ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ..

വിജാതീയ ധ്രുവങ്ങൾ….2. ഷഫ്ന ജനിച്ചതും പ്ലസ് ടു വരെ പഠിച്ചതും ദുബായിലാണ്. സൗദി അറേബ്യയിലും ദുബയിലും നാട്ടിൽ കാസർകോട്ടും മറ്റു പലയിടത്തുമായി ധാരാളം ബിസിനസ് സ്ഥാപനങ്ങളുള്ള യഥാസ്ഥിതികനും രണ്ട് പെൺകുട്ടികളുടെ പിതാവുമായ ഹമീദാണ് ഷഫ്നയുടെ ഉപ്പ..അതിസമ്പന്നതയുടെ നടുവിൽ ജനിച്ച ഷഫ്‌നക്ക്‌, ദുബായിലെ ആഡംബര ജീവിതം ബോറടിക്കാൻ തുടങ്ങിയിരുന്നു..പഠിക്കാനൊന്നും ഷഫ്‌ന വലിയ താല്പര്യം കാണിച്ചിരുന്നില്ല. സമ്പത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന തീർത്തും യഥാസ്ഥിതികനായ ഷഫ്നയുടെ ഉപ്പ, കുട്ടികൾ ഒരുപാട് പഠിക്കുകയൊന്നും വേണ്ട അവർക്കും അവരുടെ പത്ത് തലമുറയ്ക്കുള്ളതും താൻ സമ്പാദിച്ചിട്ടുണ്ട് എന്ന് സ്ഥിരമായി പറയുന്നത് കൊണ്ട് , നേരത്തെ കല്യാണം കഴിച്ചു പോയ ഇത്തയോ ഉമ്മയോ അവളെ പഠിക്കാൻ നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.

പ്ലസ്ടുവിന് ശേഷം കേരളത്തിലെ തന്നെ ഒരു പ്രശസ്ത വിമൻസ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു.. കുട്ടികൾ പഠിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ഹമീദിന്റെ അനിയൻ ഇഖ്ബാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്… ഹോസ്റ്റൽ റൂമിൽ ഷഫ്നയോടൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടി ഉണ്ടായിരുന്നു… സമ്പന്ന കുടുംബത്തിലെ കുട്ടികളായിരുന്ന അവർ ഒഴിവ് ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും പല കാരണങ്ങൾ പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ചാടി കറങ്ങി നടന്നു.. ബീച്ചിൽ പോയി. സിനിമയ്ക്ക് പോയി. എന്തിനധികം ബിയർ പാർലറിൽ വരെ പോയി..ഫസ്റ്റ് സെമസ്റ്ററിന്റെ റിസൾട്ട് വന്നു. ഷഫ്‌ന മൂന്നു വിഷയത്തിന് തോറ്റു…ഹമീദ് ഷഫ്നയ്ക്ക് വിവാഹം ആലോചിക്കാൻ തുടങ്ങി… ആലോചനകൾ പലതും വന്നു. അവരുടെ നിലക്കും വിലക്കും ഒത്തവർ തന്നെ. നാലഞ്ച് കൂട്ടർ ഷഫ്നയെ വന്ന് കാണുകയും ചെയ്തു.. ഹമീദിന്റെ അനിയൻ ഇക്ബാലിന്റെ നിർദ്ദേശപ്രകാരമാണ് നജീബുമായിട്ടുള്ള ആലോചന വരുന്നത്. നാട്ടിൽ വ്യാപാരം ചെയ്യുന്ന ഇക്ബാലിന് കലന്തൻ ഹാജിയെയും നജീബിനെയും നേരത്തെ തന്നെ അറിയാമായിരുന്നു.. ഭാരിച്ച സ്വത്തുക്കളുള്ള കലന്തൻ ഹാജിയുടെ മൂന്നു മക്കളിൽ ഇളയവനാണ് നജീബ്.. മൂത്ത സഹോദരൻ ഗൾഫിൽ ബിസിനസ് ചെയ്യുന്നത് കൊണ്ടും സഹോദരിയെ വിവാഹം കഴിച്ച് അയച്ചത് കൊണ്ടും ചെറുപ്പം മുതലേ ബാപ്പയ്ക്ക് സഹായിയായി എല്ലാ ബിസിനസുകളിലും നജീബ് കൂടെ ഉണ്ടായിരുന്നു..

ഡിഗ്രി മുഴുവനാക്കാതെ അവൻ ഒരു മുഴുവൻ സമയ കച്ചവടക്കാരനായി.. നജീബിനെ ഷഫ്‌നക്ക് ഇഷ്ടമായി.. സുന്ദരനും മിതഭാഷിയും ഒരു U K, MBA കാരനെക്കാളും കാര്യക്ഷമതയോടെ ബിസിനസും മറ്റും നിയന്ത്രിക്കുന്ന നജീബിനെ ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെടും.. കോടികൾ ചിലവഴിച്ച് നജീബിന്റെയും ഷഫ്‌നയുടെയും വിവാഹം ആർഭാടമായി കഴിഞ്ഞു.. ഹണിമൂണും ബന്ധുവീട് സന്ദർശനവുമൊക്കെയായി അഞ്ചാറുമാസം കടന്നുപോയി. ഷഫ്‌ന ഗർഭിണിയുമായി..പ്രസവശേഷം കൈക്കുഞ്ഞുമായി ഷഫ്ന ഭർതൃവീട്ടിലേക്ക് വന്നു. മകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് കരുതി ഷഫ്നയുടെ ഉപ്പ ഹമീദ്, ഷഫ്ന “ഉമ്മു” എന്ന് വിളിച്ചിരുന്ന ഷഫ്‌നയ്ക്ക് ഏറെ പ്രിയപ്പെട്ട ജോലിക്കാരി ആയിഷയെയും കൂടെ അയച്ചു… അടിവസ്ത്രം വരെ അലക്കാൻ ആളുണ്ടായിരുന്ന ഷഫ്‌നക്ക് ഒന്നിന്റെയും ഒരു കുറവുമുണ്ടായിരുന്നില്ല.. പറമ്പിലെയും വീട്ടിലെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്ന പുരോഗമന ചിന്താഗതിക്കാരനായ കലന്തൻ ഹാജിയും എന്തിനും ഏതിനും ഒരു നിഴൽ പോലെ ഭർത്താവിനെ അനുഗമിക്കുന്ന ഉമ്മ ജമീലയും, സഫ്നയുടെ എന്നല്ല ആരുടെയും ഒരാഗ്രഹത്തിനും തടസ്സം നിന്നിരുന്നില്ല.. ഉപ്പയും ഉമ്മയും നജീബും ഷഫ്നയും മോളും മാത്രം അടങ്ങുന്ന വീട്ടിൽ ആയിഷയടക്കം മൂന്ന് വീട്ടുജോലിക്കാരുണ്ട്… ഉപ്പയുടെയോ ഉമ്മയുടെയോ കാര്യങ്ങളൊക്കെ അവരവർ തന്നെയാണ് നോക്കിയിരുന്നത്. അവിടെയും ഷഫ്നയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല…

നജീബ് രാവിലെ എട്ടുമണിയോടുകൂടി ഓഫീസിൽ പോകും. ചില ദിവസങ്ങളിൽ ഊണ് കഴിക്കാൻ വീട്ടിൽ വരും. ചിലപ്പോൾ വീട്ടിൽ നിന്ന് കൊടുത്തു വിടും. പകുതി ദിവസങ്ങളിലും വെളിയിൽ നിന്ന് തന്നെയാണ് കഴിക്കാറ്. അഞ്ചുമണി ആറുമണിയോടുകൂടി വീട്ടിൽ വരുന്ന നജീബ്, വീട്ടിലെ ഓഫീസ് റൂമിലും ഒന്നും രണ്ടും മണിക്കൂറുകൾ ചെലവഴിക്കും.. ചെറുപ്പം മുതലേ ഉപ്പയുടെയും ഉപ്പയുടെ അനിയന്മാരുടെയും ജ്യേഷ്ഠത്തിയുടെ വിവാഹശേഷം അവരുടെ ഭർത്താവിന്റെയും ബിസിനസും അതിനുവേണ്ടി അവർ ചെലവഴിക്കുന്ന സമയവും അധ്വാനവും നേരിട്ട് അറിയാവുന്ന ഷഫ്നയ്ക്ക് നജീബിനിലെ ബിസിനസ്സുകാരനിൽ എന്തോ ഒരു അപാകത തോന്നി.. ബിസിനസ് ആവശ്യാർത്ഥം ദിവസങ്ങളോളം ടൂറിലായിരുന്ന ഉപ്പയെ ഷഫ്നയ്ക്ക് അറിയാം. ചില ബിസിനസിന്റെ തുടക്കങ്ങളിലും ചില കസ്റ്റമറുമായിട്ടുള്ള പ്രശ്നങ്ങളിലും ചില സാമ്പത്തിക ഇടപാടുകളിലും ഉറക്കമൊഴിച്ച് അമിതഭാരം ചുമന്ന് നെട്ടോട്ടമോടുന്ന ഉപ്പയെ ശല്യം ചെയ്തതിന്, ഉപ്പയുടെ അടുത്തുനിന്ന് ഷഫ്നയ്ക്കും അവളുടെ ഉമ്മയ്ക്കും മൂത്ത സഹോദരിക്കും ഒരുപാട് തവണ വഴക്ക് കേട്ടിട്ടുണ്ട്.. ഓരോ സമയത്തും ആവശ്യാനുസരണം ഓരോ തസ്തികയിലേക്കും ആളുകളെ നിയമിച്ച് ജോലിഭാരം ലഘൂകരിക്കുകയാണ് ഉപ്പയും ഉപ്പയുടെ അനിയന്മാരും ഷഫ്‌നയ്ക്ക് പരിചയമുള്ള മറ്റു ബിസിനസുകാരും ചെയ്യാറുള്ളത്..

അടിച്ചുപൊളിച്ചുള്ള രണ്ടുവർഷത്തെ കോളേജ് ജീവിതവും വിവാഹവും ഹണിമൂണും ബന്ധുവീട് സന്ദർശനവും പ്രസവവും ആഘോഷമായി തന്നെ കഴിഞ്ഞു.. നജീബിന്റെ കാര്യത്തിലും ഷഫ്‌ന ആദ്യത്തിലൊക്കെ വിചാരിച്ചത് എന്തെങ്കിലും തിരക്ക് കൊണ്ടായിരിക്കും എന്ന്.. പ്രസവശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഷഫ്‌നയ്ക്ക്‌ മനസ്സിലാവുന്നത് ഒരു യന്ത്രത്തെ പോലെ ജോലിചെയ്യുന്ന നജീബിന് ബിസിനസും പണവും അതിലൂടെ ലഭിക്കുന്ന അന്തസ്സുമാണ് ലഹരി എന്ന്.. കൃത്യനിഷ്ഠയും കഠിനാധ്വാനവും ആത്മസമർപ്പണവും മറ്റേതൊരു ജോലിയിലേക്കാളും ആവശ്യമായ ബിസിനസ്സിൽ നജീബിനെ ഒന്നാമനായി നിലനിർത്തി.. വ്യാപാര സംഘടനയുടെ പ്രസിഡണ്ടായും സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന നജീബിനെ പറ്റി ആർക്കും ഒരു കുറവും പറയാനുണ്ടായിരുന്നില്ല..

രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് സുബഹി നിസ്കരിച്ച് കുറച്ചപ്പുറത്തുള്ള ഗ്രൗണ്ടിൽ ഷട്ടിൽ കളിക്കാൻ പോകും. ഏഴു മണിയോടടുപ്പിച്ച് വീട്ടിലെത്തി കുളിയും ബ്രേക്ക് ഫാസ്റ്റും കഴിച്ച് എട്ടു മണിയോടുകൂടി കാറെടുത്ത് ഓഫീസിലേക്ക് പോകും… ഹാജിയാരുയുടെയും ഗൾഫിലുള്ള മകന്റെയും നജീബിന്റെയും നാട്ടിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ചേർന്നുള്ള ഒരു സെൻട്രൽ ഓഫീസിലായിരുന്നു നജീബ് അധികസമയവും ജോലി ചെയ്തിരുന്നത്.. ജോലി കഴിഞ്ഞ് അഞ്ചരയോടെ വീട്ടിലെത്തി കുളിയും പ്രാർത്ഥനയും കഴിഞ്ഞ് മാതാപിതാക്കളോടും ഷഫ്‌നയോടും കുറച്ച് എന്തെങ്കിലും കുശലം പറഞ്ഞ് ഓഫീസ് റൂമിലേക്ക് കയറും. ഏഴര എട്ടു മണിയോടുകൂടി ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി ലിവിങ് റൂമിൽ പോയി ടിവിയിൽ വാർത്ത കാണും. ഓഫീസിൽ നിന്ന് വന്നതു മുതൽ നജീബിന്റെ ഫോൺ ബെല്ലടിച്ചു കൊണ്ടിരിക്കും. നജീബ് അതെല്ലാം അറ്റൻഡ് ചെയ്യുകയും അല്ലാത്തവ തിരിച്ചു വിളിക്കുകയും ചെയ്യും. ഡിന്നറിന് ശേഷം 9 മണിയോടുകൂടി ബെഡ്റൂമിൽ എത്തുന്ന നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും പത്തുമണി പത്തരയോടെ ഉറങ്ങിയിരിക്കും..ചാവി കൊടുത്ത ഒരു യന്ത്രം പോലെ നജീബ് അത് തുടർന്നുകൊണ്ടിരുന്നു..

നജീബിന് ഷഫ്‌നയോട് സ്നേഹക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. അത് ഷഫ്നയ്ക്ക് അറിയുകയും ചെയ്യാം..ഭർത്താവിനോട്‌ തമാശ പറഞ്ഞും ശൃംഗരിച്ചും ഭർത്താവിന്റെ നെഞ്ചിൽ തലവെച്ച് കിടക്കാനും ഏതൊരു സ്ത്രീയെയും പോലെ ഷഫ്‌നയും ആഗ്രഹിച്ചു.. നിർഭാഗ്യവശാൽ നജീബിന് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. നാലാള് ചെയ്യേണ്ട ജോലി ഒരാൾ ചെയ്താൽ എങ്ങനെയാണ് അതിനൊക്കെ സമയം കിട്ടുക?… പണത്തെയും, എല്ലായിടത്തും ഞാൻ തന്നെ വേണം എങ്കിലേ ശരിയാകൂ എന്ന പണമുണ്ടാക്കാനുള്ള നജീബിന്റെ ആർത്തിയേയും ഷഫ്‌ന കഠിനമായി വെറുത്തു.. ഷഫ്‌നക്ക് എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.. ഷഫ്‌ന വിഷാദത്തിലേക്ക് നീങ്ങിത്തുടങ്ങി.. ഒരു വയസ്സുള്ള മകളുണ്ടെങ്കിലും, ഉമ്മയും ബാപ്പയും മകളുടെ കാര്യങ്ങൾ മാത്രം നോക്കുന്ന ആയിഷയും അവളെ നിലത്തുവച്ച സമയമുണ്ടായിരുന്നില്ല… ഷഫ്‌ന വിഷാദ രോഗത്തിന് കീഴ്പ്പെട്ടു.. ആ സമയത്താണ് അനിലും ലക്ഷ്മിയും, ഹാജിയാരുടെ പത്തായപ്പുരയിലെ താമസക്കാരായി എത്തുന്നത്.. പണമാണ് എല്ലാം എന്ന് കരുതുന്ന ലക്ഷ്മിയും, പണം ഒന്നുമല്ല എന്ന് കരുതുന്ന ഷഫ്നയും അയൽക്കാരായി.. തുടരും…പേരുകൾ സാങ്കല്പികം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com