LOCAL NEWS

ഇത് റിയൽ കേരള സ്റ്റാേറി; ഹൈന്ദവ സ്ത്രീക്ക് അന്ത്യവിശ്രമമൊരുക്കി മുസ്ലിം സഹോദരങ്ങൾ; മാതൃകയായി പൂളപ്പൊയിൽ ഗ്രാമം

റിപ്പോർട്ട് : സി .ഫസൽബാബു

മുക്കം: ആരൊക്കെ എന്തൊക്കെ വർഗീയ വിഷം ചൊരിഞ്ഞാലും കേരളത്തിൻ്റെ മനസ് എന്നും മതസൗഹാർദ്ദത്തിനൊപ്പമെന്ന് തെളിയിച്ച് വീണ്ടുമൊരു റിയൽ കേരള സ്റ്റോറി. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ ഗ്രാമവും ഒരു പറ്റം ചെറുപ്പക്കാരുമാണ് മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി മാറിയത്. കഴിഞ്ഞ ദിവസം അന്തരിച്ച കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (ചെറിയമോൾ-64) സംസ്കാര ചടങ്ങുകളിപ്പോൾ നാടാകെ ചർച്ചയാവുകയാണ്. സംസ്കാരത്തിനായി മുസ്ലിം സഹോദരങ്ങൾ മുന്നിട്ടിറങ്ങി കുഴിമാടമൊരുക്കുകയായിരുന്നു. ജീവിതകാലമത്രയും പരിസരത്തെ വീടുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുമതി, കനത്ത രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും, കോരിച്ചൊരിയുന്ന കനത്ത മഴ കാരണം സംസ്കാര ചടങ്ങുകൾക്കായി മണ്ണൊരുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുക്കാരും പ്രയാസത്തിലായി. വിവരമറിഞ്ഞ ഉടൻ തന്നെ പ്രദേശത്തെ സേവനരംഗത്ത് സജീവമായ പൂളപ്പൊയിൽ ഖബർസ്ഥാനിൽ സൗജന്യമായി ഖബറൊരുക്കുന്ന ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ എന്നിവരും അയൽവാസികളായ പി.കെ. ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തുകയായിരുന്നു. രാത്രി 7.30-ഓടെ ആരംഭിച്ച പണി കനത്ത മഴയും ചെളിയും അവഗണിച്ച് രാത്രി 11.30 വരെ നീണ്ടു. പൂർണ്ണമായും ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ കുഴിമാടമൊരുക്കിയ ശേഷമാണ് ഈ യുവാക്കൾ മടങ്ങിയത്. ചെറുപ്പം മുതലേ മുസ്ലീം കുടുംബങ്ങളുമായി സുമതിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മദ്രസകളിലെ വിശേഷദിവസങ്ങളിൽ തന്റേതായ വിഹിതം നൽകാനും, ആശുപത്രിയിൽ വെച്ച് കാണാൻ വന്നവരോട് പ്രാർത്ഥിക്കാൻ വസ്വിയ്യത്ത് ചെയ്യാനും കാണിച്ച അവരുടെ ആത്മബന്ധത്തിന്റെ തുടർച്ചയെന്നോണമാണ് അന്ത്യയാത്രയിലും മുസ്ലിം സഹോദരങ്ങളുടെ സജീവ സാന്നിധ്യമുണ്ടായത്. വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് ശക്തമായ മറുപടി കൂടിയാണിത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com