വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു
കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ – സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ ഉത്തരവ്. അതേസമയം കോടതി ഉത്തരവുപ്രകാരം നിയന്ത്രണം വന്നിട്ടുള്ള കേന്ദ്രങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല. എന്നാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് ബുധനാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലെർട്ടുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.