
കോടഞ്ചേരി : വേനൽമഴ ശക്തിപ്പെട്ടാൽ ചെമ്പുകടവ് രണ്ട് ജലവൈദ്യുതി പദ്ധതികളിലും ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞു. പുതുമഴയിൽ അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും ഫോർബെ ടാങ്കിൽനിന്നും കനാലിൽനിന്നും നീക്കം ചെയ്തു. കഴിഞ്ഞവർഷം മേയ് അവസാനത്തോടെ ഉത്പാദനം ആരംഭിച്ചിരുന്നു. നീരൊഴുക്ക് വർധിച്ചാൽ ഇക്കുറിയും നേരത്തേ ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാർ.
ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്നുജനറേറ്ററുകളുടെ ആകെയുള്ള സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റാണ്.രണ്ടാംഘട്ട പദ്ധതിയിൽ 3750 യൂണിറ്റ് വൈദ്യുതിയും മണിക്കൂറിൽ ഉത്‌പാദിപ്പിക്കാം. ഇവിടെ നിന്നുള്ള വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനിൽ എത്തിച്ച് അവിടെനിന്നാണ് വിതരണം ചെയ്യുന്നത് .ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് രണ്ട് ഘട്ടങ്ങളിലും ഉത്‌പാദനം നടത്താം.
32 കോടി രൂപ ചെലവിൽ 2003 ലാണ് പദ്ധതികൾ പ്രവർത്തനമാരംഭിച്ചത്. 2020 -ലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദനം ഇവിടെ നടന്നത് .ഏതാണ്ട് ഒന്നരക്കോടിയോളം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിച്ചു . വേണ്ട നീരൊഴുക്കിന്റെ 40 ശതമാനത്തിൽ താഴെ ആയാൽ ഉത്പാദനം നിർത്തി വയ്ക്കേണ്ടിവരും. ഇക്കുറിയും കാലവർഷം നേരത്തേ കനിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ



