ENTERTAINMENT

സിദ്ദീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ…

ലിവിങ് ടുഗതർ.. അവസാന ഭാഗം.. താൻ ഏറെ അഹങ്കരിച്ചിരുന്ന, പല പുരുഷന്മാരെയും തന്നിലേക്ക് ആകർഷിച്ചിരുന്ന, തന്റെ വടിവൊത്ത മാറിടം മുറിച്ച് കളയേണ്ടിവന്നത് റോസിലിനിൽ ഒരു നിർവികാരതയാണ് സൃഷ്ടിച്ചത്..അവൾ സങ്കടപ്പെട്ടില്ല..കരഞ്ഞില്ല.. തന്റെ വേണ്ടപ്പെട്ടവരിലോ തന്റെ ശരീരം തേടിയെത്തിയ കാമുകൻമാരിലോ ഒന്നും കാണാത്ത എന്തോ ഒന്ന് രാജുവിൽ ഉള്ളതായി അവൾക്ക് ആദ്യമേ തോന്നിയിരുന്നു.. രാജു ഒരിക്കലും അവളെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചിരുന്നില്ല.. അവളുടെ ഒരു ഇഷ്ടത്തിനും എതിരും നിന്നില്ല.. അമേരിക്കയിൽ അവസാന മാസങ്ങളായപ്പോഴേക്കും റോസിലിന് അവൾ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തോട് വിരക്തി തോന്നിത്തുടങ്ങിയിരുന്നു.. ആ വിരക്തിയിൽ നിന്ന് അവൾക്ക് മോചനം നൽകിയത് അപ്രതീക്ഷിതമെങ്കിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോളായിരുന്നു..മരണശേഷം എന്തെങ്കിലും ( സ്വർഗ്ഗമോ, നരകമോ ) ലഭിക്കുമോ എന്നുള്ളതായിരുന്നില്ല റോസിലിന് ആശ്വാസമായത്..

ഈ ലോകത്ത് സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ വഴിയൊരുക്കുന്ന ഒരു ജീവിതക്രമമാണ് ഏതൊരു മതത്തിന്റെയും അന്തസത്ത എന്ന് മനസ്സിലാക്കാൻ എംസിഎ കാരിയായ റോസിലിന് അധികം സമയം വേണ്ടി വന്നില്ല..ഒരിക്കൽപോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്ത റോസിലിന് മറ്റുള്ളവരുടെ വിഷമങ്ങളോ ബുദ്ധിമുട്ടുകളോ വികാരങ്ങളോ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.. ഇന്നിപ്പോൾ അവൾക്ക് അതെല്ലാം കഴിയുന്നുണ്ട്.. കീമോ തുടങ്ങിയപ്പോൾ മുടിയെല്ലാം കൊഴിഞ്ഞ് വെള്ളാമ്പൽ പൂപ്പോലെ നിറമുണ്ടായിരുന്ന അവളുടെ ശരീരമെല്ലാം കറുത്ത് കരിവാളിച്ച് ഒരു വികൃത രൂപമായി.. രാജു റോസിലിനോട് എല്ലാം ക്ഷമിച്ചു കഴിഞ്ഞിരുന്നു.. അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി.. സംസാരത്തിൽ കൂടുതലും റോസിലിന്റെ കുറ്റസമ്മതങ്ങളായിരുന്നു.. വീണ്ടും വീണ്ടുമുള്ള അവളുടെ അത്തരം സംസാരം പലപ്പോഴും രാജുവിനെ വീർപ്പുമുട്ടിച്ചു.. ഇനി അത്തരത്തിലുള്ള ഒരു കാര്യവും അവനോട് സംസാരിക്കരുത് എന്ന് രാജു തീർപ്പു കൽപ്പിച്ചു..”എനിക്കിപ്പോൾ നിന്നെ മനസ്സിലാകും. തെറ്റ് പറ്റാത്ത മനുഷ്യരില്ല. തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് പ്രായശ്ചിത്തം ചെയ്താൽ ഏതു പാപവും ക്ഷമിക്കപ്പെടും. നീയിപ്പോൾ അതെല്ലാം ചെയ്തിരിക്കുന്നു”.. ഒരു തത്വചിന്തകന്റെ മനോഭാവത്തോടെയായിരുന്നു രാജു അങ്ങനെ സംസാരിച്ചത്..

അസുഖം ബാധിച്ചതിനുശേഷം ചികിത്സക്കായും മറ്റും അവളുടെ വേണ്ടപ്പെട്ടവർ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവൾ അവളുടെ വീട്ടിൽ പോയില്ല.. മാതൃസ്നേഹം എന്തെന്ന് അനുഭവിച്ചിട്ടില്ലാത്ത റോസിലിൻ അതെല്ലാം രാജുവിന്റെ അമ്മയിൽനിന്നും സഹോദരിമാരിൽ നിന്നും ( പ്രത്യേകിച്ച് മൂത്ത സഹോദരി) അനുഭവിച്ചറിയുകയായിരുന്നു.. ഇത്രയും വിരൂപിയായ തന്നെ സ്നേഹിച്ച് പരിചരിക്കാൻ രാജുവും വീട്ടിലുള്ളവരും സദാസമയവും ശ്രദ്ധാലുക്കളായിരുന്നത് സ്നേഹമെന്നതിന്റെ വ്യാപ്തി എത്രത്തോളമെന്ന് റോസിലിൻ അനുഭവിച്ചറിയുകയായിരുന്നു.. അലീനമോളും റോസിലിനോട് ആഴത്തിൽ അടുത്തു..ഒരു മുല മുറിച്ച് കളഞ്ഞ് മുടി കൊഴിഞ്ഞ് കറുത്ത് കരിവാളിച്ച് വിരൂപിയായ തന്നെ ഇങ്ങനെ സ്നേഹിക്കുന്ന ഇവരെ മനസ്സിലാക്കാൻ കഴിയാഞ്ഞതിൽ അവൾ ദൈവത്തോട് ഖേദം പ്രകടിപ്പിച്ചു..ആഴ്ചകൾ കടന്നുപോയി.. കീമോ അവസാനിപ്പിച്ചു.. ക്യാൻസർ സെല്ലിന്റെ ( കോശം) അവസാനത്തെ കണികയും ശരീരത്തിൽ നിന്ന് നശിപ്പിച്ചു.. മുടി വളർന്നു തുടങ്ങി.. ശരീരത്തിന്റെ കരിവാളിപ്പ് മാറി നിറം വന്നുതുടങ്ങി.. റോസിലിൻ രാജുവിനോട് തന്റെ തെറ്റ് ഏറ്റ് പറയുന്നത് നിർത്തി.. അവൾ അവളുടെ സങ്കടങ്ങൾ പറയാൻ തുടങ്ങി.. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ ആത്മഹത്യ ചെയ്തത്.. വീട്ടിലെ ഒരു ജോലിക്കാരനുമായുള്ള അവിഹിതബന്ധമാണ് കാരണമെന്ന് അച്ഛന്റെ വീട്ടുകാർ കുശുകുശുത്തു.. അച്ഛന്റെ സംശയരോഗമാണെന്ന് അമ്മ വീട്ടുകാരും.. എല്ലാവർക്കും കേൾക്കാനും പറയാനും ഇഷ്ടം അമ്മയുടെ അവിഹിതബന്ധം തന്നെയായിരുന്നു..

അമ്മ ശരിയോ തെറ്റോ എന്നവൾക്കറിയില്ല.. തെറ്റായ ആ തീരുമാനത്തിലൂടെ ( ആത്മഹത്യ ) അമ്മ തെറ്റാണെന്ന് അമ്മ തന്നെ സമ്മതിച്ച് ഈ ലോകത്തോട് വിട പറഞ്ഞു.. അമ്മയോടും അമ്മ വീട്ടുകാരോടും അടുപ്പം കാണിച്ചിരുന്ന അഞ്ചുവയസ്സുകാരി റോസിലിൻ അച്ഛൻ വീട്ടുകാരുടെ മനസ്സിൽ നിന്ന് കുറച്ച് അകലെയായിരുന്നു.. രണ്ടാൺമക്കളും മൂന്ന് പെൺമക്കളുമുള്ള വല്യമ്മച്ചിക്ക് പെൺകുട്ടികളുടെ മക്കൾ അടുത്തുള്ളതുകൊണ്ടാവാം ആൺകുട്ടികളുടെ കുട്ടികളെ ശരിയായി സ്നേഹിക്കാൻ കഴിഞ്ഞില്ല.. അമ്മ വീട്ടുകാരുടെയും അച്ഛൻ വീട്ടുകാരുടെയും വഴക്കിനൊടുവിൽ ( കേസ്) അച്ഛൻ വീട്ടുകാരുടെ കൂടെ നിൽക്കാൻ റോസിലിൻ വിധിക്കപ്പെട്ടു.. കുഞ്ഞ് റോസിലിൻ പലപ്പോഴും ഒറ്റപ്പെട്ടു.. മാതൃസ്നേഹം ഏറ്റവും കൂടുതൽ കിട്ടേണ്ട സമയത്ത് അവൾക്ക് ലഭിച്ചത് എല്ലാം അനിഷ്ടങ്ങളായിരുന്നു.. അതിസുന്ദരിയായി അവൾ വളർന്നു കൊണ്ടിരുന്നു.. നശിച്ച അമ്മയുടെ മകളെന്ന് വെറുപ്പോടെ അച്ഛൻ വീട്ടുകാരും ആ അമ്മയുടെ മകളല്ലേ എന്നും പറഞ്ഞ് മറ്റുള്ളവർ കാമക്കണ്ണോടെയും അവളെ കണ്ടു.. വല്ലപ്പോഴും കണ്ടിരുന്ന അമ്മയുടെ അമ്മയായിരുന്നു കുഞ്ഞ് റോസിലിന് ഏക ആശ്വാസം..

