കാത്തിരിപ്പിന് അറുതി; ചെറുവാടി സിഎച്ച്‌സിയില്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു

മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കമായി. നാഷണല്‍ ഹെല്‍ത്ത് മിഷൻ അനുവദിച്ച 1.82കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങളില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവർത്തിക്കുന്ന ആശുപത്രിയുടെ സമഗ്ര വികസനത്തിന് എൻഐടിയുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. കിടത്തിച്ചികിത്സ അടക്കം ആധുനിക സൗകര്യങ്ങള്‍ എല്ലാം അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ഒപി ചികിത്സക്കടക്കമുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കൊടിയത്തൂരും സമീപ പഞ്ചായത്തുകളിലും കിടത്തി ചികിത്സയടക്കം ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികള്‍ ഇല്ല. ഈ ആവശ്യം പരിഗണിച്ചാണ് ലിന്‍റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയതും സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. എംഎല്‍എ ലിന്‍റോ ജോസഫ് അധ്യക്ഷത വഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, കെ. മൈമുന, ഷിയോ ലാല്‍, എം.കെ. നദീറ, ഫസല്‍ കൊടിയത്തൂർ, അഡ്വ. കെ.പി. സുഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്, മറിയംകുട്ടി ഹസൻ, ആയിഷ ചേലപ്പുറത്ത്, ഡോ. സി.കെ. ഷാജി, ഡോ. എ.കെ. കസ്തൂർബ, ഡോ. എൻ. മനുലാല്‍ തുടങ്ങിയവർ പ്രസംഗിച്ചു.



