ENTERTAINMENT

സിദ്ദീഖ് എഴുതുന്നു… എൻ്റെ ഭ്രാന്തൻ ചിന്തകൾ..

സൗദിയാണ് രാജ്യം ശരിയത്താണ് നിയമം…. ഭാഗം- 4

എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് ഉപ്പയുടെ സഹോദരിയുടെ മകനായ അവൻ എന്റെ കൂടെ ഒരേ വീട്ടിൽ താമസിച്ച് പഠിക്കാൻ തുടങ്ങിയത്. സമപ്രായക്കാരായ ഞങ്ങൾ ഒരുമിച്ചാണ് ഒന്നാം ക്ലാസിൽ മദ്രസയിലും സ്കൂളിലും പോയിരുന്നത് .. ഞങ്ങൾ ഒരുമിച്ചാണ് എസ്എസ്എൽസി കഴിഞ്ഞത്. എനിക്ക് ഫസ്റ്റ് ക്ലാസും അവൻ തോൽക്കുകയും ചെയ്തു. എനിക്ക് ചീട്ടുകളിയായിരുന്നു ലഹരിയെങ്കിൽ അവന് മദ്യപാനമായിരുന്നു… മദ്യപിച്ചില്ലെങ്കിൽ എല്ലാവർക്കും പ്രിയങ്കരനായ എന്റെ മച്ചുനിയൻ റഷീദ് മദ്യപിച്ചു കഴിഞ്ഞാൽ, ആരെങ്കിലും ഒന്ന് നോക്കിയാൽ, അവനിഷ്ടമില്ലാത്തത് പറഞ്ഞാൽ, ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി സപ്ലയർ ഭക്ഷണം കൊണ്ടുവെച്ച് ആ ഭക്ഷണത്തിന്റെ മുകളിൽ കൂടി ഒരു ഈച്ച പറന്നാൽ, ഭക്ഷണത്തിലോ ഭക്ഷണം വെച്ചിരിക്കുന്ന മേശയിലോ ഈച്ച ഇരുന്നിട്ടുപോലും ഉണ്ടാവില്ല, അവനിലെ പൗരുഷമുണർന്ന് അതിനെയെല്ലാം ചോദ്യം ചെയ്യുകയും ധിക്കരിക്കുകയും അടി കൂടുകയും ചെയ്യും. മദ്യപിച്ചാൽ അത് പതിവാണ് താനും. 19 വയസ്സുകാരനായ അവനും (P P 21 വയസ് ) ഇപ്പോൾ സൗദി അറേബ്യയിൽ എന്റെ കൂടെ ഒരേ വീട്ടിലുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അവൻ വന്നത്.. പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി, കട വിറ്റതിനുശേഷം മറ്റേ കടയിൽ, ബഷീറിനെ ഒരുപാട് ബുദ്ധിമുട്ടിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആ മിസിരിയുടെയും അറബിയുടെയും അടുത്തേക്ക് പോകണ്ട എന്ന് എന്റെ ഇളയപ്പയും മറ്റു ബന്ധുക്കളും പറഞ്ഞത് കൊണ്ട്, ഞാനും അവിടെ നിന്ന് ചാടി, എളാപ്പയുടെയും മറ്റു തിരുവമ്പാടിക്കാരുടെയും കൂടെ, ഞാനന്ന് എയർപോർട്ടിൽ നിന്ന് നേരെ വന്ന ആ വീട്ടിലേക്ക്‌ താമസമാക്കി..പന്ത്രണ്ടും പതിനാറും ചക്രങ്ങളുള്ള ട്രെയിലറിലേ ഡ്രൈവർമാരായ തിരുവമ്പാടിക്കാരായിരുന്നു അവിടെ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും.അവരുടെ ഭക്ഷണം പാകം ചെയ്യാനും അലക്കാനും മറ്റും ഉംറയ്ക്ക് വന്ന് തിരിച്ചു പോകാതെ ഒളിവിൽ ജോലി ചെയ്യുന്ന മലപ്പുറത്തുകാരൻ അലവിക്കയുമുണ്ട്.. ജിദ്ദയിൽ നിന്ന് നൂറോ നൂറ്റമ്പതോ കിലോമീറ്റർ ദൂരെയുള്ള അസ്ഫാനിലേക്ക്‌ വെള്ളം കൊണ്ടുപോകലാണ് അവരുടെ ജോലി. കടൽ നികത്തി കരയാക്കി എന്തോ വലിയ,വര്ഷങ്ങളോളമുള്ള പ്രോജക്റ്റാണ്… രാത്രി മൂന്നുമണിക്കും നാലുമണിക്കും എണീറ്റ് പോകുന്ന അവർ പതിനാലോ പതിനഞ്ചോ മണിക്കൂറിനു ശേഷം ജോലി കഴിഞ്ഞ് റൂമിലേക്ക് വരുന്ന കാഴ്ച കണ്ടാൽ പെറ്റ തള്ള എന്നല്ല ആർക്കും സഹിക്കില്ല… ഒരിക്കൽ തൊടുപുഴക്കാരൻ അൻസാരിയുടെ കൂടെ ഞാനും ലോറിയിൽ പോയി. രാവിലെ നാലുമണിക്ക് പമ്പിൽ പോയി ട്രൈലറിൽ വെള്ളം നിറച്ച്, 150 ഓളം കിലോമീറ്റർ പോയി അസ്ഫാനിൽ വെള്ളം ഇറക്കും. രാവിലെ ആയതുകൊണ്ട്, ആദ്യത്തെ അനുഭവമായതുകൊണ്ടും എനിക്ക് സന്തോഷം തോന്നി. രണ്ടാമത്തെ ട്രിപ്പ് ആയപ്പോഴേക്കും വെയിലിന്റെ ചൂട് അസഹനീയമായിരുന്നു, വണ്ടിയിൽ A C സിയുമില്ല..

റോഡിന്റെ ഇരുവശവും നീണ്ട് കിടക്കുന്ന മരുഭൂമിയിലൂടെ പോയിക്കൊണ്ടിരിക്കെ ആടുകളെയും മേയ്ച്ച് പൊരി വെയിലത്ത് ഒരു മൊട്ടുസൂചിയുടെ നിഴല് പോലും പ്രതീക്ഷിക്കാതെ നടന്നു നീങ്ങുന്ന ആട്ടിടയന്മാരെ കണ്ട് സങ്കടം തോന്നി.. രണ്ടാം ട്രിപ്പ് കഴിഞ്ഞ്, മൂന്നാം ട്രിപ്പ് വെള്ളം നിറച്ചു വച്ച്, ഉച്ചയ്ക്ക് മൂന്നരയോടുകൂടി ഞങ്ങൾ ചോറുണ്ണാനായി വീട്ടിലെത്തി.. തീയിൽ കാണിച്ച വാഴയില പോലെ ഞാൻ വാടിത്തളർന്നിരുന്നു.. അവന് ഇനിയും ഒരു ട്രിപ്പ് കൂടിയുണ്ട്. രാത്രി 9 മണിയാകും ജോലി കഴിഞ്ഞ് തിരിച്ചുവരാൻ. ക്ഷീണം കാരണം ഞാൻ ഊണിനു ശേഷം അവന്റെ കൂടെ പോയില്ല.. പുതുപുത്തൻ ഡ്രസ്സും ബ്രൂട്ടിന്റെ സ്പ്രേയും അടിച്ച് കറങ്ങി നടന്നിരുന്ന ഗൾഫുകാരെ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്. അവരെത്ര ഭാഗ്യവാന്മാർ എന്ന് ചിന്തിച്ചിട്ടുമുണ്ട്… അഞ്ചാറു മാസം ഞാനൊരു കടയിൽ നിന്നെങ്കിലും, അതും 14 മണിക്കൂറോളം, അപ്പോഴൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല, അല്ലെങ്കിൽ എനിക്ക് അറിയില്ലായിരുന്നു എത്രത്തോളം കഷ്ടപ്പെട്ടാണ് അവർ ജോലി ചെയ്യുന്നത് എന്ന്.. കൊടുവള്ളിക്കാരൻ ബഷീർ 24 വയസ്സ് കാണും. സിനിമ ഭ്രാന്തനാണ്. റൂമിൽ ടിവിയും വീ സി ആറും ഉണ്ട്. ഏകദേശം 24 മണിക്കൂറും അതിൽ സിനിമ കളിക്കാറുമുണ്ട്. അങ്ങനെയുള്ള ബഷീർ, ആ സമയത്ത് മലയാളത്തിലെ ഹിറ്റായിരുന്ന അനിയത്തിപ്രാവ് എന്ന സിനിമ, ഫാസ്റ്റടിച്ച് ഫാസ്റ്റടിച്ച് ഒരു മണിക്കൂർ കൊണ്ട് കണ്ടു തീർത്തു..പത്തോ പതിനാലോ മണിക്കൂർ,ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നോക്കിയാൽ കാണാത്തത്ര വലിപ്പമുള്ള ട്രെയിലറിൽ ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് അത്.

