിക്കാതെ, തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആൾ മാനസിക വൈകല്യമുള്ള ആളാണ് എന്നോ പറയാതെ തന്റെ വിവാഹം നടത്തിയ ബഷീർ ഹാജിയെ പോലെയുള്ള ആളുകളുടെ മുമ്പിൽ പരാജയപ്പെടാൻ താൻ തയ്യാറല്ല എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി കൂടിയായിരുന്നു അവൾ ആ ചടങ്ങിന് എല്ലാവരെയും ക്ഷണിച്ചത്..

താൻ വളർന്ന പോലെ തന്റെ കുഞ്ഞ് വളരാൻ പാടില്ല എന്നും അവൾ ആഗ്രഹിച്ചു..

ആയിഷ അമാന എന്ന് പേര് നൽകിയതും റസീന തന്നെയായിരുന്നു..

അത്തരത്തിലുള്ള പുതുമയുള്ള പേരുകളോ രണ്ടുപേരുകൾ ചേർത്തോ ആ കാലത്ത് ആരും കുട്ടികൾക്ക് പേരിട്ടിരുന്നില്ല..

അവൾ മുമ്പെങ്ങോ വായിച്ച അറേബ്യൻ കഥകളിൽ നിന്ന് അവൾ തിരഞ്ഞെടുത്ത രണ്ടു പേരുകളാണത്..

തന്റെയും തന്റെ ഭർത്താവിന്റെയും, റസീന, കബീർ എന്ന പേര് പോലെ ഒരു പേര് മാത്രം പോരാ തന്റെ മകൾക്ക് എന്ന് അവളെ ചിന്തിപ്പിച്ചത് അവൾ ഒമ്പതാം ക്ലാസിൽ പഠിച്ച ബുക്കർ ടി വാഷിംഗ്ടന്റെ ജീവിതത്തിലെ ഒരേടാണ്..

രണ്ടാം പേരില്ലാതെ കുട്ടിയെ സ്കൂളിൽ ചേർത്താൻ പറ്റില്ല എന്ന് അധികാരി പറഞ്ഞപ്പോൾ, അതിന് പോംവഴിയായി ബുക്കറിന്റെ മുത്തശ്ശി ബുക്കറിനെ ചെറുപ്പത്തിൽ വിളിച്ചിരുന്ന ടെലിഫറോ എന്ന പേര് രണ്ടാം പേരായി ചേർക്കുകയായിരുന്നു..

കബീർ മോളെ നിലത്ത് വെക്കാതെയായി..

ദിവസങ്ങൾ പലതും കടന്ന് കടന്നുപോയി..

ഉപ്പയുടെ വരുമാനത്തിൽ മാത്രം ജീവിക്കാൻ കഴിയില്ല എന്ന് റസീന മനസ്സിലാക്കി..

റസീന കബീറിനെ സ്നേഹിച്ച് തന്റെ അടിമയാക്കി..

അവള് പറഞ്ഞാൽ അവൻ എന്തും ചെയ്യും എന്ന് റസീനക്ക് മനസ്സിലായി..

റസീന രണ്ടുമാസമായ കുഞ്ഞിനെയും കൊണ്ട് ഏക്കർ കണക്കിന് കൃഷി സ്ഥലമുള്ള സരോജിനി ടീച്ചറുടെ വീട്ടിൽ പോയി അവരുടെ പറമ്പിൽ എന്തെങ്കിലും പണിയുണ്ടെങ്കിൽ കബീറിന് കൊടുക്കണം എന്ന് പറഞ്ഞു..

അത് കേട്ട് സരോജിനി ടീച്ചർ,

“മോളെ, ഞങ്ങൾ പറമ്പിൽ തേങ്ങയും അടക്കയും ഇടുമ്പോൾ അത് പെറുക്കി കൂട്ടാനായി കബീറിനെ ഏൽപ്പിക്കുമായിരുന്നു. കുറച്ചുനേരം അത് ചെയ്ത് അവൻ തിരിച്ചു പോകും. തെങ്ങിന്റെയോ കവുങ്ങിന്റെയോ തടം വെട്ടി പുല്ലും മറ്റ് കളകളും ഒഴിവാക്കാൻ പറഞ്ഞാൽ, അവൻ അതിന്റെ കൂടെ മാവിൻ തൈകളും പ്ലാവിൻ തൈകളും പിഴുത് കളയുമായിരുന്നു. അവന് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല, പിന്നെയെങ്ങനെയാണ് അവന് എന്തെങ്കിലും ജോലി കൊടുക്കുന്നത്?”..

