
തിരുവമ്പാടി: പൊന്നോണത്തെ വരവേൽക്കാൻ ഇത്തവണയും മറുനാടൻ പൂക്കളെ ആശ്രയിച്ച് മലയാളികൾ. അത്തം പിറന്നതോടെ വിവിധ സ്ഥാപനങ്ങളും വഴിയോരങ്ങളിലും പൂവിപണി സജീവമായിരിക്കുകയാണ്. ഗുണ്ടൽപേട്ട്, മൈസൂർ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് പ്രധാനമായും വിപണിയിലേക്ക് പൂക്കൾ എത്തിക്കുന്നത്.
ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, റോസ്, അരളി തുടങ്ങിയ പൂക്കളാണ് വിപണിയിൽ കൂടുതലായും വിറ്റഴിയുന്നത്. ഇതിൽ തന്നെ മഞ്ഞ ചെണ്ടുമല്ലിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. എന്നാൽ, ഇത്തവണ പൂക്കൾക്ക് കാര്യമായ വിലവർദ്ധനവ് അനുഭവപ്പെടുന്നുണ്ട്.
തൊടികളിലും പറമ്പുകളിലും പൂച്ചെടികളും കൃഷിയും കുറഞ്ഞുവരുന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ ഓണക്കാലവും. എങ്കിലും, വില എത്ര കൂടിയാലും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കാതെയുള്ള ഓണാഘോഷം മലയാളികൾക്ക് ചിന്തിക്കാനാകില്ല. പൂക്കച്ചവടക്കാരുടെ പ്രധാന സീസൺ കൂടിയാണിത്. തിരുവോണം വരെ നഗരവീഥികളിൽ ഈ പൂക്കച്ചവടം സജീവമായി തുടരും.
ഫോട്ടോ:തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ



