മുക്കത്ത് സ്ഥാപിച്ചത് എം.വി.ഡി ക്യാമറകളല്ല, മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള സി.സി.ടി.വി; പ്രചാരണം അടിസ്ഥാനരഹിതമെന്ന് നഗരസഭ.

മുക്കം: മുക്കം നഗരസഭയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മുക്കം നഗരസഭാ അധികൃതർ അറിയിച്ചു. നഗരസഭയുടെ സുപ്രധാന പദ്ധതിയായ ‘മാലിന്യമുക്ത മുക്കം – സി.സി.ടി.വി ഇൻ പബ്ലിക് സ്പേയ്സ്’ പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ, കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും വ്യാപകമായി തള്ളുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാലിന്യ നിക്ഷേപം നടത്തുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചത്.2024 ഓഗസ്റ്റ് 16-ലെ നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് ‘സി.സി.ടി.വി ഇൻ പബ്ലിക് സ്പേയസ്’ പദ്ധതിക്ക് രൂപം നൽകിയത്. സർക്കാരിന്റെ ‘മില്യൻ പ്ലസ്’ ഫണ്ടിൽ നിന്നും ഏകദേശം 60 ലക്ഷത്തോളം രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി (PWD) തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്.നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യം മുൻനിർത്തി നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മറച്ചുവെച്ച്, ഇത് എം.വി.ഡി സ്ഥാപിച്ച ക്യാമറകളാണെന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നഗരസഭ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ‘മാലിന്യമുക്ത മുക്കം’ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും യഥാർത്ഥ വസ്തുതകൾ തിരിച്ചറിയണമെന്നും മുക്കം മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.



