LOCAL NEWS

എ.ഐ.-ഡീപ് ഫെയ്‌ക്ക്‌ തട്ടിപ്പ് : കാസനോകളിലെ രണ്ടു ചൂതാട്ടക്കാർ പിടിയിൽ

സുഹൃത്തിന്റെ ശബ്ദവും വിഡിയോയിലും നിർമിത ബുദ്ധിയിൽ നിർമിച്ചു 40,000 രൂപ തട്ടിയെടുത്തത്

കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്‌ക്ക്‌ സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് പണംതട്ടിയ കേസിൽ ഗോവൻ കാസിനോകളിലെ ചൂതാട്ടക്കാരായ രണ്ടുപേർ അറസ്റ്റിൽ.തട്ടിപ്പിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകൾ നിർമിക്കുന്നതിനാവശ്യമായ സഹായം നൽകുകയുംചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അംറിഷ് അശോക് പാട്ടീൽ (40), സിദ്ദേശ് കാർവ് (42) എന്നിവരാണ് ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളിലും സമീപസ്ഥലങ്ങളിലും സിറ്റി സൈബർ പോലീസും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും നടത്തിയ പരിശോധനയിൽ പിടിയിലായത്.

ജൂലായ്‌ ഒമ്പതിന് രാവിലെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ദൃശ്യവും വ്യാജമായി നിർമിച്ച് ഹോസ്പിറ്റൽ ചെലവിനാണെന്ന വ്യാജേന കോഴിക്കോട് സ്വദേശിയിൽനിന്ന് 40,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിവരുന്നത്.പരാതിക്കാരന്റെകൂടെ ജോലിചെയ്തിരുന്ന സുഹൃത്താണെന്ന് പരിചയപ്പെടുത്തി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും വാട്‌സാപ്പ് വോയ്‌സ് കോളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിക്ക് ചികിത്സയ്ക്കായി 40,000 രൂപ ആവശ്യമുണ്ടെന്നാണ് തട്ടിപ്പുസംഘം ആവശ്യപ്പെട്ടത്. വീഡിയോ േകാളിൽ സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ മുഖം കാണിച്ചുകൊണ്ട് കുറച്ചുസമയം മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിൽവന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.തട്ടിപ്പിനുപയോഗിക്കുന്ന ആറോളം മൊബൈൽ ഫോണുകൾ, 30-ലധികം സിം കാർഡുകൾ, 10-ലധികം എ.ടി.എം. കാർഡുകൾ, ബാങ്ക് ചെക്ക് ബുക്കുകൾ എന്നിവ പ്രതികളിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേഷ് കോറോത്ത്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബീരജ് കുന്നുമ്മൽ, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് പടിയാത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.ഇരുവരേയും 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു

പ്രതികളെ പിടികൂടിയത് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ:പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഉസ്മാൻപുര ഭാഗത്തുള്ള പ്രധാനപ്രതിയായ കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവയിലെ ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തിയെന്ന കണ്ടെത്തലാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.ഒട്ടേറെ മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുകയും ഗുജറാത്ത്, മുംബൈ, ഗോവ, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ മാറിമാറി താമസിക്കുകയും ചെയ്യുന്ന കൗശൽ ഷായെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെയാണ് സഹായികൾ പിടിയിലായത്.കൗശൽ ഷായെ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്‌ക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന വ്യക്തി ഉൾപ്പെടെ കേസിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com