നാലോ അഞ്ചോ മണിക്കൂറെ ഉറങ്ങാനായുള്ളൂ.. വർഷത്തിൽ ഒന്നോ രണ്ടോ മാസം ലീവിന് നാട്ടിൽ പോകുന്ന മലപ്പുറത്തുകാരൻ മജീദ്ക്ക തിരിച്ചുവന്നിട്ട് പുതിയ ബെഡും ബെഡ്ഷീറ്റും തലയണയും പുതപ്പും വാങ്ങിക്കുകയാണ് ആദ്യം ചെയ്യുന്നത്. അടുത്ത വെക്കേഷന് നാട്ടിൽ പോകുന്നത് വരെ അലക്കുകയോ തുടക്കുകയോ ചെയ്യാതെ അതുപയോഗിക്കും. പോകാൻ നേരം അതെല്ലാം വേസ്റ്റ് ബിന്നിലിടും. കാശ് ചെലവാകുന്ന ഒരു ദുശീലവും ഇല്ലാത്ത, അദ്ദേഹം സമ്പാദിക്കുകയാണ് അദ്ദേഹത്തിന്റെ ഉറ്റവർക്ക് വേണ്ടി..താമരശ്ശേരിയുള്ള രാജേട്ടൻ. നാട്ടിൽ വലിയ നിലയിലൊക്കെയായിരുന്നു. വിസക്കച്ചവടം ചെയ്ത് ഒരുപാട് കടബാധ്യതനായി. അവസാനം അയാൾ ഒരു വിസയെടുത്ത് കടം വീട്ടാൻ വന്നതാണ്.. ഭാര്യയേയും മക്കളേയും നാടും വീടും ഉപേക്ഷിച്ച് “ജോലി വീട്, ജോലി വീട്” എന്ന നിലയിൽ കഷ്ടപ്പെടുന്ന, രണ്ടോ മൂന്നോ വർഷത്തിൽ ഒന്നോ രണ്ടോ മാസത്തിന് ലീവിന് വരുന്ന ഇവർക്കല്ലാതെ മറ്റാർക്കാണ് അണിഞ്ഞൊരുങ്ങിയും സ്പ്രേയടിച്ചും ഒന്ന് അടിച്ചു പൊളിച്ച് ഉല്ലസിക്കാൻ അവകാശമുള്ളത്?….

ഒന്നര മാസത്തോളമായി ജോലിയൊന്നും ശരിയായിട്ടില്ല. ഇപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്ക്‌ ജോലി വേണം, എനിക്കും എന്റെ മച്ചുനിയൻ റഷീദിനും. എന്റെ അമ്മായി കാക്ക, ഉപ്പയുടെ നാലു പെങ്ങന്മാരിൽ ഇളയ പെങ്ങളുടെ ഭർത്താവ്, ഒരു ജോലി പറഞ്ഞു. സർവീസ് സ്റ്റേഷനിൽ വണ്ടികൾ കഴുകുന്ന ജോലി.രണ്ട് പേരെ വേണം. ഞാനും റഷീദും അങ്ങോട്ട് പോയി.. ഒരു മിസിരി നടത്തുന്ന സർവീസ് സെന്ററായിരുന്നു അത്. രാവിലെ വർക്കിംഗ് ഡ്രസ്സൊക്കെയിട്ട് ഞങ്ങൾ ജോലിക്ക് റെഡിയായി. മൂന്നാല് ടാങ്കർ ലോറി കഴുകാനായി ക്യൂവിൽ നിർത്തിയിട്ടുണ്ട്. ഞങ്ങളോട് ആ മിസിരി കഴുകാനായി നിർത്തിയിയിരിക്കുന്ന ലോറിയുടെ ടാങ്കിൽ ഇറങ്ങി വെള്ളമടിച്ച് കഴുകാൻ പറഞ്ഞു.. റഷീദ് കഴുകാനായി ടാങ്കിൽ ഇറങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവൻ ടാങ്കിൽ നിന്ന് പുറത്തിറങ്ങി ” ഇതെനിക്ക് പറ്റില്ല” എന്ന് പറഞ്ഞു.. ഞാനും ടാങ്കിലിറങ്ങി. ക്രൂഡോയിൽ നിറച്ച് കൊണ്ടുപോകുന്ന ടാങ്കറുകളായിരുന്നു അവിടെ കഴുകാൻ വരുന്നതിൽ അധികവും. ഞാൻ ടാങ്കിൽ ഇറങ്ങി, ക്രൂഡോയിന്റെ ഭയപ്പെടുത്തുന്ന മണം എന്നെ അസ്വസ്ഥനാക്കി. അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് ടാങ്കുകളെല്ലാം മൂന്നോ നാലോ അറകളായിട്ടാണ് എന്ന്. ഓരോ അറക്കും ഓരോ മാൻഹോൾ, ഒന്ന് ഇടുത്തു സൈഡിലാണെങ്കിൽ അടുത്ത ടാങ്കിന്റെ മാൻഹോൾ വലത്ത് സൈഡിലായിരിക്കും .നേരെ നോക്കിയാൽ അപ്പുറത്തെ ടാങ്കിന് വാതിൽ ഉള്ളതായി തോന്നുകയുമില്ല…

