
കാരശ്ശേരി ∙ പഞ്ചായത്ത് ഓഫിസിൽ എത്തുന്ന എല്ലാവർക്കും ചായയും ലഘു കടിയും വിതരണം ചെയ്യുന്ന ‘സ്നേഹപൂർവം കാരശ്ശേരി പഞ്ചായത്ത്’ പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, സുമനസ്സുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണു പദ്ധതി. പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ചായ കുടിക്കാൻ പുറത്തു പോകേണ്ട ആവശ്യം ഉണ്ടാകില്ല. ഓഫിസ് സമയത്ത് ചായയും കടിയും സൗജന്യമായി ലഭ്യമാക്കും.പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ചെയർപഴ്സനും ഹെഡ് ക്ലാർക്ക് ജോസ് തോമസ് കൺവീനറും സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ കോഓർഡിനേറ്ററുമായ കമ്മിറ്റി സ്നേഹപൂർവം പദ്ധതിക്ക് നേതൃത്വം നൽകും.
പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ആധ്യക്ഷ്യം വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി.സൈത് ഫസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ, ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജോസ് തോമസ്, റുഖിയ റഹീം, കൃഷ്ണദാസൻ കുന്നുമ്മൽ, ആമിന എടത്തിൽ, സെക്രട്ടറി ഇൻ ചാർജ് സുരേഷ് കുമാർ, സമാൻ ചാലൂളി, കെ.കോയ, റഷീഫ് കണിയാത്ത്, പി.പി.ശിഹാബ് എന്നിവർ പ്രസംഗിച്ചു.



