ENTERTAINMENT

സിദ്ദീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

സൗദിയാണ് രാജ്യം ശരിയത്താണ് നിയമം….3.

പതിനഞ്ച് മീറ്ററോളം നീളവും വീതിയുമുള്ള, ഒറ്റ ഡോറുള്ള, രണ്ടു മൂലയിലും ഓരോ കക്കൂസുള്ള വലിയ ഒരു ഹാളിൽ ഇരുന്നൂറോളം അന്തേവാസികൾ തിങ്ങിപ്പാർക്കുന്നു… സൗദിയും യമനിയും പാക്കിസ്ഥാനിയും മിസിരിയും സുഡാനിയും എത്യോപ്യയും എരിത്തിരിയും ഇന്ത്യക്കാരനും മലയാളികളും അടക്കം അനേകം പേർ… മദ്യപിച്ചും നാടൻ വാറ്റിയും മോഷണം നടത്തിയും അടിപിടി കൂടിയും കള്ള ഇക്കാമ ഉണ്ടാക്കിയും ചൂതാടിയും പെണ്ണ് പിടിച്ചും ഉംറയ്ക്ക് വന്ന് തിരിച്ചു പോകാത്തവരും പല ജാതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ .. ശിക്ഷ വിധി കാത്തു കിടക്കുന്ന വിചാരണ തടവുകാർ…. ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ഞാനും അതിൽ ഒരു അന്തേവാസിയാകുന്നത്.ഊണ് സമയമാണ്….

വലിയ ഓരോ തട്ടിൽ കബ്സ വിളമ്പുന്നുണ്ട്. എട്ടോ പത്തോ കഷ്ണം ചിക്കനും ചോറും . എട്ടും പത്തും ആൾക്ക്‌ വീതം ഒരു തട്ട്.. സൗദികൾ ചേർന്ന് ഒരു തട്ടിൽ കഴിക്കുന്നു. ബംഗാളികൾ ഒരു തട്ടിൽ കഴിക്കുന്നു, യമനികൾ യമനികളുമായി ചേർന്ന് കഴിക്കുന്നു .ചിലർ കിട്ടുന്നയിടത്ത് നിന്ന് കഴിക്കുന്നു. ഇരുന്നുറോളം പേർക്ക് നൂറോ നൂറ്റമ്പതോ പേർക്കുള്ള ഭക്ഷണമേ കൊടുക്കുന്നുള്ളൂ എന്ന് തോന്നുന്നു.. അഭയാർത്ഥി ക്യാമ്പുകളെ നാണിപ്പിക്കും വിധമായിരുന്നു ഭക്ഷണത്തിനുവേണ്ടി കടിപിടി കൂടിയിരുന്നത്… കൃത്യമായി ഒരു ഹാഫ് ഡോർ പോലുമില്ലാത്ത ടോയ്‌ലറ്റിലേക്ക് ഒന്നേ നോക്കിയുള്ളൂ, അത്രയ്ക്ക് വൃത്തിഹീനമായിരുന്നു അത്… എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല, അല്ലെങ്കിൽ അതിന് കഴിഞ്ഞില്ല… ഞാൻ ആലോചിക്കുകയായിരുന്നു.. എന്നെ പോലീസുകാർ ചേർന്ന് പിടിക്കുമ്പോഴും രണ്ട് കൈയും പുറകോട്ടാക്കി കയ്യാമം വെക്കുമ്പോഴും ഞാൻ അവരോട് ചോദിക്കുന്നുണ്ടായിരുന്നു, ഇംഗ്ലീഷിലും അറബിയിലും, അന ലെസ് സൗവി?, What did l do?, Did l do anything wrong? എന്നൊക്കെ. അപ്പോഴൊക്കെ അറബിയിൽ അവരെന്റെ വായടക്കാൻ കൽപ്പിക്കുകയായിരുന്നു.. പോലീസ് വണ്ടിയിൽ ഡ്രൈവറടക്കം മൂന്ന് പോലീസുകാരാണ് ഉണ്ടായിരുന്നത്.

അവരോടും ഞാനെന്റെ ചോദ്യം ആവർത്തിച്ചു.. “കള്ള നായെ, നീ അത് ചെയ്തില്ലേ? ഇങ്ങനെ ചെയ്തില്ലേ?, അങ്ങനെ ചെയ്തില്ലേ?” എന്നൊക്കെ പറഞ്ഞ് അതിലൊരുത്തൻ എന്റെ മുഖത്ത് തോണ്ടി എന്നോട് ദേഷ്യപ്പെട്ടു…. ഹാവൂ, മരണ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് ജീവപര്യന്തമായി കുറഞ്ഞിരിക്കുന്നു.പോക്സോ ആണ് വകുപ്പ്…. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, അയൽവക്കത്തുള്ള ആളുകൾ ചീട്ട് കളിക്കുന്നത് കണ്ട്, ചീട്ട് കൈകൊണ്ട് ഒരിക്കലും തൊട്ടു നോക്കുക കൂടി ചെയ്യാതെ, അവരവിടെ കളിച്ചിരുന്ന എല്ലാ കളികളും ഞാൻ മനപാഠമാക്കിയിരുന്നു…അവിടെ നിന്ന് താമസം മാറി ചേപ്പിലങ്കോട്ടേയ്ക്ക് വന്നു. പത്താം ക്ലാസ് പഠിച്ചുകൊണ്ടിരിക്കുന്ന സമയം.

മീൻപിടുത്തം ഹോബിയായിരുന്നതുകൊണ്ട് ഞാനും അനിയന്മാരും രാത്രി വീടിന്റെ അടുത്തുള്ള പുഴയിൽ കത്തിയും ടോർച്ചും എടുത്തുകൊണ്ട് മീൻ പിടിക്കാൻ പോയിരുന്നു.. അങ്ങനെയാണ് പുഴമാട്ടുമ്മൽ ചീട്ടു കളിച്ചുകൊണ്ടിരിക്കുന്ന ആളുകളെ കാണുന്നത്. എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ… മീൻ പിടിക്കാൻ പോക്ക് നിർത്തിയെങ്കിലും ചീട്ടു കളിക്കാൻ പോക്ക് സ്ഥിരമാക്കി. അതെനിക്കൊരു ലഹരിയായി. ഞാനതിന് അടിമയുമായി. മറ്റുള്ളവരുടെ പണത്തോടുള്ള ആർത്തി ഒന്നുമായിരുന്നില്ല, കളിയോടായിരുന്നു അടിമത്തം… പ്രീഡിഗ്രി പഠനം നിർത്തി, മുഴുവൻ സമയ ചീട്ടുകളിക്കാരനായി. കളിയിലെ വൈദഗ്ധ്യം കൊണ്ട് ഒരു രൂപയ്ക്കുപോലും ഒരാളെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല..

വെള്ളമടിയും വഴക്കും അടിപിടിയും ചീട്ടുകളി സ്ഥലങ്ങളിലെ നിത്യസംഭവങ്ങളാണ്. ഇതുപോലെ ഉള്ള പലയാളുകളെയും കണ്ടും കൊണ്ടും കേട്ടും പരിചയിച്ച് സൗദിയിലെത്തിയ എനിക്ക്, ഞാൻ ശരിയാണ്,ഞാൻ നിരപരാധിയാണ് എന്ന് പൂർണ്ണ ബോധ്യമുള്ള കാര്യമായതിനാൽ എന്റെ മേൽ ആരോപിച്ചിരിക്കുന്ന ഈ കുറ്റാരോപണം എന്നെ അധികം ഭയപ്പെടുത്തിയൊന്നുമില്ല…ഞാൻ വളരെ ലളിതമായി അവിടെ നടന്നത് വണ്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞു.. ഞാൻ പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നിയത് കൊണ്ടാവാം എന്നെ അസഭ്യം പറയുന്നത് അവർ നിർത്തി. വണ്ടി പോലീസ് സ്റ്റേഷനിൽ എത്തി….

എന്റെ പേരും മേൽവിലാസവും രേഖപ്പെടുത്തി. ഒരു ചോദ്യം ചെയ്യലോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ഇല്ലാതെ വിചാരണ തടവുകാരായ ഈ അന്തേവാസികളുടെ കൂട്ടത്തിലേക്ക് എന്നെയും തള്ളി വിട്ടു.. വൈകുന്നേരം ആയപ്പോഴേക്കും ഒരുപാട് മലയാളികളെ പരിചയപ്പെട്ടു. നാടൻ വാറ്റി പിടിച്ചും ഉംറയ്ക്ക് വന്ന് തിരിച്ചു പോകാത്തതും മറ്റുമായി പത്തുപതിനഞ്ചോളം പേർ അവരവരുടെ വിധിയും കാത്ത് കഴിയുന്നു…ഒരുപാട് ബുദ്ധിമുട്ടി,മൂക്കുപൊത്തിയാണ് ഒന്ന് മൂത്രമൊഴിച്ചത്.. അവരോടൊക്കെ ഞാനെന്റെ കാര്യം പറഞ്ഞു. ആശ്വസിപ്പിച്ചും ഭയപ്പെടുത്തിയും അവർ മറുപടിയും പറഞ്ഞു… അന്നൊക്കെ എന്റെ വീട്ടുകാരും എന്റെ ചില സുഹൃത്തുക്കളും എന്നെപ്പറ്റിപ്പറഞ്ഞിരുന്ന ഒരു കുറ്റം എന്നോട് തർക്കിച്ച് ജയിക്കാൻ കഴിയില്ല എന്നതാണ്… ശരിയായിരുന്നു, ഞാൻ മനസ്സിലാക്കിയ ഒരു ശരിയെ തെറ്റാണെന്ന് പറഞ്ഞ് അവർക്കെന്നെ ജയിക്കാൻ കഴിയില്ലായിരുന്നു.. എന്തായാലും നേരിട്ട് തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ?..എന്നെ ചോദ്യം ചെയ്യുന്ന ആളോട് വ്യക്തമായ രീതിയിൽ , ഒരു കഥ പോലെ, മറുപടി പറയാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു… വാതിലിന്റെ കമ്പിയിലേക്ക് നോക്കിയിരുന്നു,പോലീസുകാർ ആ ഇരുമ്പ് വാതിലിന്റെ കമ്പിയിൽ മുട്ടി ശബ്ദമുണ്ടാക്കി എന്നെ വിളിക്കുന്നുണ്ടോ എന്ന്… ആ ലോക്കപ്പും അതിന്റെ പരിസരവുമൊക്കെ ക്ലീൻ ചെയ്യാൻ വരുന്ന ഒരു മലയാളിയുടെ അടുത്ത് 50 റിയാൽ കൊടുത്ത് എന്റെ ഇളയപ്പയേ വിവരം അറിയിക്കാൻ ഏൽപ്പിച്ചു… ആ ക്ലീനിങ് കാരൻ കാക്ക ദിവസവും 300, 400 റിയാൽ അങ്ങനെ ഉണ്ടാക്കുന്നുണ്ട്. നാടൻ വാറ്റ് കേസിൽ ആറുമാസമായി ലോക്കപ്പിലുള്ള ചാവക്കാട്കാരൻ ഇസ്മായിൽ പറയും “അയാൾ ഇവിടെ കക്കൂസ് കഴുകിയാലും, നാട്ടിലെ കോടീശ്വരനായിരിക്കും”എന്ന്… അത് ശരിയായിരിക്കും എന്ന് എനിക്കും തോന്നി. എനിക്ക് ഒരു മാസം ജോലി ചെയ്താൽ 800 റിയാലായിരുന്നു ശമ്പളം പറഞ്ഞത്.. അന്നത്തെ ദിവസം ഒന്നും നടന്നില്ല… രണ്ടാമത്തെ ദിവസവും അങ്ങനെ തന്നെ പോയി….

