
തിരുവമ്പാടി: കനത്ത ചൂടിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖല ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി മലയോര ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക്. വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ കുടുംബ ടൂറിസ്റ്റുകളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും.വയനാടന്‍ അന്തരീക്ഷമുളള മലനിരകളും കോടമഞ്ഞും പുഴകളും വെളളച്ചാട്ടങ്ങളും സമൃദ്ധമായ കൃഷിയിടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിരമണീയമായ കക്കാംടംപൊയില്, തോട്ടപ്പളളി, കോഴിപ്പാറ വെളളച്ചാട്ടം, പൂവാറന്‍തോട്, ഉറുമി, അരിപ്പാറ വെളളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെളളച്ചാട്ടം, തുഷാരഗിരി, തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളില്‍നിന്നടക്കം ആളുകളെത്തുന്നത്.ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗത സൗകര്യവും റിസോര്‍ട്ട്, ഹോം സ്റ്റേ സംവിധാനങ്ങളും ഉളളതാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വന്യമൃഗ ഭീതികള്‍ക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല.
ഓര്‍ക്കുക അപകടം പതിയിരിക്കുന്നു
അപകടങ്ങള്‍ എറെ പതിയിരിക്കുന്ന വിനോദ സഞ്ചാര മേഖല കൂടിയാണ് മലയോരത്ത്. വെളളച്ചാട്ട കേന്ദ്രങ്ങള്‍ തന്നെ ഒന്നാമത്തേത്. അരിപ്പാറയില്‍ മാത്രം ഇതിനകം 25 ലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വഴുവഴുപ്പുളള പാറക്കൂട്ടങ്ങളും അപ്രതീക്ഷിതമായെത്തുന്ന മലവെളളപ്പാച്ചിലുമാണ് പ്രധാന ഹേതു. കക്കാടംപൊയില്‍, പൂവാറന്‍തോട് പ്രദേശങ്ങള്‍ ചുരം കണക്കെയുളള ചരിവുകളും വളവുകളുമുളള മേഖലയാണ്. ഇവിടങ്ങളിലെ കൊക്കകള്‍ അപകടക്കെണികളാണ്. ഒട്ടേറെ വാഹന അപകടങ്ങളാണ് അടുത്തിടെയുണ്ടായത്.
ഫാം വിസ്റ്റിംഗ് പാക്കേജ്ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന വിനോദ സഞ്ചാര മേഖല കൂടിയാണിത്. കാര്‍ഷിക സമ്പദ് സമൃദ്ധിയും പ്രകൃതിരമണീയതയും വളര്‍ത്തുമൃഗങ്ങളേയും നേരില്‍ അറിയാന്‍, വിഭവങ്ങള്‍ സ്വന്തമാക്കാന്‍ തിരുവമ്പാടി പഞ്ചായത്തില്‍ ഫാം വിസിറ്റ് പാക്കേജ് ടൂര്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം കൊടുവളളി ബ്ലോക്ക്തലത്തില്‍ മലയോര ഫാം ടൂറിസം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വിവിധ ഫാമുകള്‍ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ് പാക്കേജിലൂടെ സാധിക്കും.



