LOCAL NEWSNews

ചെറുകിട നിര്‍മാണ-വിതരണ സംരംഭകര്‍ക്ക് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച്‌ ഷമീന

കൊടുവള്ളി: ആസൂത്രണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറുകിട നിർമാണ-വിതരണ സംരംഭകർക്ക് സ്വന്തമായി നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ മാനിപുരം വൈക്കര പൊട്ടൻപിലാക്കില്‍ കെ.സി. ഷമീന. വേണ്ടത്ര ആസൂത്രണമില്ലായ്മ ഉല്‍പാദനത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നുവെന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ആളുകള്‍ ബഹിഷ്കരിക്കുന്നെന്നും മനസ്സിലാക്കിയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ക്ലീനിങ് ഉല്‍പന്നങ്ങള്‍, ചെറുകിട സോപ്പ് എന്നിവ നിർമാണ-വിതരണ സംരംഭകർക്ക് നിർമിച്ചുനല്‍കുന്ന റാസ് ഡിറ്റർജന്റ് ആൻഡ് ഫാബ്രിക് കെയർ പ്രോഡക്‌ട് എന്ന നിർമാണ പ്ലാന്റാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വികസിപ്പിച്ചത്. കസ്റ്റമർക്ക് എവിടെനിന്നും സ്വന്തം മൊബൈലില്‍നിന്ന് നിർമാണപ്രക്രിയയും ഗുണനിലവാരവും വിലയിരുത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

രണ്ട് കൊല്ലം മുമ്പ് ചെറിയ മുതല്‍മുടക്കില്‍ 25 കി.ഗ്രാം നിർമിക്കാവുന്ന തരത്തിലാണ് സംരംഭം ആരംഭിച്ചത്. ഇപ്പോള്‍ ആയിരം കി.ഗ്രാം നിർമിക്കാവുന്ന തരത്തില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് വിപുലപ്പെടുത്തിയത്. ബംഗളൂരുവില്‍നിന്നാണ് ഇവർ ഉല്‍പന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയത്.

മൊത്തവിതരണക്കാർക്ക് ക്ലീനിങ് ഉല്‍പന്നങ്ങള്‍ അവരുടെ ബ്രാൻഡില്‍ തന്നെ ആവശ്യപ്പെടുന്ന ഗുണനിലവാരത്തില്‍ ലേബല്‍ ചെയ്തു കൊടുക്കും. ഉല്‍പന്നങ്ങള്‍ ഉല്‍പാദന സമയത്ത് മൊബൈല്‍ ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയും. ഉല്‍പന്നങ്ങള്‍ പണം അടച്ചാല്‍ എ.ടി.എം രൂപത്തില്‍ ലഭ്യമാക്കുന്ന പദ്ധതിയും ഉടൻ യാഥാർഥ്യമാക്കുമെന്നും ഷമീന പറഞ്ഞു.

മാനിപുരം പത്താം ഡിവിഷനിലെ വാനില അയല്‍ക്കൂട്ടത്തിലെ കുടുംബശ്രീ യൂനിറ്റിന്റെ കീഴില്‍ ഇവർ തന്നെ വിരാഗോ ടെക് എന്ന പേരില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമാണവും വിതരണവും ആരംഭിച്ചിട്ടുണ്ട്. മേഖലയിലേക്ക് കടന്നുവരാൻ താല്‍പര്യമുള്ള കുടുംബശ്രീ യൂനിറ്റുകള്‍ക്കും സ്ത്രീകള്‍ക്കും പരിശീലനവും ഒരുക്കുന്നുണ്ട്. എല്ലാറ്റിനും പിന്തുണയായി ഭർത്താവ് റഷീദ് മുഹമ്മദും കൂടെയുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com