News

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം 

കോഴിക്കോട്:ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന, പകല്‍ സമയത്തു കടിക്കുന്ന കൊതുകുകൾ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നിടത്ത് പെരുകുന്നില്ല എന്ന് ഉറപ്പാക്കണം. ടെറസ്, പാത്തി, ഓവര്‍ഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക് ട്രേ, ഫ്ലവര്‍ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ഉപയോഗിക്കാത്ത ക്ളോസെറ്റ്, സണ്‍ ഷെയ്ഡ്, ഇത് കൂടാതെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ട തോടുകള്‍, ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബിന്നുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, വെള്ളം പിടിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ഇവയിലൊക്കെ വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്നില്ലെന്നു ഉറപ്പാക്കണം.

ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മാലിന്യങ്ങള്‍ തരം തിരിച്ചു സംസ്കരിക്കണം. പാഴ് ചെടികള്‍ വെട്ടി നശിപ്പിക്കുകയും പാള, ഓല തുടങ്ങിയവ നീക്കം ചെയ്യുകയും വേണം. ടാപ്പിങ്ങിനു ശേഷം റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമിഴ്ത്തി വെക്കാനും ശ്രദ്ധിക്കണം.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി , ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുകായും വിദഗ്ധ ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്യണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com