LOCAL NEWS

റോഡിടിഞ്ഞതിന് വാഹനയുടമയ്ക്ക് 26,000 രൂപ പിഴ; അസാധാരണ നടപടിയുമായി പൊതുമരാമത്തുവകുപ്പ്

തിരുവമ്പാടി : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. ജൂലായ് 24-ന് ഉച്ചയ്ക്കാണ് സംഭവം. മരഞ്ചാട്ടിയിൽനിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് മാങ്കയത്ത് എതിരെവന്ന ടിപ്പറിന് വശംകൊടുക്കവേ തെന്നിമാറി താഴ്ന്ന്‌ റോഡിന് നാശനഷ്ടമുണ്ടായത്. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം അല്പം താഴ്ന്നുപോയി.ജെ.സി.ബി. ഉപയോഗിച്ച് ഉയർത്തി വാഹനം കൊണ്ടുപോകുകയും ചെയ്തു. ചക്രം താഴ്ന്നപ്പോൾ രൂപപ്പെട്ട കുഴി കല്ലുപയോഗിച്ച് നന്നാക്കിയശേഷമാണ് പോന്നതെന്ന് ടിപ്പർ ഓടിച്ചിരുന്ന മകൻ റിയാസ് പറയുന്നു

സംഭവമറിഞ്ഞ ഉടൻ പൊതുമരാമത്ത് അധികൃതർ വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതിനൽകി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി പോലീസ് സ്റ്റേഷനിൽനിന്ന്‌ എസ്.ഐ.യുടെ വിളിവന്നു. റോഡിന് നാശനഷ്ടമുണ്ടാക്കിയതിന് പി.ഡബ്ല്യു.ഡി. അധികൃതരുടെ പരാതി ലഭിച്ചത് സംബന്ധിച്ച്. തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസിലേക്ക് ഇവരെ പറഞ്ഞയച്ചു.

റോഡിന് നാശനഷ്ടമുണ്ടായ വകയിൽ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉൾപ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്നാണ് നിർദേശമെന്ന് റിയാസ് പറഞ്ഞു. വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യ.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്നുപറഞ്ഞു തിരികെപ്പോന്നു. പൊതുമരാമത്ത് അധികൃതർക്കെതിരേ നിയമനടപടി കൈക്കൊള്ളാനുള്ള തീരുമാനത്തിലാണിവർ.വാഹനം താഴ്ന്നഭാഗത്തിന്റെ എതിർവശത്ത് സ്വകാര്യവ്യക്തി തന്റെ വീട്ടിലേക്ക് റോഡിന് കോൺക്രീറ്റ് ചെയ്തതിനാലാണ് വാഹനം വശത്തേക്ക് തെന്നിമാറാൻ ഇടയാക്കിയതെന്നും ഈ ഭാഗങ്ങളിൽ നടന്ന റോഡുകൈയേറ്റങ്ങളെ സംബന്ധിച്ച് നടപടി കൈക്കൊള്ളാനോ തകർന്നഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്താനോ തയ്യാറാകാതെ വാഹനയുടമകളെ പീഡിപ്പിക്കുന്ന നയമാണ് പി.ഡ.ബ്ല്യു.ഡി. അധികൃതരുടേതെന്നും കോഴിക്കോട് ഡ്രൈവേഴ്‌സ് രക്ഷാധികാരി നിസാം കൂമ്പാറ പറഞ്ഞു.

ടിപ്പറുടമയ്ക്കെതിരായ നടപടി തികച്ചും അന്യായമാണെന്ന് പരിസരവാസിയും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തംഗവുമായ ബാബു മുട്ടോളിയും പറയുന്നു.അന്യാധീനപ്പെട്ട ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും തകർന്നഭാഗങ്ങൾ നന്നാക്കാനുളള നടപടികൾ അടിയന്തരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടരഞ്ഞി ടിപ്പർഡ്രൈവേഴ്‌സും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി. എ.ഇ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിപ്പറുടമയെ വിളിച്ചുവരുത്തിയതെന്നും കേസെടുത്തിട്ടില്ലെന്നും എസ്.ഐ. കെ.ആർ. ഗീരീഷ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com