ENTERTAINMENT

സിദ്ദീഖ് എഴുതുന്നു.. എന്റെ അനുഭവമാണ്..ഓരോ വാക്കും…!

എന്റെ അനിയൻ… ഇന്ന് അവന്റെ രണ്ടാം ചരമവാർഷികമാണ്.. രണ്ടോ മൂന്നോ വയസ്സുള്ള അവനെ കൊഞ്ചിക്കാനും കളിപ്പിക്കാനും തിരക്ക് കൂട്ടുന്ന എന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിമാരുടെ മക്കളുടെ ഉത്സാഹം ഞാനിന്നും ഓർക്കുന്നു… എനിക്ക് അങ്ങനെ ഒരു ലാളന പല കാരണങ്ങളാൽ ലഭിച്ചിരുന്നില്ല… അതുകൊണ്ടായിരിക്കാം ഞാനതൊക്കെ ഞാൻ ഇന്നും ഓർക്കുന്നത്…. ആരുടെയും കുറ്റമല്ല…. അതായിരുന്നു അന്നത്തെ ജീവിത പരിതസ്ഥിതി…അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്തിനും തയ്യാറായി ഒന്നാമനായി അവനുണ്ടാകും…കൗമാരത്തിന്റെ തുടക്കത്തിൽ, പ്രാവ് അണ്ണാൻ മൈന തത്ത മുതലായവയെ വളർത്തി പരിപാലിക്കൽ അവൻ ആസ്വദിച്ച് ചെയ്യുമായിരുന്നു…മരത്തിലും കാട്ടിലും മലമുകളിലും കയറി തേൻ എടുക്കുക, പക്ഷികളെ പിടിക്കുക, അവയെ പരിപാലിക്കുക തുടങ്ങിയവ അവന് ഒരുപാട് ഇഷ്ടമായിരുന്നു….ഏറെ ഇഷ്ടപ്പെട്ടിരുന്നത് മീൻപിടുത്തമായിരുന്നു, അതിലവൻ അതിസമർത്ഥനുമായിരുന്നു…. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ട് വരുന്നതിനു മുമ്പേ, തുടർന്ന് പഠിക്കുന്നില്ലായെന്നും ഡ്രൈവിംഗ് പഠിക്കാൻ ജീപ്പിൽ ക്ലീനറായി പോകണമെന്നും അവൻ തീരുമാനിച്ചിരുന്നു….

ഒരുപാട് തമാശ പറയുമായിരുന്നു അവൻ.. ആറടിയോളം പൊക്കവും അതിനനുസരിച്ചുള്ള ശരീരവുമുള്ള അവന് ബാസ്ക്കറ്റ്ബോൾ കളി ഏറെ പ്രിയപ്പെട്ടതായിരുന്നു…അവന്റെ കൗമാരത്തിലാണ്…ഒരു ടൂർണമെന്റിൽ അവന്റെ ടീമും കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ ടീമും തമ്മിൽ മത്സരം നടക്കുന്നു… ആദ്യ മിനിറ്റിൽ തന്നെ ഒരു നിശ്ചിത ഏരിയക്ക് പുറത്തുനിന്ന് ബോള് ബാസ്കറ്റ് ചെയ്ത് അവർ മൂന്ന് പോയിന്റ് നേടി… ജേഴ്സി ധരിച്ച് റിസർവിലായിരുന്ന അവൻ, തുടക്കത്തിലെ അവർ നേടിയ മൂന്ന് പോയിന്റ് കണ്ട് ആ നാട്ടിലെ കളിയാവേശക്കാർ “ടീം രണ്ടും ഉഷാറാ, നല്ലൊരു കളി കാണാം” എന്ന് പറയുന്നത് അവന് കേൾക്കാമായിരുന്നു…. അഞ്ചു മിനിറ്റായി, പത്തു മിനിറ്റായി, ഹാഫ് ടൈമായി, കളി അവസാനിച്ചു…. അപ്പോഴും അവർക്ക് പോയിന്റ് മൂന്നു തന്നെയായിരുന്നു… നഴ്സറി കുട്ടികൾ നാണിക്കും വിധം അവരാ കളി തോറ്റു… നല്ലൊരു കളി കാണാമെന്നു പ്രതീക്ഷിച്ച കാണികൾ, പഴിചാരിയും പരിഹസിച്ചും കൂകിവിളിച്ചും ഇറങ്ങിപ്പോയി…. അതുപറഞ്ഞ് കുടു കുട ചിരിക്കുന്ന അവന്റെ മുഖം ഒരു മധുര സ്മൃതിയായി ഇപ്പോഴും എന്റെ മനസ്സിലുണ്ട്…

പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ, എറമൂ കാക്കാന്റെ ജീപ്പിൽ ക്ലീനറായി… അവൻ, എന്റെ അനുജൻ, എന്റെ മൂന്ന് അനിയന്മാരിൽ നടുക്കത്തവൻ, അസീസ്….. ക്ലീനറായി, ഡ്രൈവറായി, ഹെവി ഡ്രൈവറായി….വിവാഹം കഴിഞ്ഞ് മൂന്നു കുട്ടികളുമായി…. അവൻ എന്നും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കൂപ്പിൽ മരപ്പണിക്ക് ലോറിയിൽ ക്ലീനറായി പോയിരുന്ന , ആരോഗ്യവാനും ഊർജസ്സലനുമായ അവന്റെ സാന്നിധ്യം ഡ്രൈവർമാരും മുതലാളിമാരും ഏറെ ആഗ്രഹിച്ചിരുന്നു…. കുണ്ടും കുഴികളും നിറഞ്ഞ കൂപ്പുകളിലെ മൺറോഡിൽ, മരം കയറ്റിയും അല്ലാതെയും വരുന്നതും പോകുന്നതുമായ ലോറികൾ, ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവനിലെ ക്ലീനർ ബഹു കേമനായിരുന്നു…..പഴയ ജീപ്പ് ജീവനക്കാരെല്ലാം അവന്റെ സുഹൃത്തുക്കളായിരുന്നു(ഡ്രൈവർമാർ, ക്ലീനർമാർ)…അന്ന് തിരുവമ്പാടിയിൽ 100 ഓ 150 ഓ ജീപ്പുകളോളം സർവീസ് നടത്തിയിരുന്നു….. കൂടരഞ്ഞിക്കും കൂമ്പാറക്കും, പുന്നക്കലേക്കും പുല്ലൂരാംപാറയിലേക്കും യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നത്, തലയെണ്ണം വെച്ച് ലോക്കലടിക്കുന്ന ആ ജീപ്പുകളെയായിരുന്നു…..

ആ ഡ്രൈവർമാരെക്കാളൊക്കെ ഇളം പ്രായക്കാരനായത് കൊണ്ട് എന്റെ അനുജൻ അസീസുമായുള്ള അവരുടെ സൗഹൃദം വാത്സല്യവും കൂടി ചേർന്നതായിരുന്നു….. വർഷങ്ങൾ ഒരുപാട് ഇപ്പുറവും ആ സൗഹൃദങ്ങളെല്ലാം അവൻ ഭംഗിയായി നിലനിർത്തി….. അവനൊരിക്കലും പരാതിയോ പരിഭവമോ പറഞ്ഞതായി എനിക്ക് ഓർമ്മയില്ല… അപ്രതീക്ഷിതമായി, ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്, പേസ് മേക്കർ ഘടിപ്പിക്കുന്നു….. മൂന്നാല് മാസത്തെ വിശ്രമത്തിനുശേഷം, കനപ്പെട്ട ജോലികളൊന്നും ചെയ്യാതെ, കൺസ്ട്രക്ഷൻ സൈറ്റിലേക്കും മറ്റും മണലും മെറ്റലും അത്യാദി സാധനങ്ങളും ഓർഡറെടുത്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന ജോലിയിൽ ഏർപ്പെട്ടു…. ഇടയ്ക്കുള്ള ചെക്കപ്പുകളും മറ്റും മുറപോലെ നടന്നു…. അവൻ പൂർവസ്ഥിതിയിലേക്ക് തിരിച്ചുവന്നു….. മണൽ വാരൽ നിരോധിച്ചതുകൊണ്ട്, ആ മേഖല ഇല്ലാതാവുകയും ചെയ്തതോടെ, ഒരു മരക്കച്ചവടക്കാരന്റെ സഹായിയായി…. അഞ്ചാറു വർഷം കടന്നുപോയി…. നീണ്ടകാലത്തെ പ്രവാസമവസാനിപ്പിച്ച് ഞാൻ തിരുവമ്പാടിയിൽ ഒരു മിൽമ ബൂത്ത് നടത്തുന്നു….

ഉപ്പയുടെ കാൽമുട്ടിന് ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇഖ്റ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്… ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാം ദിവസം മുതൽ ഉപ്പ ക്ഷീണിച്ച് സോഡിയം കുറഞ്ഞ് അർദ്ധ ബോധവസ്ഥയിലായി… കാലിന്റെ ഓപ്പറേഷനായതുകൊണ്ടും, മക്കൾക്ക് ക്ലാസ് ഉള്ളതുകൊണ്ട് കടയിൽ പകരക്കാരൻ ഇല്ലാത്തതുകൊണ്ടും ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നില്ല… അർത്ഥത്തിന്റെ അല്പം കുറവുണ്ടെങ്കിലും ആളുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല… ഞാൻ രാവിലെ എഴേ മുക്കാലിനുള്ള കെഎസ്ആർടിസിയിൽ കയറി ഓമശ്ശേരി എത്തിയപ്പോഴാണ് അസീസിന്റെ ഭാര്യ വിളിച്ച് പറയുന്നത് ” അസീസാക്കക്ക് ശ്വാസം മുട്ടുന്നുണ്ട് , ചർദ്ദിക്കുകയും ചെയ്തു”എന്ന്… ഞാൻ ഫോൺ കട്ട് ചെയ്ത്, ബസ്റ്റാൻഡിൽ കച്ചവടം നടത്തുന്ന എന്റെ നേരെ അനിയനെ വിളിച്ചു കാര്യം പറഞ്ഞു… ശ്വാസംമുട്ടലും ഛർദിയുമല്ലേ, മറ്റൊന്നും ചിന്തിക്കാതെ ഞാൻ ഇഖ്റ ഹോസ്പിറ്റലിൽ പോയി…ഉപ്പയുടെ അവസ്ഥ, സോഡിയം കുറഞ്ഞത് മൂലം വളരെ മോശമായിരുന്നു…ട്രിപ്പ്( സോഡിയം) കൊടുത്തുകൊണ്ടിരിക്കുന്നു… ഉച്ചയ്ക്ക് ഒരു മണിയോടെ എന്റെ നേരെ അനിയന്റെ ഫോൺ വന്നു….” അസീസിന്റെ നില അതീവ ഗുരുതരമാണ്, ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുലോം ചാൻസ് കുറവാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്”…ഇത്രയും കേട്ടപ്പോഴേക്കും എന്തെങ്കിലും സംസാരിക്കാനോ ചോദിക്കാനോ കഴിയാതെ ഷോക്കേറ്റ പോലെ ഞാൻ നിന്നു… അവൻ തുടർന്നു… “നീ ഉപ്പയെ ഡിസ്ചാർജ് ചെയ്ത് പോര്‌, സോഡിയത്തിന്റെ കുറവല്ലേ ഉള്ളൂ, കാലിന് ( ഓപ്പറേഷൻ ചെയ്തത്) കുഴപ്പമൊന്നുമില്ലല്ലോ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നമുക്ക് ഇവിടെ ലിസാ ഹോസ്പിറ്റലിൽ കാണിക്കാം”…എനിക്കൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അതിന് കഴിഞ്ഞില്ല… ഹോസ്പിറ്റലിൽ ഉപ്പയ്ക്ക് കൂട്ടിരുന്ന ഉമ്മയെ വീട്ടിലേക്കും അസീസിന്റെ 16 വയസ്സുകാരൻ മകനെ ഹോസ്പിറ്റലിലേക്കും അയച്ചു….

അസുഖം ഭേദമാകുന്നതിന് മുമ്പ് രോഗിയെ ഡിസ്ചാർജ് ചെയ്തു കൊണ്ടു പോയാൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് ഉത്തരവാദിയായിരിക്കില്ല എന്ന സമ്മതപത്രത്തിൽ ഒപ്പിട്ട്, ഉപ്പയെ ഡിസ്ചാർജ് ചെയ്ത് അഞ്ചരയോടെ ഞങ്ങൾ വീട്ടിലെത്തി…. ഉപ്പയെ വീട്ടിൽ ഇറക്കി. വന്ന ആ വണ്ടിയിൽ തന്നെ ഞാൻ കെഎംസിടിയിലേക്ക് പോയി…. ഞാൻ ഹോസ്പിറ്റലിലെത്തി ഞാൻ അവിടെ കണ്ടത് അസീസിന്റെ ഭാര്യ, അവന്റെ യഥാർത്ഥ അവസ്ഥ പൂർണ്ണമായും അറിയാതെ അവൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിച്ച് ഐസിയുവിന് പുറത്ത് വിസിറ്റിംഗ് റൂമിൽ ഒരു മൂലയിൽ തളർന്നിരിക്കുന്നു….വെന്റിലേറ്ററിൽ കിടക്കുന്ന ഉപ്പയുടെ യഥാർത്ഥ അവസ്ഥ അറിയാത്ത, തന്റെ ഉപ്പ സുഖം പ്രാപിക്കുന്നതും കാത്ത് സങ്കടപ്പെട്ടിരിക്കുന്ന അവന്റെ കൗമാരക്കാരൻ മകൻ…..തങ്ങളുടെ സഹോദരൻ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് മനസ്സിലാക്കി, കരഞ്ഞു കലങ്ങിയ കണ്ണോടെ കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന എന്റെ രണ്ട് അനിയന്മാർ… സന്ദർശനസമയം അല്ലായിരുന്നുവെങ്കിലും, ഐസിയുവിൽ കയറി ഞാൻ അവനെ കണ്ടു…. ശരീരമാസകലം എന്തൊക്കെയോ ഘടുപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ചാസം നടത്തുന്ന അബോധാവസ്ഥയിലുള്ള അവന്റെ ആ കിടപ്പ് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ നോക്കി കണ്ടത് …

അവന്റെ മൂത്ത സഹോദരനാണ് എന്ന് പരിചയപ്പെടുത്തി ഞാൻ ഡോക്ടറോട് ചോദിച്ചു… ” എന്താണ് സാർ ഇപ്പോഴത്തെ അവസ്ഥ?……”ഭാഗികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിന്റെ പ്രവർത്തനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്, പൾസ് റേറ്റ് ഉയരുകയും വേണം”… എന്റെ ചോദ്യത്തിലെ ആധികാരികത മനസ്സിലാക്കിയിട്ടാവാണം അദ്ദേഹം തുടർന്നു…” ഇതുവരെയും അതിൽ ഒരു പുരോഗതിയുമില്ല, ഇനിയിപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നാലും ശരീരത്തിന്റെ പല ഭാഗങ്ങളും ചലിപ്പിക്കാനാവാതെ നിർജീവമായിരിക്കും, ഒരു ചെറുപ്പക്കാരനായതുകൊണ്ട് (38വയസ്) മെഡിക്കൽ സയൻസിന് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്”…അദ്ദേഹം പറഞ്ഞു നിർത്തി…”ഇല്ല, അവൻ ഇനി ജീവിതത്തിലേക്കില്ല” എന്ന് എന്നോട് പറയാതെ അദ്ദേഹം സ്വയം പറയുന്നത് ആ ചുറ്റുപാടിൽ നിന്ന് എനിക്ക് മനസ്സിലാക്കാമായിരുന്നു…. അതുവരെ അടക്കിപ്പിടിച്ചിരുന്ന എന്റെ ദുഃഖവും സങ്കടവും ഐസിയുന് വെളിയിൽ വിസിറ്റേഴ്സ് ഹാളിൽ എത്തിയപ്പോഴേക്കും കരച്ചിലായി മാറിയിരുന്നു…. ഐ സി യു വിൽ പോയി, 10,15 മിനിറ്റിന് ശേഷം തിരിച്ചുവന്ന എന്നോട് എന്റെ അനിയന്മാർക്കോ അവിടെ കൂടിയിരുന്ന മറ്റു ബന്ധുക്കൾക്കോ ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല… സുഹൃത്തുക്കളും ബന്ധുക്കളും എന്റെ സങ്കടം കണ്ടിട്ടും അല്ലെങ്കിൽ എന്റെ അനിയന്മാരിൽ നിന്ന് അറിഞ്ഞതിൽ കൂടുതലൊന്നും അറിയാനില്ല എന്ന് കരുതിയുമായിരിക്കും ഒരുപക്ഷേ എന്നോടൊന്നും ചോദിക്കാഞ്ഞത്…. പക്ഷേ, എന്റെ രണ്ട് അനിയന്മാർ, അവൻ ഇനി ജീവിതത്തിലേക്കില്ലായെന്ന് എനിക്ക് മുമ്പേ മനസ്സിലാക്കിയിരുന്നു… ഇതെല്ലാം എനിക്ക് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമായി….എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല…ഞാൻ തേങ്ങി തേങ്ങി കരയാൻ തുടങ്ങി… സുഹൃത്തുക്കളും മറ്റും ” നീയല്ലേ ഇവർക്കൊക്കെ ധൈര്യം കൊടുക്കേണ്ടത്” എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എനിക്ക് എന്റെ സങ്കടം അധികരിച്ചുവന്നു…” മയ്യത്തിന് ( ശവം) കാവൽ നിൽക്കും പോലെ നിൽക്കാൻ എനിക്ക് കഴിയില്ല” എന്നും പറഞ്ഞ് അല്പം ഉച്ചത്തിൽ കരഞ്ഞ് താഴെ കാർ പാർക്കിങ്ങിലേക്ക് നടന്നു…. ആ നടത്തത്തിനിടയിൽ അസീസിനെ സന്ദർശിക്കാൻ വന്ന എന്റെ ഉമ്മ വീട്ടുകാർ അവന്റെ വിശേഷം ചോദിച്ചപ്പോൾ ഒന്നും പറയാനാവാതെ കരഞ്ഞു കൊണ്ടാണ് ഞാൻ അങ്ങോട്ട് നടന്നത്…അരമുക്കാൽ മണിക്കൂറെടുത്തു ഞാനൊന്ന് റിലാക്സ്സാകാൻ…” അതെ, ഞാനല്ലേ ബാക്കിയുള്ളവർക്കൊക്കെ ധൈര്യം കൊടുക്കേണ്ടത്”ഞാൻ രോഗികൾക്ക് കൂട്ടിരിക്കുന്നവരുടെ അടുത്തേക്ക്, വിസിറ്റേഴ്സ് ഹാളിലേക്ക് തിരിച്ചുവന്നു…. ഞാനും എന്റെ അനിയന്മാരും അവന്റെ ഭാര്യയും മകനും മറ്റു സുഹൃത്തുക്കളും ബന്ധുക്കളും അവന്റെ എന്തെങ്കിലും ആവശ്യങ്ങളോ വിശേഷങ്ങളോ പറയാനായി വരുന്ന നേഴ്സുമാരെ പ്രതീക്ഷിച്ചു പലയിടത്തായി ഇരുന്നു… പലരും പല സമയങ്ങളിലായി അവനെ പോയി കണ്ട് കരഞ്ഞുകൊണ്ട് തിരിച്ചുവരും.. അത് കാണുമ്പോൾ മറ്റുള്ളവർക്കും സങ്കടം വരും.. അവനെ പോയി കണ്ട് ഉച്ചത്തിൽ കരഞ്ഞ് നിലവിളിച്ച് വന്ന അവന്റെ ഭാര്യയെ മറ്റുള്ളവരെല്ലാം ചേർന്ന് ഒരു സൈഡിൽ കിടത്തി….

