
കട്ടാങ്ങൽ : യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ കൃത്യ സമയത്ത് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ച് മാതൃകയായി ബസ് ജീവനക്കാർ. തിരുവമ്പാടി-മുക്കം – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന രേവതി ബസ്സിലെ ജീവനക്കാരായ തിരുവമ്പാടി സ്വദേശി ഡ്രൈവർ നൗഫൽ, കണ്ടക്ടർ അക്ഷയ്, രാഹുൽ എന്നിവരാണ് മാതൃക പ്രവർത്തനം നടത്തിയത്.
കഴിഞ്ഞദിവസം രാവിലെ 6.30ന് കട്ടാങ്ങലിൽ നിന്നും ഗർഭിണിയും രണ്ടു ബന്ധുക്കളും ബസിൽ കയറുകയായിരുന്നു. തുടർന്ന് യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെടുന്നതായി മറ്റു യാത്രക്കാരിലൂടെ മനസ്സിലാക്കിയ ബസ് ജീവനക്കാർ എത്രയും പെട്ടെന്ന് മെഡിക്കൽ ഹോസ്പിറ്റലിലേക്ക് ബസ് എത്തിക്കുകയും ബസ് ജീവനക്കാർ തന്നെ ആ സഹോദരിയെ ഹോസ്പിറ്റലിൽ ഏല്പിക്കുകയുമായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ആ സഹോദരി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.



