ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എന്റെ ഭ്രാന്തൻ ചിന്തകൾ

നിയോഗം..പത്തരയോടടുപ്പിച്ചാണ് കടയിൽ പാൽ വണ്ടി വരുന്നത്..അടുത്ത ദിവസത്തേക്കുള്ള പാലിനും പാലുൽപന്നങ്ങൾക്കും പൈസ മുൻകൂർ കെട്ടിവയ്ക്കണം..തലേ ദിവസത്തെ പൈസയും രാവിലെ പാലു വണ്ടി വരുന്നതുവരെ കച്ചവടം ചെയ്ത പൈസയും ചേർത്ത് കുറവുണ്ടെങ്കിൽ ഒരു മണിക്കൂർ നേരത്തേക്കോ രണ്ടുമണിക്കൂർ നേരത്തേക്കോ അഞ്ഞൂറോ ആയിരമോ ആരോടെങ്കിലും കടം വാങ്ങിയുമാണ് വണ്ടിക്കാരന് കൊടുക്കാറ്..ശരാശരി ആവശ്യത്തേക്കാളും കുറച്ച് പൈസ കൂടുതൽ അവിടെ ഡിപ്പോസിറ്റ് ഉണ്ടെങ്കിലേ, കല്യാണത്തിനോ മറ്റെന്തെങ്കിലും ആഘോഷങ്ങൾക്കോ കൂടുതൽ പാലോ തൈരോ ആവശ്യമുണ്ടെങ്കിൽ അടുത്തദിവസം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കഴിയുകയുള്ളൂ.. അന്നും പതിവുപോലെ മിൽമയുടെ വണ്ടി വന്നു. കയ്യിലുള്ള കാശും അതുവരെ കച്ചവടം ചെയ്ത കാശും ചേർത്ത് വണ്ടിക്കാരന് കൊടുത്തു.. സാധാരണ ദിവസങ്ങളിൽ പൈസ കൊടുത്തതിനു ശേഷം മേശയിൽ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ നൂറ്റാമ്പതോ ഇരുന്നൂറോ ഉണ്ടാവാറുണ്ട്. അന്ന് അതും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് ജോസേട്ടൻ കടയിൽ വന്ന് ഒരു ഇരുന്നൂറ് രൂപ ചോദിക്കുന്നത്.. ഫ്രിഡ്ജിലും കൂളറിലും പാലും തൈരും സംഭാരവും ഓരോന്നോരോന്നായി എടുത്ത് അടുക്കി വെക്കണം, എങ്കിലേ മുഴുവനും കൊള്ളൂ.. ഞാൻ ആ പണി ചെയ്തുകൊണ്ടിരിക്കുമ്പോൾ, കടയിൽ കാപ്പി കുടിക്കാൻ വരുന്നവർക്ക് കാപ്പി കൊടുക്കുകയും, പാലോ പാലുൽപന്നങ്ങളോ, ബേക്കറികളോ, സ്നാക്സുകളോ വാങ്ങാൻ വരുന്നവർക്ക് അതെടുത്ത് കൊടുക്കുകയും വേണം. ആ ഒരു സമയം എപ്പോഴും തിരക്ക് പിടിച്ചതായിരിക്കും.. ആ തിരക്കിനിടയിൽ ഞാൻ ജോസേട്ടനോട് പറഞ്ഞു..”ജോസേട്ടാ പൈസ ഒന്നും ആയിട്ടില്ല, ആയതെല്ലാം ഞാൻ പാലിന് കൊടുത്തു. പത്തോ ഇരുപതോ മിനിറ്റിനുള്ളിൽ നാലാള് കയറിയാൽ പൈസയാകും”.. ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അദ്ദേഹം പോയി.. പുന്നക്കൽ പത്തുപതിനഞ്ച് ഏക്കർ സ്ഥലവും റോഡ് സൈഡിൽ വീടിനോട് ചേർന്ന് നാലഞ്ച് കടമുറികളും ഉള്ള ജോസേട്ടനെ എനിക്കൊരു ഇരുപത്തിയഞ്ച് വർഷമായിട്ട് അറിയാം.. ഞങ്ങൾ പല പരിപാടിയിലും ഒരുമിച്ച് കൂടിയിട്ടുണ്ട്.. പലപ്പോഴും ഞാൻ അദ്ദേഹത്തോട് അയ്യായിരവും പതിനായിരവും കടം വാങ്ങിയിട്ടുണ്ട്.. തിരുവമ്പാടിയിൽ വന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ തികയാതെ വന്നതെങ്ങാനും ആയിരിക്കും.. പൈസ കടം കൊടുക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് എന്ന് ചിന്തിച്ചാണ് അദ്ദേഹം പോയതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് ഞാൻ മനസ്സിലാക്കി.. മൂന്നാലു ദിവസങ്ങൾക്ക് ശേഷം അങ്ങാടിയിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അന്നത്തെ അവസ്ഥ, അദ്ദേഹത്തിന് തിരക്കുണ്ട് എന്ന് തോന്നിയത് കൊണ്ട്, കുറഞ്ഞ വാക്കുകളിൽ പറഞ്ഞു . ഞാൻ പൈസ കൊടുക്കാത്ത കാര്യം എന്റെ ഒരു സുഹൃത്തിനോട് അദ്ദേഹം പറഞ്ഞതും എനിക്ക് അനുകൂലമായി അവൻ അദ്ദേഹത്തോട് സംസാരിച്ചതും ആ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു..”അത് കുഴപ്പമില്ല, ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല”.. എന്ന് പറഞ്ഞ് അദ്ദേഹം അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ കാറിൽ കയറി പോയി.. കടം കൊടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഞാൻ കൊടുക്കാത്തത് എന്ന് ഞാനീ പറഞ്ഞതിനുശേഷവും അദ്ദേഹം വിശ്വസിക്കുന്നതായി എനിക്ക് തോന്നി..

ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് കട തുറന്നു.. അതിരാവിലെ ജോലിക്ക് പോകുന്ന തമിഴന്മാരെയും ബംഗാളികളെയും പ്രതീക്ഷിച്ച് ലോട്ടറി കച്ചവടത്തിന് ഇറങ്ങുന്ന കാദർ കടയിൽ വന്നു.. കുറച്ചു മാസങ്ങളായി എന്റെ ആദ്യ മൂന്ന് കസ്റ്റമറിൽ ഒരാൾ കാദർ ആയിരിക്കും.. പത്തു രൂപയ്ക്ക് നൂറ് രൂപയുടെ മൂല്യം കാണുന്നവനാണ് കാദർ.. ലോട്ടറി കച്ചവടത്തിന്റെ കൂടെ ഉച്ചകഴിഞ്ഞ് അവന് നിലക്കടലയുടെ കച്ചവടവും ഉണ്ട്.. ഒന്നോ രണ്ടോ കിലോ നിലക്കടല വാങ്ങി വറുത്ത് പാക്കറ്റിലാക്കി പത്ത് രൂപയ്ക്ക് വിൽക്കും.. കടകളിലും ഓഫീസുകളിലും വർക്ക് ഷോപ്പുകളിലും മറ്റ് അവന്റേതായ ചില സ്ഥാപനങ്ങളിലും കയറി ആവശ്യക്കാർക്ക് ഒന്നും രണ്ടും പാക്ക് കൊടുക്കും.. ഒരു ദിവസം വൈകുന്നേരം കാദർ കടയിലിരുന്ന് ആരോ ഒരാൾ വാങ്ങിക്കൊടുത്ത കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് അടുത്തുള്ള ഒരു ഓഫീസിലെ ലേഡി സ്റ്റാഫ് ഒരു പാക്ക് പാല് വാങ്ങിയത്.. സ്ഥിരം കസ്റ്റമർ ആയതുകൊണ്ട് മുപ്പത് രൂപ വാങ്ങി, ബാക്കി രണ്ടു രൂപ നാളെ വാങ്ങുമ്പോൾ ശരിയാക്കാം എന്ന് പറഞ്ഞ് അവൾ ആ പാലും വാങ്ങി പോയി..

ആ പെണ്ണിനെ ശ്രദ്ധിച്ചിരുന്ന കാദർ, അവൾ പോയതിനു ശേഷം അവന്റെ കൂടെ കാപ്പി കുടിച്ചു കൊണ്ടിരുന്ന ആളോടും എന്നോടുമായി പറഞ്ഞു,”അവൾ കള്ളിയായാണ്. എന്നോട് പത്ത് രൂപയ്ക്ക് കടല വാങ്ങിയിട്ട് അടുത്തദിവസം തരാമെന്ന് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷം ഞാൻ അവിടെ കടലയും കൊണ്ട് പോയപ്പോൾ അവളോട് പത്തു രൂപ ചോദിച്ചു. അവൾ പറഞ്ഞു ആ പൈസ അവൾ തന്നതാണെന്ന്. ഞാൻ വീണ്ടും വീണ്ടും അത് ചോദിച്ചപ്പോഴും അവൾ അത് തന്നെ പറഞ്ഞു. അവൾ ശരിയല്ല. ഞാൻ പിന്നീട് അവൾക്ക് കടല കൊടുക്കാറില്ല”.. അവൻ വീണ്ടും അവളെപ്പറ്റി ഓരോന്ന് പറയാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,”ഒരു പത്തു രൂപയ്ക്ക് വേണ്ടിയാണോ നീ ഇങ്ങനെയൊക്കെ പറയുന്നത്?, ഒന്നെങ്കിൽ അവൾ മറന്നതാകാം അല്ലെങ്കിൽ നീ മറന്നത്. എനിക്കവളെ മാസങ്ങളായി അറിയാം. എന്തായാലും മനപ്പൂർവ്വം അവളത് ചെയ്യില്ല”.. ഞാൻ പറഞ്ഞവസാനിപ്പിച്ചെങ്കിലും അവൻ വർദ്ധിത ശൗര്യത്തോടെ പത്ത് രൂപയ്ക്ക് ആയിരം രൂപയുടെ മൂല്യം നൽകി വീണ്ടും എന്തൊക്കെയോ പറഞ്ഞു..അവൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ ജോലിയിൽ മുഴുകി.. അവൻ കാപ്പി കുടിച്ച് പോയി.. ശനിയാഴ്ച രാവിലെ അഞ്ചേകാലോട് കൂടി കടയിൽ വന്ന കാദറിനോട് ഞാൻ ചോദിച്ചു,”നീ രാവിലെ 5:58 ന്റെ ബസ്സിൽ ജോലിക്ക് പോകുന്ന സിന്ധുവിനെ കണ്ടിരുന്നോ?”.. അവന് അവളെ അറിയാമെന്ന് എനിക്ക് അറിയാമായിരുന്നു ..”അവൾ ഇന്നലെ രാവിലെ ഇവിടെ ഉണ്ടായിരുന്നല്ലോ?, ഇന്നലെ നിന്റെ മകനല്ലേ കട തുറക്കാൻ വന്നിരുന്നത്?, എന്താണ് കാര്യം?, കാശ് വല്ലതും തരാനുണ്ടോ? “.. അവൻ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു..”ഒന്നുമില്ല. ഒരു ജോലിയുടെ കാര്യം സംസാരിക്കാനാണ്”.. എന്റെ മറുപടി കേട്ട് അവൻ കുടിച്ചു കൊണ്ടിരുന്ന കാപ്പിയും കൊണ്ട് തൊട്ടപ്പുറത്ത് കൂടിയിരിക്കുന്ന ബംഗാളികളുടെ അടുത്തേക്ക് ലോട്ടറി ടിക്കറ്റും നിവർത്തിക്കൊണ്ട് പോയി..

ഈ സിന്ധുവിനെ ഞാൻ കട തുടങ്ങിയത് മുതൽ കാണാൻ തുടങ്ങിയതാണ്. എനിക്ക് അവളെ അത്ര പരിചയമില്ലെങ്കിലും എല്ലാ ദിവസവും രാവിലെ എന്റെ കടയുടെ മുന്നിലാണ് അവൾ ബസ് കാത്തുനിന്നിരുന്നത്.. തെങ്ങ് കയറ്റക്കാരനായിരുന്ന അവളുടെ ഭർത്താവ്, തെങ്ങിൽ നിന്ന് വീണ് നടുവൊടിഞ്ഞ് കിടപ്പിലായിട്ട് പതിനഞ്ച് വർഷത്തോളമായി..അന്നുമുതൽ അവൾ ജോലിക്ക് പോയിത്തുടങ്ങിയതാണ്.. മകളുടെ വിവാഹവും മകന്റെ പഠനവും ഭർത്താവിന്റെ ചികിത്സയും ശുശ്രൂഷയും ആ സ്ത്രീയാണ് ചെയ്യുന്നത്..കൂടെ ജോലിക്ക് പോകുന്ന തമിഴന്മാരും ബംഗാളികളും അവളെ പറ്റി ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്..ഇതൊക്കെ മനസ്സിലാക്കിയ എനിക്കും അവളോട് ബഹുമാനം തോന്നിയിരുന്നു.. നാലുദിവസം മുമ്പ് രാവിലെ കട തുറന്ന ഉടനെ അവൾ വന്ന് എന്തോ ഒരു ആശുപത്രി കേസ് പറഞ്ഞ് എന്നോട് അഞ്ഞൂറ് രൂപ കടം ചോദിച്ചു.. അവളുടെ ആവശ്യം യഥാർത്ഥമാണ് എന്ന് മനസ്സിലാക്കിയ ഞാൻ, ബുദ്ധിമുട്ടായിരുന്നെങ്കിലും ആ രൂപ അവൾക്ക് കൊടുത്തു.. ശനിയാഴ്ച തിരിച്ചു തരാം എന്നും പറഞ്ഞു.. വെള്ളിയാഴ്ച രാവിലെ എന്റെ മകനാണ് കട തുറക്കാൻ വന്നിരുന്നത്.. വ്യാഴാഴ്ച ഞാൻ അവളെ കണ്ടിരുന്നുമില്ല.. അതുകൊണ്ടാണ് കാദറിനോട് അവളെപ്പറ്റി ചോദിച്ചത്..അപ്പോഴാണ് ജോസേട്ടൻ അദ്ദേഹത്തിന്റെ ഭാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആയതുകൊണ്ട് ഒരു ഫ്ലാസ്ക്കും കൊണ്ട് കാപ്പി വാങ്ങാൻ വന്നത്..

ആദ്യം ഞാൻ അദ്ദേഹത്തിന് ഒരു കാപ്പി കൊടുത്തു, കൊണ്ടുപോകാൻ ഉള്ളത് തയ്യാറായിക്കൊണ്ടിരിക്കുന്നു.. ജോസേട്ടൻ എന്നോട് 200 രൂപ ചോദിച്ച് എനിക്ക് കൊടുക്കാൻ കഴിയാതിരുന്നത് സംഭവിച്ചിട്ട് നാലഞ്ച് മാസത്തോളമായിരുന്നു.. അതൊന്നും ഓർമ്മയിൽ പോലുമില്ലാതെ ഞാൻ അദ്ദേഹത്തോട് ഭാര്യയുടെ അസുഖത്തെപ്പറ്റിയും മറ്റും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിന്ധു വന്ന് 500 രൂപ എനിക്ക് നേരെ നീട്ടുന്നത്.. എന്നിട്ട് അവൾ പറഞ്ഞു,” ഞാൻ ഇന്നലെ പൈസ കൊണ്ടുവന്നിരുന്നു. അപ്പോൾ നിങ്ങളുടെ മകനായിരുന്നു കടയിൽ. അവന്റെ അടുത്ത് കൊടുത്താൽ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്നറിയാത്തതുകൊണ്ടാണ് ഞാൻ കൊടുക്കാതിരുന്നത്”..”ഞാൻ ആ കാശ് വാങ്ങി, എന്നിട്ട് പറഞ്ഞു, ആരെടുത്തു കൊടുത്താലും കുഴപ്പമില്ല. ഞാനെന്റെ വീട്ടിൽ ഒരു തുറന്ന പുസ്തകമാണ് “..ഇത് കണ്ടു കൊണ്ടാണ് കാദർ അവൻ കാപ്പി കുടിച്ച് ഗ്ലാസ്സും കൊണ്ട് വന്നത്.. അവൾ പൈസ തന്ന് അങ്ങോട്ട് മാറിയപ്പോൾ കാദർ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും എന്നോട് ചോദിച്ചു..”നീ അല്ലാതെ ആരെങ്കിലും അവൾക്കൊക്കെ അഞ്ഞൂറ് റുപ കടം കൊടുക്കൊ?, അവൾ അത്‌ തന്നില്ലെങ്കിലോ?”.. കാദറിന്റെ വെളിവില്ലാത്ത സംസാരം എനിക്ക് അറിയുന്നതുകൊണ്ട് ആ അഞ്ഞൂറ് രൂപയെ പറ്റിയും സിന്ധുവിനെ പറ്റിയും വീണ്ടും അവൻ സംസാരിക്കരുത് എന്ന് കരുതി ഞാൻ അവനോട് പറഞ്ഞു,”പതിനായിരങ്ങളും ലക്ഷങ്ങളും പലതരത്തിൽ നഷ്ടപ്പെട്ട എനിക്ക് അഞ്ഞൂറ് രൂപ എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രം ഒരു ദിവസം ചിലവാക്കുന്ന പൈസയെ ഉള്ളൂ”..”അവൾ ഒരു നല്ല സ്ത്രീയാണ്. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റി ജീവിതത്തോട് പട വെട്ടുന്നവൾ”..”അവൾ എനിക്ക് ആ പൈസ തിരിച്ചു തന്നില്ലെങ്കിലും ഞാൻ സന്തോഷത്തോടെ അവളോട് ക്ഷമിക്കും”.. ഇത്രയും കേട്ടതിനു ശേഷം മറ്റൊന്നും പറയാനില്ലാതെ കാദർ അവന്റെ വഴിക്ക് പോയി.. ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന ജോസേട്ടൻ കാപ്പി കുടിച്ച് രണ്ട് കാപ്പി ഫ്ലാസ്കിൽ വാങ്ങി എനിക്ക് പൈസ തന്ന് ഒരു പ്രസന്ന മുഖഭാവത്തോടെ എന്നോട് “sorry” എന്ന് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് പോയി..ആ പഴയ ഇരുന്നൂറ് രൂപയുടെ കാര്യത്തിൽ എന്നെ തെറ്റിദ്ധരിച്ചതിന്റെ ക്ഷമാപണമായിരുന്നു ആ “sorry”എന്ന് കുറച്ച് കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.. നമ്മൾ ശരിയാണെങ്കിൽ ഈ പ്രപഞ്ചം തന്നെ നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് ശരിയാണെന്ന് ഞാനപ്പോൾ ചിന്തിച്ചുപോയി.. Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com