അത് കേട്ട് റസീന പറഞ്ഞു,

“നിങ്ങൾ അദ്ദേഹത്തിന് ജോലി കൊടുക്കേണ്ട, എനിക്ക് തന്നാൽ മതി. ഞാൻ അദ്ദേഹത്തെക്കൊണ്ട് ആ ജോലികളെല്ലാം ചെയ്യിപ്പിച്ചോളാം”..

നാളെ തേങ്ങയിടാൻ ആള് വരുന്നുണ്ടെന്നും തേങ്ങ പെറുക്കി കൂട്ടാനും, മടലും മറ്റും വെട്ടി തെങ്ങിന്റെ തടത്തിൽ ഇടാനും സരോജിനി ടീച്ചർ റസീനയോട് പറഞ്ഞു..

പിറ്റേന്ന് രാവിലെ തന്റെ കൈക്കുഞ്ഞിനെയും തോളിലേറ്റി കബീറിനെയും കൊണ്ട് റസീന സരോജിനി ടീച്ചറുടെ പറമ്പിൽ ചെന്നു..

തെങ്ങുകയറ്റക്കാരൻ ഗോപാലൻ ഇട്ടുകൊണ്ടിരിക്കുന്ന തേങ്ങ ഒരിടത്ത് കൂട്ടിവെക്കാൻ കബീറിനോട് റസീന പറഞ്ഞു..

കബീർ അതെല്ലാം വീടിന്റെ മുറ്റത്ത് ഒരു മൂലയിൽ പെറുക്കി കൂട്ടിയിട്ടുക്കൊണ്ടിരുന്നു..

ഒന്നര രണ്ടു മണിക്കൂർ ആയിക്കാണും “ഇനി നാളെ ചെയ്യാം” എന്ന് പറഞ്ഞ് കബീർ ജോലി നിർത്തി പോകാൻ ഒരുങ്ങി..

റസീന വളരെ സ്നേഹത്തോടെ കബീറിനെ ശാസിച്ചു..

“ഇത് മുഴുവൻ കഴിഞ്ഞിട്ടേ നമുക്ക് പോകാൻ പറ്റൂ, നിങ്ങൾക്ക് കുടിക്കാൻ വെള്ളമോ മറ്റോ വേണമെങ്കിൽ ഞാൻ കൊണ്ടുത്തരാം”..

“എന്നാൽ എനിക്ക് വെള്ളം വേണം” എന്ന് പറഞ്ഞ് കബീർ വീണ്ടും ജോലി തുടങ്ങി..

റസീനയ്ക്ക് ഭാരപ്പെട്ട ജോലികൾ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു..

അവളുടെ വീട്ടുകാരും സരോജിനി ടീച്ചറും അത് നിർബന്ധമായും ചെയ്യരുതെന്ന് പറയുകയും ചെയ്തിരുന്നു..

പറമ്പിൽ ഒരു മരത്തണലിൽ ഇരുന്ന് റസീനയും കബീറും ഒരുമിച്ച് പ്രാതൽ കഴിച്ചു..

“നിങ്ങളുടെ ഉപ്പ അധ്വാനിച്ചിട്ടാണ് നിങ്ങളെയും നിങ്ങളുടെ സഹോദരങ്ങളേയും തീറ്റിപ്പോറ്റുന്നതും പഠിപ്പിക്കുന്നതും നിങ്ങൾക്കു വേണ്ടതെല്ലാം ചെയ്തു തരുന്നതും, അതുപോലെ നമ്മുടെ മോൾക്ക് വേണ്ടതെല്ലാം നിങ്ങൾ തന്നെ ജോലിയെടുത്ത് വാങ്ങിക്കൊടുക്കണം”..

