
പുതുപ്പാടി : സമ്പൂർണ ഇൻഷുറൻസ് ഗ്രാമം പ്രഖ്യാപനത്തിന്റെ രണ്ടാംഘട്ടമെന്നനിലയിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമമാക്കാൻ ലക്ഷ്യമിട്ടുള്ള സർവേ നടപടികൾക്ക് തുടക്കമായി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള സർവേ നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുപ്പാടി സർവീസ് സഹകരണബാങ്കിനെ ചുമതലപ്പെടുത്തി.
സർവേ നടപടികൾക്കായി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെയും കൈതപ്പൊയിൽ ലിസ്സ കോളേജിലെയും വിദ്യാർഥികൾ, പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ്.-എ.ഡി.എസ്. അംഗങ്ങൾ എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചു. വിവിധ ഏജൻസികളുടെ സഹായത്തോടെ ഇൻഷുറൻസ്, ബാങ്കിങ്, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, പാർപ്പിട മേഖലകളിൽ ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കി സാമൂഹികജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സർവേകൊണ്ട് ഉദ്ദേശിക്കുന്നത്.
ജനങ്ങളുടെ സ്ഥിതിവിവരം സംബന്ധിച്ച സർവേ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ചക്കിട്ടപാറയാണ് നിലവിൽ രാജ്യത്തെ പ്രഥമ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം. സമഗ്ര സർവേ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൈതപ്പൊയിൽ പുഴങ്കുന്ന് പി.കെ. ചന്ദ്രന്റെ വീട്ടിൽനിന്ന് വിവരശേഖരണം നടത്തി ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഉഷ വിനോദ് അധ്യക്ഷയായി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ബിജു ടോം പദ്ധതി വിശദീകരണം നടത്തി. രാജു മാമ്മൻ, റെജി ജി. പുരയിടം, നിഷാദ്, കെ.ജി.സജീഷ്, ജോസി പീറ്റർ, ഡോ. ജെർലിൻ ജോസ്, ബാങ്ക് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു



