
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച മുതൽ തുടങ്ങി. ആദ്യദിവസംതന്നെ മുക്കാല്‍ ലക്ഷത്തിന് മുകളില്‍ പേര്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി.
ഇന്നലെ രാത്രി എട്ടര വരെയുള്ള കണക്ക് പ്രകാരം 79850 പേരാണ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 78704 പേരും സംസ്ഥാന സിലബസില്‍ പത്താംതരം വിജയിച്ചവരാണ്. ആദ്യദിവസം കൂടുതല്‍ അപേക്ഷ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്; 10039. കുറവ് കോട്ടയത്തും; 2053 പേര്‍. ജൂലൈ 18 വരെയാണ് അപേക്ഷ സമര്‍പ്പണം. 21ന് ട്രയല്‍ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
അതേസമയം, പത്താംതരം പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തത് സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവര്‍ക്ക് കേരള സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് ആശങ്ക.
18ന് തന്നെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി പ്രവേശനനടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സി.ബി.എസ്.ഇ ഫലം വൈകിയാലും തീയതി നീട്ടുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ല. മുമ്പ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അപേക്ഷ സമര്‍പ്പണം നീട്ടിയിരുന്നു.
പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്;
തിരുവനന്തപുരം – 10039
കൊല്ലം – 8970
പത്തനംതിട്ട – 4329
ആലപ്പുഴ – 2114
കോട്ടയം 2053
ഇടുക്കി – 3415
എറണാകുളം – 9227
തൃശൂര്‍ – 6994
പാലക്കാട് – 9369
മലപ്പുറം – 2344
കോഴിക്കോട് – 7619
വയനാട് – 2488
കണ്ണൂര്‍ – 6900
കാസര്‍കോട് – 3989



