
കോഴിക്കോട് : തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയനിലയിൽ. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര ജീവനക്കാരാണ് മീനുകളെ ചത്തു പൊങ്ങിയ നിലയിൽ ആദ്യം കണ്ടത്. ഏകദേശം ആയിരത്തോളം മീനുകളാണ് ചത്തത്.പള്ളത്തി, പൂളാൻ, പൂക്കോട്ട പരൽ, തിലാപ്പിയ തുടങ്ങി നാലുതരം മീനുകളാണ് പ്രധാനമായും ചത്തത്.
ഓക്സിജന്റെ കുറവാണ് മീനുകൾ ചത്തതിന് കാരണമെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. 90 ശതമാനം ഓക്സിജൻ വേണ്ടതിന് പകരം 48 ശതമാനമാണ് പരിശോധനയിൽ കണ്ടെത്തിയത്. പി.എച്ച്. മൂല്യം പത്താണ് രേഖപ്പെടുത്തിയത്.എന്നാൽ കൃത്യമായ കാരണം മനസ്സിലാകണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ജില്ലാ ഫിഷറീസ് എക്സിക്യുട്ടീവ് ഓഫീസർ പി.കെ. ആതിര പറഞ്ഞു. പുതുമഴ പെയ്തപ്പോൾ കുളത്തിൽ നിന്ന് മറ്റു വാതകങ്ങൾ ഉണ്ടായതാവാം ഓക്സിജന്റെ അളവ് കുറയാൻ കാരണമെന്നും അവർ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് കുന്ദമംഗലത്തുള്ള സി.ഡബ്യു.ആർ.ഡി.എമ്മിലേക്ക് അയച്ചിട്ടുണ്ട്.
മീനിന്റെ സാംപിൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തേക്ക് അയക്കുമെന്നും പി.കെ. ആതിര പറഞ്ഞു.ഫിഷറീസ് വകുപ്പിനുപുറമേ കോർപ്പറേഷൻ ഹെൽത്ത് ഡിപ്പാർട്ടുമെന്റും കസബ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യമായാണ് ഇത്രയധികം മീനുകൾ ചത്തുപൊങ്ങിയതെന്നും ഇതിനുമുമ്പ് കുറഞ്ഞതോതിൽ മീനുകൾ ചത്തതായി കണ്ടിട്ടുണ്ടെന്നും തളിക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പി.എം. മനോജ്കുമാർ പറഞ്ഞു. ക്ഷേത്രം അധികൃതർ കസബ പോലീസിൽ പരാതി നൽകി



