LOCAL NEWS

മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ‘ബാപ്പയും മക്കളും’ വീണ്ടും അറസ്റ്റിൽ

കോഴിക്കോട് : ‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന മോഷണസംഘം മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വീണ്ടും അറസ്റ്റിൽ. മലാപ്പറമ്പിലെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽനിന്ന് കണ്ടെടുത്തു.ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ (43) മക്കളായ ഷിഹാൽ (19), ഫാസിൽ (21) എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി തായിഫ് (19), മാത്തോട്ടം സ്വദേശി അൻഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ ഇവർ അറസ്റ്റിലായിരുന്നു. ഇതിൽ മേയ് 6നാണ് തായിഫും ഷിഹാലും ജാമ്യത്തിലിറങ്ങിയത്.

മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്ത് 30 പവൻ മോഷണം പോയ അന്നുതന്നെയാണ് കസബ സ്റ്റേഷൻ പരിധിയിൽ മൊബൈൽഫോൺ മോഷണം പോയത്. തുടർന്നാണ് രാത്രി നഗരത്തിൽ കറങ്ങുന്ന സംഘത്തെ പിന്തുടരാൻ തുടങ്ങിയത്. ഇതിൽ മൊബൈൽഫോൺ മോഷ്ടിച്ച പതിനാലുകാരനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.മെഡിക്കൽ കോളജ് സിഐ ബെന്നി ലാലുവും സിറ്റി ക്രൈം സ്ക്വാഡിലെ എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരും ചേർന്നാണ് അഞ്ചംഗസംഘത്തെ പിടികൂടിയത്. മെഡിക്കൽ കോളജിനുസമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽനിന്ന് പിടികൂടിയ സംഘത്തിനുമേൽ മോഷണ ആസൂത്രണത്തിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com