LOCAL NEWS

രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു

മുക്കം: രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തേക്കുംകുറ്റിയിലെ കുറ്റ്യാങ്ങൽ അനു ഏബ്രഹാം. കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ആനയാംകുന്നിലെ തൊഴിലുറപ്പ് തൊഴിലാളി പ്രസന്ന കൂവപ്പാറയാണ് സത്യസന്ധത കാണിച്ചത്. തൊഴിലുറപ്പ് പണിക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് പവന്റെ സ്വർണ മാല പ്രസന്നയ്ക്ക് ലഭിച്ചത്. സ്ഥലത്തിന്റെ ഉടമ അവിടെ ഇല്ലാതിരുന്നതിനാൽ മാല വീട്ടിലേക്ക് കൊണ്ടു പോയി. തുടർന്നു പറമ്പിന്റെ ഉടമ വയലിൽ ഗഫൂറിനെ മാല ഏൽപ്പിച്ചു.

വർഷങ്ങൾക്ക് മുമ്പ് തന്റെ പറമ്പിൽ ഒരാൾ സ്വർണ മാല തിരഞ്ഞത് ഓർമ ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിയുടെ നമ്പറിൽ വിളിച്ചു വിവരം പറഞ്ഞു. ടിപ്പർ തൊഴിലാളിയായ തേക്കുംകുറ്റിയിലെ അനു ഏബ്രഹാം മാലയുടെ ചിത്രം സഹിതം എത്തി. രണ്ടര വർഷങ്ങൾക്കു മുൻപു ബൈക്ക് അപകടത്തിൽപെട്ടപ്പോൾ നാട്ടുകാർ ഓടിക്കൂടിയതിനിടെ മാല കീശയിലിട്ട് പറമ്പിലൂടെ ഓടിയപ്പോഴാണു നഷ്ടപ്പെട്ടത്. അന്നു കുറച്ച് ദിവസം തിരച്ചിൽ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.

കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, എസ്ഐ: മനോജ് കുമാർ, പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട്, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്വർണ മാല പ്രസന്ന കൂവപ്പാറ അനു അബ്രഹാമിന് കൈമാറി. തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ, മാറ്റുമാർ, തുടങ്ങിയവരും പങ്കെടുത്തു. പ്രസന്ന പഞ്ചായത്തിന് അഭിമാനമാണെന്ന് പ്രസിഡന്റ് വി.പി.സ്മിതയും പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ടും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com