
കോഴിക്കോട് : കുന്നമംഗലത്തെ അഗസ്ത്യൻമുഴിയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാത (എസ്എച്ച് 83) എൻഐടിയുടെ വസ്തുവാണെന്ന് ബോർഡ് സ്ഥാപിച്ച് അധികൃതർ. എൻഐടി വരുന്നതിന് വർഷങ്ങൾക്കു മുൻപ് തന്നെ ജനം ഉപയോഗിക്കുന്ന റോഡിൽ എൻഐടി അധികൃതർ ബോർഡ് വച്ചതോടെ പ്രതിഷേധം ശക്തമായി. കട്ടാങ്ങലിൽനിന്നും 12–ാം മൈൽ വരെയുള്ള റോഡ് എൻഐടിയുെട വസ്തുവാണെന്നാണ് അറിയിച്ചാണ് രണ്ട് സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്. ഇനി മുതൽ കമ്പനിമുക്ക് വഴി പോകേണ്ടിവരുമെന്നാണ് ബോർഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള റോഡിൽ രണ്ട് ദിവസം മുൻപാണ് എൻഐടി അധികൃതർ ബോർഡ് വച്ചത്.2002ലാണ് എൻഐടി സ്ഥാപിച്ചതെന്നും 100 വർഷം മുമ്പ് തന്നെ റോഡുണ്ടായിരുന്നുമെന്നാണ് നാട്ടുകാർ പറയുന്നത്. 1962ൽ ആർഇസി തുടങ്ങിയത് ഈ റോഡിന് വശത്തായാണ്. പിന്നീടാണ് ഹോസ്റ്റൽ, ഡയറക്ടർ ബംഗ്ലാവ് ഉൾപ്പെടെയുള്ളവ നിർമിച്ചത്. തുടർന്ന് ക്യാംപസ് റോഡിന് ഇരുവശത്തുമുള്ള സ്ഥലങ്ങളിലേക്ക് വികസിപ്പിക്കുകയായിരുന്നു. കോഴിക്കോടിനെ മുക്കം ഉൾപ്പെടെയുള്ള മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ ബസ് സർവീസ് നടത്തുന്ന റോഡുകളിൽ ഒന്നാണിത്.ചാത്തമംഗംലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉൾപ്പെടെയുള്ളവർ എൻഐടി അധികൃതരുടെ നടപടിക്കെതിരെ രംഗത്തെത്തി. എൻഐടി അധികാരികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തെ ചെറുത്തുതോൽപ്പിക്കും. കാവിവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.



