
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരുതിയിൽ അതി രൂക്ഷമായ വരൾച്ചയെ തുടർന്ന് കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ഷാജി മുട്ടത്ത് എന്നിവർ സംബന്ധിച്ചു.രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പൊതുജനങ്ങൾ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ ആവശ്യമായ കുടിവെള്ളം സൗജന്യമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.