ഉൾവശത്തും വശങ്ങളിലുമെല്ലാം നിറയെ കരിയോയിൽ പറ്റിപ്പിടിച്ച് കട്ടയായി കിടക്കുന്നു. ടാങ്കിനുള്ളിലെ ഇരുട്ടും, ശ്വാസം കിട്ടാതെ മരിച്ചുപോകുമോ എന്നും പേടിച്ച് ഞാനും കയറി, ഇറങ്ങിയതിലും വേഗത്തിൽ.. അല്ലെങ്കിലും ജീവിതത്തിൽ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ഞങ്ങൾ കൗമാരക്കാർക്ക് പറ്റിയ ഒരു ജോലി ആയിരുന്നില്ല അത്..ഞങ്ങൾ റൂമിൽ തിരിച്ചെത്തി. രണ്ടുമൂന്ന് ആഴ്ചകൾക്ക് ശേഷം തിരുവമ്പാടി കാരനായ, ഞങ്ങളുടെ സുഹൃത്തുക്കളുടെ ഉപ്പയായ കുട്ടിക്കാക്ക ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ജോലിയുമായി വന്നു.. ഐസ്ക്യൂബ്സ് ഉണ്ടാക്കുന്ന ഒരു ചെറിയ കമ്പനിയായിരുന്നു അത്. ഐസ്ക്യൂബ്സ് ഒരു യന്ത്രത്തിലെ പൈപ്പിനുള്ളിലൂടെ പുറത്തോട്ടു ചാടുന്നത് 5, 10,15 കിലോ വീതം ഓരോ കവറിലാക്കുക. രണ്ടും മൂന്നും മണിക്കൂർ മെഷീന്റെ അടുത്തുനിന്ന് മാറാതെ താഴോട്ട് വീഴുന്ന ഐസ് ക്യൂബുകൾ കവറിലാക്കി മാറ്റിക്കൊണ്ടിരിക്കണം. ആ ജോലിയും ഞങ്ങൾക്ക് പറ്റില്ല എന്നായി. പക്ഷേ പറ്റില്ല എന്ന് കാരണവന്മാരോട് എങ്ങനെ പറയും?. ഞങ്ങൾ സ്വയം ശപിച്ചും മറ്റുള്ളവരെ ശപിച്ചും ജോലി തുടർന്നു..രണ്ടാം ദിവസം ജോലി കഴിയാം നേരം ഇളയപ്പ വിളിച്ചിട്ട് എന്നോട് പറഞ്ഞു ” നീ വൈകുന്നേരം ടാക്സി എടുത്തിട്ട് ഇങ്ങോട്ട് പോര്, നാളെ ഒരു ഇന്റർവ്യൂ ഉണ്ട്, നീ ഒന്ന് പോയി നോക്ക്‌ “,.ഫോണ് റഷീദിന് കൊടുക്കാനും പറഞ്ഞു.. അവനോട് എന്റെ കാര്യം പറഞ്ഞതിന് ശേഷം അവനോട് അവിടെ ജോലി ചെയ്യാൻ പറഞ്ഞു.. ഇന്റർവ്യൂവിൽ പാസായി ജോലി കിട്ടുമോ ഇല്ലയോ എന്നതിലും ഞാൻ സന്തോഷിച്ചത് ഈ ജോലിയിൽ നിന്ന് കഴിച്ചിലായല്ലോ എന്നോർത്താണ്..മുൻകോപക്കാരനും വാശിക്കാരനുമായ അവന്റെ അവസ്ഥ ഓർത്ത് എനിക്ക് വിഷമം തോന്നി..