സങ്കടം ഇതൊന്നുമായിരുന്നില്ല…. അസീസിന്റെ മകൻ, മറ്റുള്ളവരോട് സംസാരിക്കാനും ചങ്ങാത്തം കൂടാനും മിടുക്കനായിരുന്ന അവൻ, അവിടെയുണ്ടായിരുന്ന നേഴ്സുമാരുടെയും ഡോക്ടർമാരുടെയും മൗന സമ്മതത്തോടെ അവന് തോന്നുമ്പോഴെല്ലാം അവന്റെ ഉപ്പയെ പോയി കാണും…” ഇപ്പച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ, ഇപ്പച്ചി ശ്വാസമെടുക്കുന്നൊക്കെയുണ്ടല്ലോ” ഉപ്പയെ കണ്ട് വന്നിട്ട് പറയും… അങ്ങനെ ചിന്തിച്ച് അവന്റെ ഉപ്പയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുന്ന അവനോട് ഞാൻ എങ്ങനെ പറയും “ശാസ്വൊച്ചാസം നടക്കുന്നത് യന്ത്രത്തിന്റെ ( വെന്റിലേറ്റർ ) സഹായത്താലാണെന്നും, അത് ഒഴിവാക്കിയാൽ നിന്റെ ഉപ്പ മരിച്ചുപോകും എന്നും…. നേരം വെളുത്തപ്പോഴും അസീസിന്റെ നില മോശമായി തന്നെ തുടർന്നു… വൈകുന്നേരത്തോടെ കിഡ്നിയുടെ പ്രവർത്തനവും താറുമാറിലായി.. ഡയാലിസിസ് ചെയ്തു…അവന്റെ നില വഷളായിക്കൊണ്ടിരുന്നു… അപ്പോഴേക്കും അവന്റെ മകനും ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു…. പിന്നീട് അവൻ ഉപ്പയെ പോയി കണ്ടു വന്നിട്ട്, അവിടെ കൂടിയിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ നൂറോളം വരുന്ന, അതിൽ കൂടുതലും അമ്മമാരായിരുന്നു, അവരോടവൻ കരഞ്ഞ്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.”നിങ്ങളെല്ലാവരും എന്റെ ഇപ്പച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണേ”….. ഒരു കൗമാരക്കാരന്റെ ഈയൊരു അഭ്യർത്ഥന കേട്ട് സങ്കടപ്പെടുന്ന ഒരുപാട് അമ്മമാരെയും അച്ഛന്മാരെയും ഞാനവിടെ കണ്ടു…. ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരുന്ന എന്റെയും എന്റെ ബാക്കിയുള്ളവരുടെയും അവസ്ഥ എന്തായിരിക്കും?… സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു അത്…. അടുത്ത ദിവസം പുലർച്ചെ 4:20 ന് ഡോക്ടർമാർ അവന്റെ വിധിയെഴുതി, എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ അനിയൻ അസീസ് മരിച്ചുവെന്ന്…Sidhique Patta….

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com