LOCAL NEWSNewsSPORTS

വികസന പ്രതീക്ഷയില്‍ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തില്‍ കൂടുതല്‍ വികസന പ്രവർത്തനങ്ങള്‍ക്ക് സാധ്യത തെളിയുന്നു. നിലവില്‍ വർഷത്തില്‍ ആറ് മാസം മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഗ്രൗണ്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്തിന്‍റെയും സ്പോർട്സ് കൗണ്‍സിലിന്‍റെയും ആഭിമുഖ്യത്തിലാണ് സ്പോർട്സ് സമ്മിറ്റ് നടത്തിയത്. 2.75 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് നവീകരണത്തിനായി യംഗ് സ്റ്റാർ കാരക്കുറ്റിയുടെ ആഭിമുഖ്യത്തില്‍ 26 സെന്‍റ് സ്ഥലം ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പഞ്ചായത്തില്‍ ഒരു ഗ്രൗണ്ട് പദ്ധതിയുടെ ഭാഗമായി ഇതിഹാസ് ഗ്രൗണ്ടിനെ പഞ്ചായത്ത് തെരഞ്ഞെടുക്കുകയും പ്രോജക്ടിന് ജില്ലയില്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗ്രൗണ്ടിനോട് ചേർന്ന് നിർമിക്കുന്ന നീന്തല്‍ കുളത്തിന് 20 ലക്ഷത്തിന്‍റെ പ്രവൃത്തിക്കായി ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.

ഓരോ ഗ്രാമ പഞ്ചായത്തിലും കായിക മേഖലയുടെ വികസനത്തിനായി പദ്ധതികള്‍ സമർപ്പിക്കുന്നതിന് സർക്കാർ നിർദേശം നല്‍കിയ സാഹചര്യത്തിലാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് വികസനത്തിനായി ഇതിഹാസ് ഗ്രൗണ്ടിനെ തെരഞ്ഞെടുത്തത്. വാക്കിംഗ് ട്രാക്ക്, വോളിബോള്‍ കോർട്ട്, ക്രിക്കറ്റ് പിച്ച്‌, ഫുട്ബോളിനായി സെവൻസ്, ലെവൻസ് സൗകര്യം, നാച്വറല്‍ പൂള്‍, ഗ്യാലറി, ഓപ്പണ്‍ ജിം, അത്‌ലറ്റിക്സ് കോർട്ട്, ഹൈമാസ്റ്റ് ലൈറ്റ്, ബാത്ത് റൂം, ഡ്രസിംഗ് റൂം, ഡ്രൈനേജ് സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം 365 ദിവസവും ഉപയോഗിക്കാനായി ഡ്രൈനേജ് സംവിധാനമൊരുക്കി ഒരു മീറ്റർ ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടന്ന് വാർഡ് അംഗം ഷംലൂലത്ത് പറഞ്ഞു.

നാട്ടുകാരുടേയും പ്രദേശവാസികളുടേയും സഹകരണത്തോടെ ഗ്രൗണ്ടിലേക്ക് ആറ് മീറ്റർ വീതിയില്‍ റോഡ് യഥാർത്ഥ്യമാക്കാൻ ശ്രമം നടത്തുമെന്നും ഇവർ പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്‍റെ സമഗ്ര കായിക വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടിയത്തൂർ പറഞ്ഞു.

ജില്ലയില്‍ ഇലവൻസ് കോർട്ട് സൗകര്യമുള്ള അപൂർവം ഗ്രൗണ്ടുകളില്‍ ഒന്നാണ് ഇതിഹാസ് ഗ്രൗണ്ടെന്നും ഇതിന്‍റെ വികസനം സാധ്യമായാല്‍ ജില്ലയിലെ കായിക മേഖലക്ക് തന്നെ മുതല്‍ക്കൂട്ടായി മാറുമെന്നും ജില്ലാ ഫുട്ബോള്‍ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് എം.എ അബ്ദുല്‍ അസീസ് ആരിഫ് പറഞ്ഞു.

ഇതിഹാസ് ഗ്രൗണ്ടില്‍ നടന്ന സ്പോർട്സ് സമ്മിറ്റില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വി. ഷംലൂലത്ത്, ടി.കെ അബൂബക്കർ, തൊഴിലുറപ്പ് എഇ ദീപേഷ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് എം.എ. അബ്ദുല്‍ അസീസ് ആരിഫ്, നിസാർ കൊളായില്‍, അബ്ദുസലാം, ഗിരീഷ് കാരക്കുറ്റി, എ.പി. റിയാസ്, വി. അഹമ്മദ്, കെ.കെ.സി. നാസർ, അഹമ്മദ് കുട്ടി പൂളക്കത്തൊടി, അഷ്റഫ് മതിയം കല്ലിങ്ങല്‍, സലീം കൊളായില്‍, ജ്യോതി ബസു കാരക്കുറ്റി, കെ.കെ.സി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com