
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരിപ്പിൽ കയാക്കർമാർ മാന്ത്രികത തീർത്തപ്പോൾ കാണികളും ആവേശത്തിമിർപ്പിൽ. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് കാട്ടര്‍ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മാവാതുക്കൽ കൊച്ചരിപ്പാറയിൽ ഒട്ടേറെ പേരാണ് കയാക്കിങ് മാമാങ്കം കാണാൻ എത്തിയത്.
പുലിക്കയത്ത് ചാലിപ്പുഴയിൽ ജലനിരപ്പ് കുറവായതിനാൽ രണ്ടാം ദിനം മത്സരങ്ങൾ ഇരുവഞ്ഞിപ്പുഴയിലെ കൊച്ചരിപ്പാറയിലേക്ക് മാറ്റുകയായിരുന്നു.വൈറ്റ് വാട്ടർ കയാക്കിങിൽ എക്സ്ട്രീം സ്ലാലം (പ്രൊഫഷണൽ) പുരുഷ വനിത സെമി ഫൈനൽ മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഫൈനൽ ഇന്ന് നടക്കും.കൂടാതെ സൂപ്പർ ഫൈനൽ മത്സരവുമായ ഡൗൺ റിവർ കയാക്കിങ് മത്സരം ഇന്ന് നടക്കും. വിവിധ മത്സരങ്ങളിലെ വ്യക്തിഗത പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാണ് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും തിരഞ്ഞെടുക്കുക.മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് ഇന്ന് 4ന് പുല്ലൂരാംപാറ ഇലന്തു കടവിൽ മന്ത്രി പി.എ മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്യും.



