
ചോറും കറിയും …പത്തൊമ്പതാമത്തെ വയസ്സിൽ ഗൾഫിൽ പോകുമ്പോൾ ഒരു കട്ടൻ ചായ പോലും എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു.. മൂന്ന് അനിയന്മാരും ഒന്നര വയസ്സുള്ള ഒരു അനിയത്തിയും ഉണ്ടായിരുന്ന ഞനും അതെല്ലാം പെണ്ണുങ്ങളുടെ ജോലിയാണ് എന്ന് അന്നത്തെ പുരുഷവർഗ്ഗം ചിന്തിച്ചിരുന്നത് പോലെയാണ് ചിന്തിച്ചിരുന്നത്.. പാവം എന്റെ ഉമ്മ.. സൗദി അറേബ്യയിൽ എത്തിയ ഞാൻ ഉച്ചയ്ക്കത്തെ ഊണും രാത്രിയിലെ ഡിന്നറും അടുത്തുള്ള ഒരു ഹോട്ടലിൽ ഏൽപ്പിച്ചു.. രാവിലത്തെ ബ്രേക്ഫാസ്റ്റും നാലുമണിക്കുള്ള ചായയും കടിയും അടുത്തുള്ള കഫ്തീരിയയിൽ നിന്നും കഴിച്ചു..
ഒന്നര വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി.. ഇട്ടിരുന്ന ജെട്ടി കാൽപാദം വരെ താഴ്ത്തി, പാദത്തിലിട്ട് ഒരു കറക്ക് കറക്കി ഒരു മൂലയിലേക്ക് എറിഞ്ഞിരുന്ന ഞാൻ പിന്നെയും ചിന്തിച്ചു അലക്കലും ഭക്ഷണം പാകം ചെയ്യലുമെല്ലാം സ്ത്രീകളുടെ ജോലിയാണ് എന്ന്.. വർഷങ്ങൾ കുറച്ച് കടന്നുപോയി.. ഞാൻ വിവാഹം കഴിച്ചു ഒരു കുട്ടിയായി.. എന്റെ തുണിമണികൾ അലക്കലും ഭക്ഷണം പാകം ചെയ്യലും ഭാര്യ അവളുടെ കടമയാണ് എന്ന പോലെ ഏറ്റെടുത്തു.. ഞാനൊരിക്കലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.. ഒന്നു രണ്ടു വർഷങ്ങൾക്കുശേഷമാണ് സിംഗപ്പൂരിൽ പോകുന്നത്.. തമിഴ്നാട്ടുകാരായ ബാലയും മാണിക്യവും കണ്ണൂർക്കാരൻ ജയ്സനും ഞാനുമായിരുന്നു ഒരു റൂമിൽ താമസിച്ചിരുന്നത്.. ഞാനും ജയ്സനും വീടിനടുത്തുള്ള ഒരു തമിഴന്റെ ഹോട്ടലിൽ മെസ്സിന് ചേർന്നു..മൂന്നുനേരം ഭക്ഷണം.. പ്രാതലും ഉച്ചയൂണും പൊതിഞ്ഞ് കമ്പനിയിൽ കൊണ്ടുപോയി അവിടെ നിന്ന് കഴിക്കും. രാത്രി ഹോട്ടലിൽ നിന്നും.. രണ്ടാഴ്ച ആയപ്പോഴേക്കും ആ ഭക്ഷണം എനിക്കും ജയ്സണും പിടിക്കാതെയായി..പ്രതാലിന് ആഴ്ചയിൽ രണ്ട് ദിവസം തൈര് സാദവും പുളി സാദവുമാണ് ( ചോറിൽ തൈരും പുളിയും ചേർത്ത് ഉണ്ടാക്കിയത്). അതായിരുന്നു ഞങ്ങളുടെ മുഖ്യപ്രശ്നം. മറ്റ് ദിവസങ്ങളിൽ ഇഡ്ഡലിയും ദോശയും ഉപ്പുമാവും.. ഉച്ചയൂണും പ്രശ്നം തന്നെയായിരുന്നു..
കമ്പനിയിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന രാജശേഖരനും വിനോദും വീട്ടിൽനിന്ന് പാകം ചെയ്ത് കൊണ്ടുവരുന്ന കറികളും ഞങ്ങൾ കൊണ്ടുവരുന്നതും ഞങ്ങൾ നാലുപേരും പങ്കിട്ട് തിന്നു.. അത്താഴത്തിന് മീനോ ഇറച്ചിയോ എന്തെങ്കിലും ഉണ്ടാവുന്നതുകൊണ്ട് മണവും രുചിയും വകവക്കാതെ ഞങ്ങൾ കഴിച്ചു.. ഞാനും ജെയ്‌സനും പാകം ചെയ്ത് കഴിക്കുവാൻ തീരുമാനിച്ചു.. എന്നെക്കാളും കഷ്ടമായിരുന്നു കുക്കിങ്ങിൽ അവൻ.. ഇലക്ട്രിക്കൽ കുക്കറിൽ ഒരു ഗ്ലാസോ ഒന്നര ഗ്ലാസ്സോ അരിയിട്ട് അതിനു വേണ്ട വെള്ളവും ഒഴിച്ച് സ്വിച്ച് ഓണാക്കിയാൽ ചോറ് റെഡിയാകും..കറിയാണ് പ്രശ്നം.. യൂട്യൂബും ഇന്റർനെറ്റും നിലവിൽ വന്നിരുന്നില്ല.. ഇറച്ചിയോ മീനോ തക്കാളിയും പച്ചമുളകും സവാളയും മസാലപ്പൊടികളും ഇട്ട് വേവിക്കും..ഞങ്ങളത് രുചിയും മണവും ഒന്നുമില്ലെങ്കിലും തിന്നും.. കുറച്ച് ദിവസങ്ങൾക്കകം ഞങ്ങൾ അതും നിർത്തി.. ഓരോ ദിവസവും വീടിനടുത്തുള്ള ഹോട്ടലിൽ നിന്നും കമ്പനി കാന്റീനയിൽ നിന്നും വേണ്ടത് വാങ്ങി കഴിച്ചു.. ദിവസങ്ങളും മാസങ്ങളും അങ്ങനെ പോയി.. മെസ്സിന് ചേർന്നാൽ ഒരു മാസത്തേക്ക് മൂന്നുനേരം ഭക്ഷണത്തിന് നൂറ്റിയമ്പത് ഡോളർ വരും. അത് സ്വയം പാകം ചെയ്താൽ എൻപത് നൂറ് ഡോളറിൽ ഒതുങ്ങും. നമുക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കുകയും ചെയ്യാം.. ബാലയും ജയ്സണും ഞാനും ചേർന്ന് വീണ്ടും വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.. ബാല നന്നായിട്ട് കുക്ക് ചെയ്യും.. ഞാനും ജയ്സണും അരി കഴുകി കുക്കറിൽ ഇട്ടും പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കിയും മത്സ്യമാംസങ്ങളും പച്ചക്കറികളും വെട്ടിനുറുക്കിയും ബാലയെ സഹായിക്കും.. കറി വെക്കാൻ അത്രയ്ക്ക് ജോലിയൊന്നും ചെയ്യേണ്ടിയിരുന്നില്ല. ഞാൻ വെച്ചാൽ നന്നാവില്ല എന്ന് അവൻ പറഞ്ഞതുകൊണ്ട് ഞാനൊരിക്കലും അതിന് ശ്രമിച്ചതുമില്ല.. അവൻ കറി ഉണ്ടാക്കും.. സാമ്പാറും മോരു കറിയും രസവും മീനും ചിക്കനും മട്ടനും അങ്ങിനെ പലതും നാലഞ്ചുവർഷം ഞങ്ങളുടെ സീനിയറായ അവൻ നന്നായി പാകം ചെയ്യും..
