ENTERTAINMENT

സിദ്ധീഖ് എഴുതുന്നു… എന്റെ ഭ്രാന്തൻ ചിന്തകൾ..

.സഹധർമ്മിണി…2

അർദ്ധരാത്രിയായി, ഉറങ്ങണ്ടേ?, രാവിലെ പണിക്ക് പോകണ്ടേ?”.. സജിന സലീമിനോട് ചോദിച്ചു..”കഴിഞ്ഞ കുറേ വർഷങ്ങളായി പല രാത്രികളിലും ഓരോന്നാലോചിച്ച് ഒട്ടും ഉറങ്ങാതെ ഞാൻ ജോലിക്ക് പോയിട്ടുണ്ട്”..ഉറക്കമൊന്നും തനിക്ക് ഒരു പ്രശ്നമല്ല, അതൊക്കെ എന്നേ ശീലിച്ചിരിക്കുന്നു എന്ന ഭാവേന വളരെ നിസ്സാരവൽക്കരിച്ചായിരുന്നു സലീം അതിന് മറുപടി പറഞ്ഞത്.. അവളവനെ ഒന്നുകൂടെ ചേർത്തുപിടിച്ചു.. സലിം പറയാൻ തുടങ്ങി..” രണ്ടുമാസത്തെ ലീവിന് നാട്ടിലെത്തി”..”കോളേജിൽ പോയിരുന്ന ബസ്സിലെ ഡ്രൈവറുമായിട്ടായിരുന്നു സാഹിറ പ്രേമത്തിലായത്. വീട്ടിൽ നിന്ന് കോളേജിലേക്കെന്നും പറഞ്ഞ് പോയിട്ട് കോളേജിൽ പോകാതെ അവന്റെ കൂടെ ബീച്ചിലും പാർക്കിലും ചുറ്റിക്കറങ്ങുന്നത് നാട്ടുകാരിൽ ചിലർ കണ്ട് നാട്ടിലാകെ പാട്ടായി”..”അവനെയേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞ് സാഹിറ ഒറ്റക്കാലിൽ നിന്നു”..”ഞാനും അഹമ്മദ് അമ്മോനും പോയി അവനെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. അവനവളോടുള്ള പ്രണയം ഒരു നേരമ്പോക്കായിരുന്നുവെന്നും ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് അവളെ കല്യാണം കഴിക്കുന്നതിൽ താല്പര്യക്കുറവൊന്നുമില്ല എന്നും അവനോട് സംസാരിച്ചപ്പോൾ ഞങ്ങൾക്ക്‌ മനസ്സിലായി”..”അത്യാവശ്യം ചുറ്റുപാടൊക്കെയുള്ള വീട്ടിലെ രണ്ടാൺമക്കളിൽ മൂത്തവനായിരുന്നു ഹാരിസ്”..”അവരുടെ നാട്ടിലെ പൊതുപ്രവർത്തകനായ യാസിർ എന്നയാളേയും കൂട്ടിയായിരുന്നു ഞങ്ങൾ അവരുടെ വീട്ടിൽ ചെന്നത്. യാസീറിനോട് ഞങ്ങൾ കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് അദ്ദേഹമാണ് അവന്റെ ഉപ്പ ഇസ്മായിൽ ഹാജിയോടും അദ്ദേഹത്തിന്റെ ഭാര്യയോടും കാര്യങ്ങൾ വിവരിച്ചത് “..

