
താമരശ്ശേരി: ദുർഘട വനാന്തരങ്ങളിലുള്ള ആദിവാസിമേഖലകളിലെ എല്ലാവീടുകളിലും ഈ സാമ്പത്തികവർഷംതന്നെ വൈദ്യുതിയെത്തിക്കാനുള്ള യജ്ഞത്തിലാണ് വൈദ്യുതിവകുപ്പെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി.യുടെ 110 കെ.വി. താമരശ്ശേരി സബ് സ്റ്റേഷൻ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.വൈദ്യുതികണക്‌ഷൻ എത്തിക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി.യും അതിനുകഴിയാത്ത പ്രദേശങ്ങളിൽ അനർട്ട് മുഖേന സൗരോർജവൈദ്യുതിയുമെത്തിക്കും. സ്വന്തമായി കെട്ടിടങ്ങളുള്ള അങ്കണവാടികളിൽ സൗരോർജവൈദ്യുതി ഉത്പാദനസാധ്യത പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ 400 കെ.വി. പവർഹൈവേയുടെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വൈദ്യുതിരംഗത്തെ ഇടപെടലുകൾ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വൈദ്യുതിച്ചാർജിൽ വലിയ വർധന സൃഷ്ടിക്കുന്നുണ്ട്. ആറുശതമാനം ഇറക്കുമതിചെയ്യുന്ന കൽക്കരി ഉപയോഗിക്കാൻ താപവൈദ്യുതനിലയങ്ങളെ നിർബന്ധിക്കുന്ന കേന്ദ്രം വിദേശരാജ്യങ്ങളിൽ കൽക്കരിഖനികൾ സ്വന്തമാക്കിയ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഉദ്ഘാടന ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.ട്രാൻസ്മിഷൻ(നോർത്ത്) ചീഫ് എൻജിനിയർ എസ്. ശിവദാസ് റിപ്പോർട്ടവതരിപ്പിച്ചു. കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ, സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ്, ഡിസ്ട്രിബ്യൂഷൻ സേഫ്റ്റി ആൻഡ് എസ്.സി.എം. ഡയറക്ടർ പി. സുരേന്ദ്ര, ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ. ലേഖാറാണി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം കുട്ടിയമ്മ മാണി, എം.ഇ. ജലീൽ, ദാമോദരൻ, കെ.കെ. അബ്ദുള്ള, പി.പി. ജോയ്, കെ.സി. വേലായുധൻ, കെ.ജി. ഗീത തുടങ്ങിയവർ പങ്കെടുത്തു. താമരശ്ശേരിമുതൽ കുന്ദമംഗലംവരെ നിലവിലുണ്ടായിരുന്ന 66 കെ.വി. സിംഗിൾ സർക്യൂട്ട് ലൈനുകൾ 110 കെ.വി. ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തിയ കെ.എസ്.ഇ.ബി., 1965-ൽ പ്രവർത്തനം തുടങ്ങിയ 66 കെ.വി. താമരശ്ശേരി സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിച്ച് 110 കെ.വി. വോൾട്ടേജിലേക്ക് ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. 28 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ 20 കോടി രൂപയ്ക്കാണ് യാഥാർഥ്യമാക്കിയത്.