റസീന ഒരു രക്ഷിതാവ് തന്റെ മക്കളോട് പറയുന്നതുപോലെ കബീറിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊണ്ടിരുന്നു..

“അതിന് ആരും എനിക്ക് പണി തരാത്തത് കൊണ്ടല്ലേ?”..

ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൻ പറഞ്ഞു..

“നിങ്ങൾ നന്നായി പണിയെടുത്താൽ പണിയൊക്കെ ആരും തരും, കുറച്ച് എടുത്തിട്ട് ഇട്ടേച്ച് പോകാനൊന്നും പറ്റില്ല. മുഴുവനായി ചെയ്തു തീർക്കണം, എങ്കിലേ ആളുകൾ പണി തരൂ “..

റസീന പലതും പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ചു..

ഉച്ചയൂണും കഴിഞ്ഞ് നാലുമണിയോടുകൂടി അന്നത്തെ ജോലി തീർത്തു..

ജോലി ഭംഗിയായി ചെയ്തത് കണ്ട് വേലായുധൻ സാറും സരോജിനി ടീച്ചറും റസീനയെ അഭിനന്ദിച്ചു..

ജീവിതത്തിൽ അന്ന് ആദ്യമായി കബീർ ഒരു ദിവസം മുഴുവൻ ജോലി ചെയ്ത് കൂലി വാങ്ങി..

ആദ്യമൊക്കെ എന്തെങ്കിലും ജോലി ചെയ്തിട്ടോ ആരെങ്കിലും കൊടുക്കുന്നതോ ആയ പൈസ ഒരു രൂപ പോലും ചെലവാക്കാതെ കബീർ അവന്റെ ഉപ്പയെ ഏൽപ്പിക്കുമായിരുന്നു..

ഇന്നവൻ അതെല്ലാം റസീനയെ ഏൽപ്പിച്ചു..

റസീന വീട്ടിലെത്തി ആ പൈസ ഉപ്പയുടെ നേരെ നീട്ടിയെങ്കിലും ഉപ്പ അത് അവളോട് തന്നെ കയ്യിൽ വെക്കാൻ പറഞ്ഞു..

അതിൽനിന്ന് കുറച്ചു പൈസ കബീറിന് കൊടുത്ത് റസീന അവനോട് പറഞ്ഞു..

“ഇത് നിങ്ങൾക്ക് ചായ കുടിക്കാനും മറ്റെന്തെങ്കിലും വേണമെങ്കിൽ വാങ്ങാനും ഉള്ളതാണ്. ഇനിമുതൽ ആരെങ്കിലും ചായയോ കാപ്പിയോ അങ്ങനെ എന്തെങ്കിലും വാങ്ങി തന്നാൽ അത് കുടിക്കാൻ നിൽക്കാതെ വേണ്ട എന്ന് പറയണം”..

“നിങ്ങളും ഒരു ആണല്ലേ?, ആരെങ്കിലും വാങ്ങിത്തരുന്നതൊക്കെ ഒരു കൂസലുമില്ലാതെ തിന്നാനും കുടിക്കാനും നിങ്ങൾക്ക് നാണമാവില്ലേ?”..

റസീന എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവളുടെ പ്രവർത്തികളെല്ലാം..

അവൾ അവളുടെ ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ചു..

തന്റെ ഭർത്താവ് ആരുടെ മുമ്പിലും തലകുനിക്കാതെ ജീവിക്കണം എന്നവൾ ആഗ്രഹിച്ചു..

ഒരു കാര്യം റസീന മനസ്സിലാക്കി.

താൻ നിർബന്ധിച്ചാൽ, തനിക്കും മോൾക്കും വേണ്ടി, തന്റെ ഭർത്താവ് എന്ത് ജോലിയും ചെയ്യും എന്ന്..

മൂന്നാല് ദിവസത്തെ ജോലി ഉണ്ടായിരുന്നു അവിടെ, അതെല്ലാം റസീന കബീറിനെ കൊണ്ട് ചെയ്യിപ്പിച്ചു..