ഞാൻ റൂമിലെത്തി. ഹിറാ ഇന്റർനാഷണൽ സൂക്കിലെ ( ഷോപ്പിംഗ് കോംപ്ലക്സ്) ധനൂപ് ഹൈപ്പർമാർക്കറ്റിലെ കാഷ്യറിന്റെ വേക്കൻസിയിലേക്കായിരുന്നു ഇന്റർവ്യൂ.. ധനൂപ് ഹൈപ്പർ മാർക്കറ്റ് അൽ നയീമിൽ ഞങ്ങൾ താമസിക്കുന്ന വീടിന്റെ അടുത്തായിരുന്നു. ഞങ്ങൾ അവിടെ നിന്നായിരുന്നു വീട്ടിലേക്കുള്ള ഇറച്ചിയും മീനും പച്ചക്കറികളും വാങ്ങിയിരുന്നത്. നാട്ടിലേക്ക് വെക്കേഷന് വരുന്നവർ സാധനങ്ങളൊക്കെ വാങ്ങിയിരുന്നതും അവിടെ നിന്നുതന്നെയായിരുന്നു. എല്ലാം ഒരു കുടക്കീഴിൽ എന്നപോലെ എല്ലാം ലഭ്യമായിരുന്നു അവിടെ..ടൈ കെട്ടി കറങ്ങുന്ന കസേരയിൽ ഇരുന്ന് കസ്റ്റമർ വാങ്ങിയ സാധനങ്ങൾ, ഓരോന്നിന്റെയും മുകളിലുള്ള ബാർകോഡ് സ്കാൻ ചെയ്ത് ക്യാഷ് വാങ്ങി മേശയിലിടുക..എന്നിലെ കൗമാരക്കാരന് സന്തോഷമടക്കാനായില്ല..ഹിറ സൂക്കിൽ വിസിറ്റിംഗ് കാർഡും ഇൻവിറ്റേഷൻ കാർഡും നിർമ്മിച്ചു കൊടുക്കുന്ന ഷോപ്പിന്റെ നടത്തിപ്പുകാരനായ തിരുവമ്പാടിക്കാരൻ റസാക്കാണ് ജോലി ഒഴിവ് പറഞ്ഞത്.. രാത്രി ഞാൻ അദ്ദേഹത്തെ പോയി കണ്ടു. എനിക്ക് നേരത്തെ അറിയാവുന്ന അദ്ദേഹത്തിന്റെ അനിയന്മാർ എന്റെ കൂട്ടുകാരാണ്.. അദ്ദേഹം പറഞ്ഞു ” നാളെ പത്തുമണിക്കാണ് ഇന്റർവ്യൂ, ഫുൾകൈ ഷർട്ട് ഇട്ട് ടൈ കെട്ടിയിട്ടു വേണം വരാൻ. ഇന്റർവ്യൂവിന് ബികോം സർട്ടിഫിക്കറ്റ് വേണം”. അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കെ ഞാൻ പറഞ്ഞു “അതിന് ഞാൻ പത്താം ക്ലാസ് വരെ പോയിട്ടുള്ളൂ”..”അതെനിക്കറിയാം, ബികോമിന്റെ സർട്ടിഫിക്കറ്റ് ഞാൻ ഇവിടുന്ന് ഉണ്ടാക്കിത്തരാം, അവര് ചോദിച്ചാൽ ഒറിജിനൽ നാട്ടിലാണ്, ഇത് ഫാക്സ് വന്നതാണ് എന്ന് പറഞ്ഞാൽ മതി”.അദ്ദേഹത്തിന് കടയിൽ തിരക്കായതിനാൽ എന്നോട് ദനൂപ് ഹൈപ്പർമാർക്കറ്റിൽ കയറി ടൈ വാങ്ങിയിട്ട് പോകാൻ പറഞ്ഞു..

പിറ്റേന്ന് രാവിലെ കുളിച്ച് ഷർട്ട് ഇൻ ചെയത് ഷൂ ഇട്ട്, ടൈ കെട്ടാൻ ശ്രമിച്ചു..അവിടെ ആ റൂമിലുള്ള ആർക്കും അറിയില്ലായിരുന്നു. 300 മീറ്ററോളം അപ്പുറത്തുള്ള റസാക്കിന്റെ വീട്ടിലേക്ക് ഓടി. അദ്ദേഹം കൈകെട്ടി തന്നു. ഇന്റർവ്യൂ ഹാളിൽ എത്തി. 12 പേരുണ്ട്, ഞാൻ ഒഴികെ ബാക്കിയെല്ലാം ബിരുദധാരികൾ, ആകെയുള്ളത് രണ്ട് ഒഴിവ്?..എന്റെ ആത്മവിശ്വാസമെല്ലാം ചോർന്നില്ലാതെയായി…

കഥയിലെ പേരുകൾ സാങ്കല്പികം മാത്രം തുടരും…Sidhique Patta…..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com