“ഏതൊരു രക്ഷിതാക്കൾ എന്നപോലെ പലതും സ്വപ്നം കണ്ടിരുന്ന അവർക്കും ആദ്യം അതംഗീകരിക്കാൻ കഴിഞ്ഞില്ല”..”അത്യാവശ്യം ഖുർആനും ഹദീസും ഒക്കെ വശമുണ്ടായിരുന്ന യാസിർ, ഖുർആനിനെയും ഹദീസിനെയും മുൻനിർത്തി ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് മനസ്സില്ല മനസ്സോടെ അവരെക്കൊണ്ട് സമ്മതിപ്പിച്ചു”..”അപ്പോഴതാ അടുത്ത പ്രശ്നം”..”സ്ത്രീധനം ചോദിക്കുന്നതും പറയുന്നതും പഴയ കാലങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെങ്കിലും, തരക്കാര് തമ്മിലുള്ള വിവാഹമാകുമ്പോൾ അവരത് കണ്ടറിഞ്ഞ് ചെയ്യും. സമ്പന്നനും ദരിദ്രരും തമ്മിലാണ് ഉടമ്പടിയെങ്കിൽ അവരത് ചോദിക്കുക തന്നെ ചെയ്യും”..”നൂറ്റൻപത് പവൻ വേണം”..” നടക്കില്ല””നൂറ്”..” അതും നടക്കില്ല”..”യാസിർ സ്ത്രീധനം വാങ്ങുന്നതിന്റെ വരും വരായ്കളും നിയമവശങ്ങളും അതിന്റെ ശിക്ഷയും ഇസ്ലാമിക വീക്ഷണവും വാരിക്കോരി പറഞ്ഞെങ്കിലും, 50 പവനെങ്കിലും കൊടുത്തില്ലെങ്കിൽ ആ വിവാഹം നടക്കില്ല എന്ന് ഹാജിയാര് തീർത്ത് പറഞ്ഞു”..”മറുത്തൊന്നും പറയാനില്ലാതെ യാസിർ “അത് നമുക്ക് ശരിയാക്കാം” എന്നും പറഞ്ഞ് അവരോട് യാത്ര പറഞ്ഞ് പോന്നു”.. “മൂത്ത പെങ്ങളുടെ പഠനത്തിനും വിവാഹത്തിനും വീട് മെയിന്റനൻസിനും വാങ്ങിയ കടത്തിൽ രണ്ട് ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഉപ്പയുടെ ചികിത്സിക്കും മറ്റുമായി നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അവരവർക്ക് കഴിയുന്നത് പരമാവധി തരുകയും ചെയ്തു. കുറഞ്ഞ സമയം കൊണ്ട് 50 പവൻ ഉണ്ടാക്കാൻ എനിക്ക് ഒരിക്കലും സാധ്യമായിരുന്നില്ല”..”അനിയൻ സൽമാൻ ലോറിയിൽ പോയിരുന്നെങ്കിലും മദ്യപാനവും മറ്റുമായി കിട്ടുന്നതിൽ എന്തെങ്കിലും വീട്ടിൽ കൊടുക്കും എന്നല്ലാതെ യാതൊരു ഉത്തരവാദിത്വവും അവൻ ഏറ്റെടുത്തിരുന്നില്ല”..”ഉമ്മ എന്തായാലും കുഴപ്പമില്ല എന്ന മട്ടിലും”..”നിരാലംബനായ ഉപ്പയും”..”എനിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറാൻ പറ്റില്ലല്ലോ?”..”ഞാൻ ആലോചിച്ചു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാൻ തീരുമാനിച്ചു”..”പെണ്ണ് പലതും കണ്ടു. പലർക്കും എന്നെ ഇഷ്ടപ്പെട്ടെങ്കിലും, അത്രയും സ്ത്രീധനം തരാൻ കഴിവുള്ളവർ, അവരുടെ മക്കളെ എന്റെ ദാരിദ്ര്യത്തിലേക്ക് അയക്കാൻ തയ്യാറായില്ല. മറ്റുള്ളവർക്ക് ആ സ്ത്രീധനം തരാൻ കഴിയുകയുമില്ല”..”ലീവ് കഴിഞ്ഞു കൊണ്ടിരുന്നു”.. പിന്നീടങ്ങോട്ട് ഒരു കുമ്പസാരം പോലെയായിരുന്നു സലിം സംസാരിച്ചത്. അതവൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു..

ഉമ്മയുടെ ഒരു പരിചയക്കാരൻ മുഖേനയാണ്, 22 വയസ്സുള്ള കാലിന് ചെറിയ മുടന്തുള്ള ഇരു നിറമുള്ള നിന്നെ പെണ്ണ് കാണാൻ വന്നത്”..ഞാൻ നിന്നെ കാണുന്നതിനു മുമ്പേ തീരുമാനിച്ചിരുന്നു, ഞാൻ നിന്നെ കെട്ടും എന്ന്. എന്റെ മുമ്പിൽ അനിയത്തിയുടെ കല്യാണം നടത്താൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല”..” പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ നിന്നെ ശരിക്കും നോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല, നമ്മൾ ഒന്നും സംസാരിച്ചിട്ടുമില്ല. ആ ബ്രോക്കറോട് ( ഉമ്മയുടെ പരിചയക്കാരൻ) വിവരം പറഞ്ഞറിയിക്കാം എന്ന് പറഞ്ഞ് പോരുകയാണ് ചെയ്തത് “.. അതുവരെ സങ്കടത്തോടെ സലീം പറയുന്നത് കേട്ടിരുന്ന സജിന പതുക്കെ തേങ്ങിക്കരയാൻ തുടങ്ങി.. അത് സലീം മനസ്സിലാക്കിയത് കൊണ്ടാവണം അവനവളെ ചേർത്ത് മുറുക്കി പിടിച്ചു..”വിവാഹ ദിവസം ഞാൻ നിന്നെ താലികെട്ടി എന്റെ കൂടെ നിന്നെ വീട്ടിലേക്ക് ക്ഷണിക്കാൻ വന്ന ആളുകൾ പ്രത്യേകിച്ച് സ്ത്രീകൾ, “ഇവൻ എവിടെ നോക്കിയാണ് കെട്ടിയത്, ഇവന് ചേർന്ന പെണ്ണല്ല ഇത്” തുടങ്ങിയ കുശു കുശുപ്പും അവരുടെ മുഖഭാവവും എന്നെ വല്ലാതാക്കി. നിന്നെയും കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ അവിടെ കൂടിയിരുന്നവരുടെ മുഖത്തും ഞാൻ അതുതന്നെ കണ്ടു”..”നമ്മുടെ വിവാഹവും സാഹിറയുടെ വിവാഹവും ഒരു ദിവസം തന്നെ ആയിരുന്നല്ലോ?, നീ വന്നതിനുശേഷം നീ ധരിച്ചിരുന്ന ആഭരണങ്ങളിൽ ഏറിയ പങ്കും മുഴുവൻ തന്നെ എന്ന് പറയാം അവൾക്ക് കൊടുത്താണല്ലോ അവളെ പറഞ്ഞുവിട്ടത്”..”എങ്ങിനെയെങ്കിലും നിന്നെയൊന്ന് കെട്ടിച്ചു വിട്ടാൽ മതി എന്നായിരുന്നു നിന്റെ വീട്ടുകാരുടെ അവസ്ഥ. ആ അവസ്ഥ ചൂഷണം ചെയ്താണ് നിന്റെ ആഭരണങ്ങളെല്ലാം എന്റെ അനിയത്തിക്ക് കൊടുക്കും എന്ന് ബ്രോക്കറെ വിട്ട് പറഞ്ഞ് നിന്റെ വീട്ടുകാരോട് സമ്മതിപ്പിച്ചത്”..സജിനയ്ക്ക് സങ്കടം സഹിക്കാൻ വയ്യാതെയായി.. സലീം അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു “ഇത് ഞാൻ നിന്നോട് ചെയ്തതിനുള്ള ഒരു ക്ഷമാപണം കൂടിയാണ്”..”എനിക്ക് നിന്നെ അംഗീകരിക്കാൻ കഴിഞ്ഞില്ല. കല്യാണത്തിന്റെ അടുത്ത നാളുകളിലുള്ള വിരുന്ന് സൽക്കാരങ്ങൾക്കൊന്നും നമ്മൾ പോയില്ല. നമ്മൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ കൂടുതലൊന്നും സംസാരിക്കുകയോ ചെയ്തില്ല. പതിനഞ്ച് ദിവസം കൂടി ലീവ് ബാക്കിയുണ്ടായിരുന്ന ഞാൻ ടിക്കറ്റ് എടുത്ത് നേരെ ഖത്തറിലേക്ക് തിരിച്ചുപോയി”.സലിം ഒരു ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി..”എന്റെ വീട്ടുകാർക്ക്‌ തന്നെ ഒരു ശാപമായിരുന്ന ഞാൻ, ഇവിടെ വന്നപ്പോളുള്ള നിങ്ങളുടെ എല്ലാവരുടെയും അവഗണനയും വെറുപ്പും സഹിച്ച് ആരോടെങ്കിലും ഒന്ന് പറയാൻ പോലും കഴിയാതെ, മരണത്തിന്റെ വക്കോളമെത്തിയ എന്റെ അവസ്ഥ ഇക്ക ചിന്തിച്ചിരുന്നോ?”.. ദുഃഖവും സങ്കടവും തേങ്ങലും മറികടന്ന് ഒരു പൊട്ടിക്കരച്ചിലോടെയാണ് സജിന അങ്ങിനെ ചോദിച്ചത്.. കഥയിലെ പേരുകൾ തികച്ചും സാങ്കൽപ്പികം

തുടരും..Sidhique Patta…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com