
താമരശ്ശേരി : താമരശ്ശേരി പോലീസ് സ്റ്റേഷനും ഡിവൈ.എസ്.പി ഓഫീസിനും സമീപത്തെ റന ഗോൾഡ് ജൂവലറിയുടെ ഭിത്തി തുരന്ന് അമ്പതുപവനോളം സ്വർണം കവർന്ന മൂന്നംഗസംഘം വാടകയ്ക്ക് താമസിച്ചതും കവർച്ച ആസൂത്രണംചെയ്തതും പോലീസ് സ്റ്റേഷന് സമീപത്തെ വാടകവീട്ടിൽ. സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി പൂനൂർ പാലംതലക്കൽ നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തായിരുന്നു താമസം. അതേസമയം, സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ നിസാർ ഉമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കുമൊപ്പം താമസിച്ചത് പോലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന്റെ പിൻഭാഗത്തുനിന്ന് അമ്പതുമീറ്ററോളം അടുത്തായി സ്ഥിതിചെയ്യുന്ന വാടകവീട്ടിലായിരുന്നു. മൂന്നാഴ്ചയോളംമാത്രം താമസിച്ച താമരശ്ശേരി ടൗണിലെ ഈ വാടകവീട്ടിൽവെച്ചായിരുന്നു കവർച്ചയുടെ ആസൂത്രണം.
നവാഫും നിസാറും സുഹൃത്തും ഈങ്ങാപ്പുഴ കുന്നുമ്മലിലെ കവർച്ചയ്ക്കുശേഷമാണ് താമരശ്ശേരി ദേശീയപാതയോരത്തെ ജൂവലറിയിൽ കവർച്ച ആസൂത്രണംചെയ്തതെന്ന് പോലീസ് പറയുന്നു. അന്ന് ലോക്കർ തകർക്കാൻ സാധിക്കാതെ വന്നതിനാൽ മുപ്പതിനായിരം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ മാത്രമാണ് കവർച്ചാസംഘത്തിന് ലഭിച്ചത്. തുടർന്ന് ഇതേസംഘം കൃത്യമായ ആസൂത്രണത്തിനൊടുവിൽ ജനുവരി 24-ന് പുലർച്ചെ കോണിപ്പടിയുടെ ഭാഗത്തേക്കുള്ള ഷട്ടർ താഴ്ത്തിയിട്ട് റന ഗോൾഡിന്റെ ഭിത്തിതുരന്ന് ഉള്ളിൽ കയറുകയും ലോക്കർഡോർ തകർത്ത് സ്വർണവുമായി മുങ്ങുകയുമായിരുന്നു. കവർച്ചയ്ക്ക് പിന്നാലെയുള്ള അന്വേഷണത്തിനൊടുവിൽ ജൂവലറിയിൽനിന്ന് മണം പിടിച്ച പോലീസ് നായ ഇവരുടെ വാടകവീടിന് സമീപത്തെ വയൽപ്രദേശംവരെ വന്നിരുന്നു. കവർച്ചകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷംതന്നെ ഇരുവരും തങ്ങളുടെ വാടകവീട് ഒഴിയുകയും ചെയ്തു.
നവാഫ് പള്ളിപ്പുറം ഭാഗത്തെ വാടകക്വാർട്ടേഴ്‌സിലേക്കും നിസാറും കുടുംബവും ഇരൂൾക്കുന്നിലെ വാടകവീട്ടിലേക്കും താമസം മാറുകയായിരുന്നു. ഇരുൾക്കുന്നിലെ വീട്ടിൽനിന്നാണ് 20 പവനോളം സ്വർണവും കവർച്ചാസമയത്ത് ഉപയോഗിച്ച കോട്ടുകളുമെല്ലാം പോലീസ് ബുധനാഴ്ച കണ്ടെടുത്തത്.
താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ കെ.ഒ. പ്രദീപ്, എ. സായൂജ് കുമാർ, എസ്.ഐമാരായ കെ.എസ്. ജിതേഷ്, രാജീവ് ബാബു, പി. ബിജു, ഷിബിൽ ജോസഫ്, പി. ഷാജി, എ.എസ്.ഐമാരായ വി. അഷ്‌റഫ്, ടി. സജീവ്, എസ്.ഡി. ശ്രീജിത്ത്, ഹരിദാസൻ, സീനിയർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ, കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ താമരശ്ശേരി പോലീസിന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച താമരശ്ശേരി വ്യാപാരഭവനിൽ യോഗംവിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതികളെ കണ്ടെത്താൻ അടിയന്തരനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് കവർച്ചക്കേസിലെ മുഖ്യപ്രതിയെ അന്വേഷണസംഘം വലയിലാക്കിയത്.



