LOCAL NEWS

മോൺ. ഡോ. ആന്റണി കൊഴുവനാൽ : കർഷകപ്രക്ഷോഭങ്ങളെ അമരത്തുനിന്ന് നയിച്ച വൈദികൻ

സംസ്കാരം ഇന്ന്

താമരശ്ശേരി : മലയോരത്തെ കുടിയേറ്റ കർഷകരുടെ ജീവൽപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവരുടെ നിലനിൽപ്പിനായുള്ള പ്രക്ഷോഭങ്ങളെ അമരത്തുനിന്നു നയിച്ച വൈദികൻ, കർഷകനെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കരകയറ്റാൻ അവരെ സംരംഭകരുടെ തലത്തിലേക്ക് ഉയർത്തിയ വ്യക്തിത്വം -വിശേഷണങ്ങൾ ഏറെയുണ്ട് ബുധനാഴ്ച രാത്രി ഓർമയായ താമരശ്ശേരി രൂപത വൈദികൻ മോൺ. ഡോ. ആന്റണി കൊഴുവനാലിന്.കർഷകർക്ക് കൈത്താങ്ങേകിയ പുരോഹിതനെയും കിടപ്പാടങ്ങൾ ഭീഷണിയിലായ സാധാരണക്കാർക്കുവേണ്ടി സമരരംഗത്തിറങ്ങിയ ആത്മീയനേതാവിനെയും സംരംഭകത്വത്തിന്റെയും പ്രകൃതിപരിപാലനത്തിന്റെയും നവീന ആശയങ്ങൾ പകർന്ന പരിവർത്തകനെയുമെല്ലാമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്.മതസൗഹാർദവേദിയുടെ നേതൃത്വത്തിൽ വിവിധസമുദായങ്ങളിൽപ്പെട്ടവർക്ക് അടച്ചുറപ്പുള്ള പാർപ്പിടമൊരുക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹം സങ്കുചിതചിന്തകൾക്ക് അതീതമായ മാനവികതയുടെ മഹത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തി.കോട്ടയത്തുനിന്ന് കൂരാച്ചുണ്ടിലേക്ക് കുടിയേറിയ പരേതരായ കൊഴുവനാൽ ദേവസ്യ-അന്നമ്മ ദമ്പതിമാരുടെ മകൻ വൈദികനായപ്പോൾ കുടിയേറ്റ ജനതയുടെ ജീവിതനിലവാരമുയർത്താൻ ഉതകുന്ന പദ്ധതികളെക്കുറിച്ചാണ് ആലോചിച്ചത്.ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിയ അദ്ദേഹം നാട്ടിൻപുറത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും പലഹാരങ്ങളുമെല്ലാം വിറ്റഴിക്കാൻ പ്രത്യേക സംവിധാനമൊരുക്കി അവരെ സ്വദേശി സംരംഭങ്ങളുടെ ഭാഗമാക്കി. പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാനും മുട്ടക്കോഴികളെ വീട്ടിൽവളർത്താനും ആഹ്വാനംചെയ്ത് ഓരോ കുടുംബങ്ങളെയും ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. വിദ്യാർഥികൾക്ക് തൊഴിൽസാധ്യത ഉറപ്പാക്കാൻ പരിശീലനപദ്ധതിയും കരിയർ ഗൈഡൻസ് പദ്ധതിയുമൊരുക്കാൻ നടപടിയെടുത്തു. രൂപതയിൽ വിവിധ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ച ഇദ്ദേഹം കരുണഭവന്റെയും സ്റ്റാർട്ടിന്റെയും സ്‌ഥാപകനും പ്രഥമ ഡയറക്ടറുമായിരുന്നു.ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റി(ഇൻഫാം)ന്റെ സ്ഥാപകനേതാക്കളിലൊരാളായ മോൺ ഡോ. ആന്റണി കൊഴുവനാൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. പശ്ചിമഘട്ട സംരക്ഷണസമിതിയുടെ ചെയർമാനായിരുന്ന അദ്ദേഹം മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെയും, കസ്തൂരിരംഗൻ റിപ്പോർട്ടിലെയും കർഷകവിരുദ്ധ വശങ്ങൾക്കെതിരായ സമരരംഗത്തും സജീവസാന്നിധ്യമായിരുന്നു ഈ വൈദികൻ.

സംസ്കാരം ഇന്ന്‌ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10-ന് കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കുന്ന അന്തിമ സംസ്കാരശുശ്രൂഷകൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com