റസീനയ്ക്ക് കൈക്കുഞ്ഞിനെയും കൊണ്ട് പോകാൻ പറ്റുന്നിടത്തൊക്കെ കബീറിനെ കൊണ്ടുപോയി ജോലിയെടുപ്പിച്ചു..

ചെയ്യുന്ന ജോലി ഭംഗിയായിരിക്കണം എന്ന് റസീനയ്ക്ക് നിർബന്ധമുള്ളത് കൊണ്ട് ഓരോന്നും എങ്ങനെ ചെയ്യണം എന്ന് റസീന കബീറിനെ കൊണ്ട് ചെയ്യിപ്പിച്ചു..

കബീർ ജോലിയെടുത്ത്‌ കിട്ടുന്ന കാശ് കൊണ്ട് റസീന വീട്ടിലെ ചിലവും മറ്റും നടത്തി..

ഇന്ന് ജീവിച്ചു കൊണ്ടായിരിക്കണം നാളത്തേക്ക് സമ്പാദിക്കേണ്ടത് എന്ന് റസീന മനസ്സിലാക്കിയിരുന്നു..

ജീവിതം സന്തോഷമായി പോയിക്കൊണ്ടിരുന്നു..

കബീർ റസീനയെയും മകളെയും ചുറ്റിപ്പറ്റി നടന്നു..

എവിടെ പോകുമ്പോഴും അവൻ മകളെയും കൊണ്ടുപോയി..

അങ്ങാടിയിൽ അവൻ മകളെയും എടുത്ത് കൊണ്ട് പോയി “എന്റെ മോളാണ്” എന്ന് അഭിമാനത്തോടെ പറഞ്ഞുനടന്നു..

മറ്റാരെയും മകളെ തൊടാൻ അവൻ അനുവദിച്ചില്ല..

മോൾക്ക് അഞ്ചുമാസം പ്രായമായി..

ആര് കണ്ടാലും ഒന്നെടുക്കാനും ഉമ്മ വെക്കാനും തോന്നുന്ന ഒരു മാലാഖ കുട്ടിയെ പോലെ സുന്ദരിയായിരുന്നു അവൾ.

മധ്യവയസ്കനായ ഇസ്മായിൽ അവര് താമസിക്കുന്ന പാടിയിലെ ഒരു താമസക്കാരനാണ്..

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന അയാൾ, ഭാര്യയെയും മക്കളെയും ഒഴിവാക്കി ഒറ്റയ്ക്കാണ് താമസിക്കുന്നത്..

ഒരു ദിവസം കബീർ തന്റെ കുഞ്ഞിനെയും കൊണ്ട് അങ്ങാടിയിൽ പോയപ്പോൾ നന്നായി മദ്യപിച്ചിരുന്ന ഇസ്‌മായിൽ കുഞ്ഞിനെ എടുക്കാനായി കൈ നീട്ടി..

കബീർ തന്റെ കുഞ്ഞിനെ തൊടാൻ അനുവദിക്കാതെ കോപപെട്ട് അവിടെനിന്ന് ധൃതിയിൽ നടന്ന് നീങ്ങവേ ഇസ്മായിൽ “ഇത് നിന്റെ മോള് തന്നെയാണോ” എന്ന് ഉച്ചത്തിൽ കളിയാക്കി ചോദിച്ചു..

കബീറിന് അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് പോയി..

ഇസ്മായിലിന്റെ വർത്തമാനം കേട്ട് അവിടെ കൂടിയിരുന്ന ഇസ്മായിലിനോട് ദേഷ്യമുണ്ടായിരുന്ന പോക്കർക്കയും രവിയേട്ടനും ഇസ്മായിലിനെ വഴക്ക് പറഞ്ഞു..

ഇസ്മായിൽ തിരിച്ച് അവരെയും തെറിയും വഴക്കും പറഞ്ഞു..

