
മഴവെള്ളം ഇപ്പോഴും വീടിന്റെ പരിസരത്ത് കെട്ടികിടക്കുന്നുണ്ടാകാം. അലക്ഷ്യമായി വീടിന് പുറത്തേക്ക് നമ്മൾ തന്നെ വലിച്ചെറിഞ്ഞ ചിരട്ടകൾ, പാത്രങ്ങൾ, കുപ്പികൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിലെല്ലാം വെള്ളം കെട്ടി കിടന്ന് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഉണ്ടാവാം.
വീടിന് പുറത്ത് മാത്രമല്ല അകത്തും ഇത്തരത്തിൽ കൊതുകിൻ്റെ ഉറവിടങ്ങൾ കാണാനാകും. ഫ്രിഡ്ജ്ന് അടിയിലെ ട്രേ, മണിപ്ലാന്റുകളും മറ്റ് അലങ്കാര ചെടികളും വളർത്തുന്ന പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാം.
ഡെങ്കിപ്പനി , ചിക്കൻഗുനിയ, സിക്ക എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകൾ ഈ വെള്ളത്തിൽ മുട്ടയിട്ട് പെരുകും. ചെറിയ അളവ് വെള്ളത്തിൽ പോലും ഇവ മുട്ടയിടും. ഈഡിസ് കൊതുക് ഓരോ പ്രാവശ്യവും 100 മുതൽ 200 വരെ മുട്ടകളും ജീവിത കാലയളവിൽ 500 മുതൽ 1000 മുട്ടകൾ വരെയും ഇടാം. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കും. ഈർപ്പം തട്ടിയാൽ ഒരാഴ്‌ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിൻ്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും. 100-400 മീറ്റർ ചുറ്റളവിലാണ് ഇവയ്ക്ക് സഞ്ചരിക്കുവാൻ സാധിക്കുന്നത്.
അതിനാൽ നമ്മുടെ വീടിൻ്റെയും അകത്തും പരിസരത്തും ഒരു തുള്ളി വെള്ളം പോലും കെട്ടിനിൽക്കുന്നില്ലായെന്ന് ഉറപ്പാക്കണം.
ഈ ഞായറാഴ്ച്ച കുറച്ച് സമയം കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കാം
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം