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണം എന്നാണല്ലോ, കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും മൂന്നും അഞ്ചും ദിവസവും ഒരാഴ്ചയും ഒരു മാസവും അതിൽ കൂടുതലും കുളിക്കാതെയും പല്ല് തേക്കാതെയും ഉള്ളവരുടെ കൂടെ കിടക്കാനും ആ ടോയ്‌ലറ്റിൽ പോയി തൂറാനും മൂത്രമൊഴിക്കാനും ഞാൻ ശീലിച്ചു…. മൂന്ന് ദിവസമായിട്ട് ഒരേ ഡ്രസ്സാണ്. എനിക്ക് തന്നെ എന്നെ മണക്കാൻ തുടങ്ങിയിരുന്നു… മൂന്നാമത്തെ ദിവസം ഉച്ചയോടു കൂടി ഒരു പോലീസുകാരൻ കമ്പിയിൽ തട്ടി “സിദ്ദീഖ്,ബത്തത്തൊദുക”(പട്ടത്തൊടുക) എന്ന് വിളിച്ചു…കേട്ടയുടനെ ഞാനങ്ങോട്ടോടി. അയാൾ എന്നെയും കൊണ്ട് ഉയർന്ന റാങ്കിലുള്ള ഒരു പോലീസുകാരന്റെ ചേമ്പറിലേക്ക് പോയി… ചേമ്പറിൽ ആ മുതിർന്ന പോലീസ് ഓഫീസർ, എന്നോട് സലാം പറഞ്ഞു. ഇരിക്കാനും..” എന്തായിരുന്നു അന്ന് നടന്നത്? ” എന്നോടദ്ദേഹം വിശദീകരിക്കാൻ പറഞ്ഞു… ഞാൻ വന്നന്നുമുതൽ കാണുന്ന ആ കുട്ടികൾ ജീലുവിനോട് പെരുമാറിയതും ഞാനവരെ ഉപദേശിച്ചും ശാസിച്ചും നരക ശിക്ഷയെ പറഞ്ഞ് പേടിപ്പിച്ചും ഒരു വിധത്തിലാക്കിയത് മുതലുള്ള കഥ പറയാൻ തുടങ്ങിയ എന്നെ വിലക്കി അദ്ദേഹം വീണ്ടും പറഞ്ഞു “അന്ന് രാവിലെ നടന്നത് മാത്രം പറഞ്ഞാൽ മതി”…. ഞാൻ പറഞ്ഞു തുടങ്ങി..” സ്കൂൾ വിട്ടയുടനെ മുപ്പതോളം കുട്ടികൾ പെപ്സി വാങ്ങാനും മറ്റുമായി കടയിൽ തള്ളിക്കയറി. ഞാൻ ഓരോരുത്തർക്കും വേണ്ടത് കൊടുത്ത്, പെപ്സി പൊട്ടിച്ച് കവറിൽ ഒഴിച്ച് കൊടുക്കണമായിരുന്നു, പൈസയും വാങ്ങി ഓരോരുത്തരെ പിരിച്ചു വിട്ടു കൊണ്ടിരുന്നു. അവർ മിഠായികളും മറ്റും മോഷ്ടിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കിക്കൊണ്ടിരിക്കെ അഞ്ചോ ആറോ വയസ്സ് വരുന്ന ഒരു കുട്ടി ഒരു മിഠായിയെടുത്ത് കീശയിൽ ഇടുന്നത് ഞാൻ കണ്ടു. എന്റെ ചുറ്റിനും കുട്ടികളായിരുന്നതിനാൽ അവരെ ചെറുതായൊന്ന് വകഞ്ഞു മാറ്റി, ഞാൻ ആ കുട്ടിയുടെ പുറകുവശത്ത് അവന്റെ പാന്റിൽ പിടിച്ചു. അത് കാര്യമാക്കാതെ മുന്നോട്ടു നീങ്ങിയ അവന്റെ പാന്റ് കുറച്ചു താഴ്ന്നു ജെട്ടി അവിടെ കൂടിയിരുന്ന കുട്ടികളെല്ലാം കണ്ടു…. ” ഞാൻ പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു ” ബസ് ബസ്, യാ അള്ളാ റോ” ( മതി മതി പൊയ്ക്കൊ ), പുറത്തുനിന്നിരുന്ന പോലീസുകാരൻ എന്നെ വീണ്ടും സെല്ലിൽ കൊണ്ടാക്കി…ആ കുട്ടി ഒരു ശാഠ്യക്കാരനായിരുന്നു. അവന്റെ പാന്റ്സ് താഴ്ന്ന് ചന്തിയും ജെട്ടിയും കണ്ടതും മറ്റു കുട്ടികളുടെ കളിയാക്കലും അവനെ കോപിപ്പിച്ചു. കയ്യിലുണ്ടായിരുന്ന പെപ്സി കുടിച്ച് ഒഴിഞ്ഞ പ്ലാസ്റ്റിക് കവറും സ്ട്രോയും എന്റെ നേരെ എറിഞ്ഞ് സങ്കടപ്പെട്ട് അവൻ വീട്ടിലേക്ക് പോയി…. ഏതൊരു അച്ഛനും പൊള്ളൂലെ തന്റെ ഓമന മകൻ കരഞ്ഞ് കണ്ണ് കലങ്ങി വരുന്നത് കണ്ടാൽ… അതിന്റെ കൂടെ, ഞാനാണ് ഇസ്ലാമിന്റെ അവസാനത്തെ വാക്ക് എന്ന ചിന്തയിലുള്ള ആ മുത്തവയുടെ പ്രലോഭനവുമാകാം മറ്റൊന്നും അന്വേഷിക്കാതെ എനിക്കെതിരെ ഇങ്ങനെയൊരു കാര്യത്തിന് ആ പിതാവ് മുതിർന്നത്.. ഞങ്ങൾ മലയാളികൾ പത്തുപേരോളം ഒരു തട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഒരു മൂലയിൽ ഇരിക്കുമ്പോളാണ് മുൻപ് വിളിച്ച ആ പോലീസുകാരൻ തന്നെ കമ്പിയിൽ മുട്ടി എന്നെ വീണ്ടും വിളിക്കുന്നത്… ഞാൻ ചെന്നു. താഴെയുള്ള ഒരു ഓഫീസിൽ പോയി എന്നെക്കൊണ്ട് ഒന്നുരണ്ടിടത്ത് ഒപ്പിടിവിച്ച് എന്നോട് പോകാൻ പറഞ്ഞു… എനിക്ക് അത്ഭുതം തോന്നി, ഞാൻ വീണ്ടും ചോദിച്ചു, സാർ എന്നോട് പോകാൻ തന്നെയല്ലേ പറഞ്ഞത്.. അദ്ദേഹം പറഞ്ഞു ” അതെ”.. ഞാൻ പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു എന്റെ റൂമിലേക്ക് പോയി… കഴിഞ്ഞ രണ്ട് ദിവസം അവർ അന്വേഷിച്ചു കാണണം , എന്നെ അറസ്റ്റ് ചെയ്തപ്പോൾ അവിടെ ഉണ്ടായിരുന്ന 60 വയസ്സോളം പ്രായമുള്ള ആ ബിൽഡിംഗ് ഓണരോടും അന്വേഷിച്ചിരിക്കാം. ഞാനെന്റെ കഫീലിനെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹവും ഒരു പോലീസ് ഓഫീസറാണ്. അദ്ദേഹത്തെയും വിളിച്ചിരിക്കാം. അല്ലെങ്കിലും ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനും പെട്ടെന്ന് ബോധ്യമാകും എന്റെ നിരപരാധിത്വം….ഞാൻ റൂമിലെത്തി, കട തുറന്നു. ഒരുമാസമാകുന്നതിനുമുമ്പ് ആ കട വിറ്റു. എന്നോട് അദ്ദേഹത്തിന്റെ ജേഷ്ഠന്റെ കടയിലേക്ക് പോകാൻ പറഞ്ഞു…എന്റെ മച്ചുനിയനെ എല്ലാ അർത്ഥത്തിലും ബുദ്ധിമുട്ടിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആ കൊടും ഭീകരരായ അറബിയുടെയും മിസിരിയുടെയും കൂടെ നാളെ മുതൽ ഞാൻ ജോലി ചെയ്യണം… അതിലും ഭേദം എന്നെയങ്ങ് കൊല്ലുന്നതായിരുന്നു… തുടരും…..Sidhique Patta….

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com