ഇസ്മയിൽ പറഞ്ഞു ജയിക്കാൻ വേണ്ടി റസീനയുടെ ഉമ്മ അവളെ പിഴച്ച് പെറ്റതും, കല്യാണം കഴിഞ്ഞ് രണ്ടുമാസം വരെ കബീർ അവളെ തൊട്ടിരുന്നില്ല എന്ന് പറഞ്ഞ അവൾ മൂന്നാം മാസം ഗർഭിണിയായതും, അതെങ്ങനെ ശരിയാകും എന്നൊക്കെ പറഞ്ഞ് അവൻ അവനെ ന്യായീകരിക്കാൻ ശ്രമിച്ചു..

റസീന പിന്നെയും ചർച്ചാവിഷയമായി..

സ്വന്തം ബാപ്പയെ തല്ലിയാൽ പോലും രണ്ടുപക്ഷവും ചേർന്ന് സംസാരിക്കുന്ന മനുഷ്യർക്കിടയിൽ റസീനയെ പറ്റി ഇസ്മായിൽ പറഞ്ഞതിലും എന്തോ കഴമ്പുണ്ട് എന്ന രീതിയിൽ ചിലർ സംസാരിച്ചു..

എന്തിനെപ്പറ്റിയും നല്ലത് പറഞ്ഞാൽ കേൾക്കാൻ വിമുഖത കാണിക്കുന്ന ആളുകൾ, കെട്ടത് കേൾക്കാൻ കാത് കൂർപ്പിക്കും..

അത് ഒരു പെണ്ണിന്റെ അവിഹിതമാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ?..

ആരോരും പറയാനോ ചോദിക്കാനോ ഇല്ലാത്ത ഒരാളാകുമ്പോൾ ആ സംസാരം വ്യാപിച്ചുകൊണ്ടിരിക്കും..

ഇസ്മായിലിന്റെ വർത്തമാനം കേട്ട് മിണ്ടാതെ പോന്ന കബീറിനെ അവന്റെ പത്താം ക്ലാസുകാരനായ അനിയൻ വഴക്ക് പറഞ്ഞു..

തന്റെ അനിയന്റെ ആ പ്രവർത്തി റസീനയെ ആശ്വസിപ്പിച്ചു..

തന്റെ ഭർത്താവിനോ ഭർത്താവിന്റെ ഉപ്പയ്ക്കോ ആരോടും ഒന്നിനോടും പ്രതികരിക്കാനാവില്ല എന്ന് റസീനക്കറിയാമായിരുന്നു..

തന്റെ മകളുടെ ജന്മത്തോടെ അപ്രത്യക്ഷമായ കാമകണ്ണുകൾ വീണ്ടും തന്റെ നേരെ വരുമോ എന്ന് അവൾ ഭയപ്പെട്ടു..

മറ്റെന്തിനേക്കാളും അവൾ ഭയപ്പെട്ടിരുന്നത് അതായിരുന്നു..

ആയിഷയെ ഗർഭം ധരിച്ചത് അപ്രതീക്ഷമായിരുന്നെങ്കിലും, അവളുടെ ജനനത്തോടെ ഗർഭധാരണം എങ്ങനെയെല്ലാം നിയന്ത്രിക്കാം എന്ന് റസീന മനസ്സിലാക്കിയിരുന്നു..

നിർഭാഗ്യവശാൽ അവളുടെ ഭർത്താവിന്റെ പങ്കുകൂടി റസീനയായിരുന്നു നിറവേറ്റിയത്..

വളരെ പെട്ടെന്ന് താൻ ഒരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വളരെ മോശമാകുമെന്ന് റസീനയ്ക്ക് അറിയാമായിരുന്നു..

തന്റെ ജനനം മുതൽ മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിച്ച അവൾക്ക് ദാരിദ്ര്യം ഒരു പ്രശ്നമായി തോന്നിയില്ല..

അവൾ തീരുമാനിച്ചു..

വീണ്ടും ഗർഭം ധരിക്കാൻ..

അഞ്ചുമാസം പ്രായമുള്ള ആയിഷയുടെ ഉമ്മയായ റസീന വീണ്ടും ഗർഭിണിയായി…

                                            തുടരും... കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം
Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com