
തിരുവമ്പാടി : സ്ഥിരം അപകടമേഖലയായ മലയോര ഹൈവേയുടെ കൂമ്പാറ ആനക്കല്ലുംപാറ വളവിൽ അപകടം തുടർക്കഥ. കക്കാടംപൊയിലിൽനിന്ന് ചെങ്കുത്തായ പാതയിറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് സുരക്ഷാവേലിയിൽ ഇടിക്കുന്നത് പതിവുസംഭവമായിമാറുകയാണ്. ഇടിയുടെ ആഘാതത്തിൽ കൂറ്റൻ പാർശ്വഭിത്തി തകർന്നു. കരിങ്കല്ലുകൾ ഇളകിനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ നാലുദിവസംമുമ്പാണ് അജ്ഞാത വാഹനം നിയന്ത്രണംവിട്ടത്. തുടർന്നാണ് കരിങ്കൽഭിത്തി ഇളകിനിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.കനത്ത മഴ തുടരുന്നത് ഇടിച്ചിൽ ഭീഷണിയ്ക്ക് ആക്കംകൂട്ടും. പാർശ്വഭിത്തി ഉടൻ പുതുക്കിപ്പണിതില്ലെങ്കിൽ റോഡിന്റെ തകർച്ചയ്ക്കും കാരണമാകും. നിർമാണം അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ ഭാഗമാണിത്. റോഡ് വികസിപ്പിച്ചതോടെയാണ് സ്ഥിരംഅപകടമേഖലയായത്. ചുരംകണക്കെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡിൽ അമ്പതടിയോളം താഴ്ചയുളള കൊക്ക വൻഭീഷണിയാണ്.
അതിവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ സുരക്ഷാവേലിക്കു മുകളിലൂടെ കൊക്കയിലേക്ക് പതിക്കുന്നത് ആവർത്തിക്കുന്നു. സുരക്ഷാവേലിയുടെ ഉയരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചെറുതുംവലുതുമായ ഇരുപതോളം അപകടങ്ങളാണുണ്ടായത്. രണ്ടുവർഷംമുമ്പ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ബൈക്ക് കൊക്കയിലേക്കുപതിച്ച് രണ്ടു വിദ്യാർഥികൾ ദാരുണമായി മരിക്കുകയും സഹയാത്രികനായ വിദ്യാർഥിക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. പല അപകടങ്ങളിലായി ഒട്ടേറെ പേർക്കാണ് ഗുരുതര പരിക്കേറ്റത്. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെയുളള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുളള വാഹനങ്ങളുടെ പടയാണ് ഈ റൂട്ടിൽ സദാസമയവും. സ്ഥലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് അറിയാത്തവരാണ് ദുരന്തത്തിനിരയാകുന്നത്.