അവൾക്ക് പത്തുവയസ്സുള്ളപ്പോൾ അവരും മരിച്ചു.. അവൾ വളരുന്നതിന് അനുസരിച്ച് ഓരോരുത്തരേയായി അവൾ ഖണ്ഡിച്ച് തുടങ്ങി.. വല്യമ്മയോടും വല്യച്ഛനോടും അവൾ എതിർത്ത് സംസാരിച്ചു.. അമ്മ മരിച്ചു ആറുമാസം തികയുന്നതിനുമുമ്പ് അച്ഛൻ വിവാഹം കഴിച്ച ആ സ്ത്രീ പലപ്പോഴും ഒരു മനുഷ്യക്കുഞ്ഞാണെന്ന് പോലും മറന്ന് അവളോട് പെരുമാറിയിരുന്നു.. അവൾ ആ സ്ത്രീയുമായി സ്ഥിരം വഴക്കായി.. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടുവിന് നഗരത്തിലെ ഒരു സ്കൂളിൽ ചേർത്ത് ഹോസ്റ്റലിൽ പാർപ്പിച്ച് പഠിപ്പിച്ചു.. അവിടെ വച്ചാണ് ഡൊമിനിക്കുമായി പ്രണയത്തിലാവുന്നത്.. അവന്റെ സാമീപ്യം അവളെ സന്തോഷിപ്പിച്ചു.. സ്നേഹത്തിന്റെ മാധുര്യം ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത റോസിലിന് അവനുമായുള്ള ആ അടുപ്പം മാധുര്യം നിറഞ്ഞതായിരുന്നു.. അപക്ക്വമായ ആ പ്രായത്തിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.. ഒന്നല്ല, പലതവണ..

കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അവൾക്ക് മനസ്സിലായി അവൻ തന്റെ ശരീരത്തെയാണ് സ്നേഹിക്കുന്നത് എന്ന്.. അവൾ ഈ ലോകത്തെ തന്നെ വെറുത്തു.. പിന്നീട് അവൾക്ക് തെറ്റുകൾ ഉണ്ടായിരുന്നില്ല, ശരികളെ ഉണ്ടായിരുന്നുള്ളൂ.. അവൾ ജീവിച്ചു, അവൾക്ക് തോന്നിയതുപോലെ..അടിയും പാടിയും കൂത്താടിയും.. വിവാഹം കഴിഞ്ഞ് കൂടുതൽ അടുത്തിടപഴകിയില്ലെങ്കിലും മറ്റൊരു പുരുഷനിലും കാണാത്ത രാജുവിനിലെ ആ നന്മ എപ്പോഴൊക്കെയോ റോസിലിൻ ശ്രദ്ധിച്ചിരുന്നു..അല്ല, അനുഭവിച്ചിരുന്നു.. മദ്യവും മയക്കുമരുന്നും കാമവും ജീവിതത്തെ ആഘോഷമാക്കി.. അധികമായാൽ അമൃതും വിഷം എന്നപോലെ നാലഞ്ചു വർഷത്തെ ജീവിതത്തിനിടയ്ക്ക് പലപ്പോഴും വിരക്തി തോന്നി ഒന്നുറങ്ങാൻ അവൾ സ്ലീപ്പിങ് ഗുളിക കഴിച്ചു..

അവളുടെ അവസാനത്തെ കാമുകനായിരുന്നു റിച്ചാർഡ്.. കാമുകന്മാരിൽ ഏറ്റവും കൂടുതൽ കാലം ( ഒന്നരവർഷത്തോളം) അവൾ ചിലവഴിച്ചത് റിച്ചാർഡ്നൊപ്പമാണ്.. റിച്ചാർഡ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായിരുന്നു.. കാമത്തിന് മാത്രം മുൻഗണന കൊടുത്തുള്ള ഒരു ബന്ധമായിരുന്നു അവർ തമ്മിലെങ്കിലും ഒരു പുരുഷന്റെ സംരക്ഷണം റിച്ചാർഡിൽ നിന്നും അവൾ പലപ്പോഴും അനുഭവിച്ചിരുന്നു.. പിന്നീട് എല്ലാം വെറുക്കുന്നതും. ജീവിക്കാൻ തന്നെ ആഗ്രഹമില്ലാതെ, എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ അവിചാരിതമായി പള്ളിയിൽ പോയതും അച്ഛനോട് കുമ്പസാരിച്ചതും തുടങ്ങി അവളുടെ എല്ലാ സങ്കടങ്ങളും അവൾ രാജുവിനോട് പറഞ്ഞു.. ദിവസങ്ങൾ കഴിയവേ, രാജു തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്ന തന്റെ ആദ്യ ഭാര്യ മോളിയെ മനസ്സിൽ നിന്ന് മായിച്ച് ആ സ്ഥാനത്ത് റോസിലിനെ പ്രതിഷ്ഠിച്ചു തുടങ്ങി.. സന്തോഷവും ദുഃഖവും പരസ്പരം പങ്കുവെച്ച് എല്ലാ അർത്ഥത്തിലും പരസ്പരം സ്നേഹിച്ച് അവരിപ്പോൾ ലിവിങ് ടുഗതറിലാണ്.. അവസാനിച്ചു.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com