
മുക്കം : സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്കുള്ള വഴി തടസ്സപ്പെടുമെന്ന പരാതിയെത്തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലായ മുക്കത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു.
മുക്കം അഗ്നിരക്ഷാനിലയത്തിന് സമീപം മറ്റൊരിടത്ത് വഴിയോര വിശ്രമകേന്ദ്രം നിർമിക്കാൻ ധാരണയായി. ആദ്യം നിർമിക്കാനുദ്ദേശിച്ചിരുന്നതിന്റെ അൻപതുമീറ്റർ മാത്രം അകലെ, ബ്രിട്ടീഷ് പാലത്തിനടുത്താണ് വഴിയോര വിശ്രമകേന്ദ്രം നിർമിക്കുക. സർവേനടപടികൾ പൂർത്തിയാക്കി, പ്ലാൻ തയ്യാറാക്കുന്ന നടപടികൾ നടന്നുവരികയാണ്. പ്ലാൻതയ്യാറാക്കി അംഗീകാരംകിട്ടുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെയും ഭാഗമായി വിഭാവനംചെയ്ത പദ്ധതി മലയോരമേഖലയിൽ ആദ്യം നടപ്പാക്കാൻ രംഗത്തെത്തിയത് മുക്കം നഗരസഭയായിരുന്നു. അഗസ്ത്യൻമുഴിയിൽ മുക്കം അഗ്നിരക്ഷാനിലയത്തിന് എതിർവശത്ത് നിർമാണപ്രവൃത്തി ആരംഭിച്ചെങ്കിലും കെട്ടിടനിർമാണം തന്റെ പുരയിടത്തിലേക്കുള്ള വഴി തടസ്സപ്പെടുമെന്ന് കാണിച്ച് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിക്കാരന് പറയാനുള്ളത് കേൾക്കണമെന്നും അതിനുശേഷമേ നിർമാണപ്രവൃത്തികൾ ആരംഭിക്കാവൂയെന്നും കോടതി നിർദേശിച്ചിരുന്നു. നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.അഗസ്ത്യൻമുഴിയിൽ വിശ്രമകേന്ദ്രമൊരുക്കുന്നതിന് 20 ലക്ഷം രൂപ നഗരസഭ നീക്കിവെച്ചിട്ടുണ്ട്. രണ്ടുനിലകളുള്ള കെട്ടിടത്തിൽ ടെലിവിഷനും എ.സി.യും, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുവീതവും, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻകഴിയുന്ന തരത്തിലുള്ള ഒരു ശൗചാലയവും കെട്ടിടത്തിലുണ്ടാകും. കൂടാതെ, ലഘുഭക്ഷണങ്ങൾ ലഭ്യമാക്കാൻ കഫ്‌തീരിയ സൗകര്യവും ഉണ്ടാകും.
മുക്കം അഗ്നിശമനസേന കെട്ടിടത്തിന് സമീപം വിശ്രമകേന്ദ്രം നിർമിച്ചാൽ നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പൈതൃക പാർക്കിനും മുതൽക്കൂട്ടാകും. സ്വകാര്യ മെഡിക്കൽകോളേജടക്കം ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുക്കത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെപ്പേരാണ് ദൂരസ്ഥലങ്ങളിൽനിന്നു വരുന്നത്. വിവിധ പ്രവേശന- മത്സരപരീക്ഷകളുടെ കേന്ദ്രംകൂടിയാണ് പ്രദേശത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. പദ്ധതി യാഥാർഥ്യമായാൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും യാത്രക്കാർക്കും എറെ ഉപകാരപ്പെടും