ഒന്നു രണ്ടു മാസങ്ങൾ അങ്ങനെ പോയി.. വീണ്ടും മെസ്സിന് ചേർന്നു.. ഒരു മാസം ചൈനീസ് അടുത്തമാസം മലായ് ( മലേഷ്യൻ ) അങ്ങിനെ മാറിമാറി മാസങ്ങളും വർഷങ്ങളും കഴിച്ചുകൂട്ടി.. ചൈനക്കാരുടെ മസാലപ്പൊടികൾ ഒന്നും ചേർക്കാതെയുള്ള ബീഫ് കറിയും ചിക്കൻ കറിയും വെജിറ്റബിൾ കറിയും ഇതിന്റെയെല്ലാം സൂപ്പുകളും എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.. ഞാൻ കൂടുതലും ചൈനീസ് ഫുഡ് ആയിരുന്നു കഴിച്ചിരുന്നത്.. അഞ്ചാറു വർഷത്തെ സിംഗപ്പൂർ ജീവിതം അവസാനിപ്പിച്ച് “ഒന്നായിട്ട് വെട്ടിപ്പിടിക്കാം” എന്ന് കരുതി ഖത്തറിൽ പോയി.. അവിടെ ബിസിനസ് ചെയ്യുന്ന എന്റെ ബാല്യകാല സുഹൃത്തിന്റെ കൂടെയായിരുന്നു ഞാൻ താമസിച്ചിരുന്നത്.. പുതിയ ഒരു ട്രേഡിങ് കമ്പനി തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവർത്തനത്തിലായിരുന്നു ഞങ്ങൾ.. അവന്റെ കമ്പനിയോട് ചേർന്ന് തന്നെയായിരുന്നു ഞങ്ങളുടെ താമസസ്ഥലവും.. ആ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുന്ന നാട്ടുകാരും സുഹൃത്തുക്കളുമായിരുന്ന രണ്ടുപേരും കൂടി ചേർന്നാണ് ഞങ്ങൾ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നത്.. ഖത്തറിൽ എന്റെ ആദ്യ നാളുകളിൽ ഒരു ദിവസം.. അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി കൂട്ടുകാരന്റെ കൂടെ അവന്റെ കമ്പനിയിലേക്ക് പോയി.. കമ്പനിയുടെ ഇൻചാർജും കൂടിയായ അവന് ഓഫീസിൽ കൂടുതൽ ജോലി ഉണ്ടായിരുന്നതുകൊണ്ട് പുതുതായി തുടങ്ങുന്ന കമ്പനിയുടെ പേപ്പർ വർക്കിന് ഉച്ചകഴിഞ്ഞ് പോകാം എന്ന് തീരുമാനിച്ചത് കൊണ്ട് പുറത്തുണ്ടായിരുന്ന എന്നെ വിളിച്ച് ഫ്രിഡ്ജിൽ നിന്ന് മീനെടുത്ത് വെള്ളത്തിൽ ഇടാനും നാല് ഗ്ലാസ് അരി അടുപ്പത്ത് വെക്കാനും പറഞ്ഞു.. സിംഗപ്പൂരിൽ ചെറിയ പൊന്നി അരി കുക്കറിലിട്ട് സ്വിച്ച് ഓണാക്കിയാൽ മതിയായിരുന്നു.. ഞാൻ ഫ്രീസറിൽ നിന്ന് മീനെടുത്ത് വെള്ളത്തിലിട്ടു. അരി കഴുകി, നാല് ഗ്ലാസ് അരിക്ക് എട്ട് ഗ്ലാസ് വെള്ളം ഒഴിച്ച് സ്റ്റൗ കത്തിച്ചു.. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ അങ്ങിനെ ചോറ് ഉണ്ടാക്കുന്നത്.. അരിയിലെ വെള്ളം വറ്റി തുടങ്ങിയപ്പോൾ ഞാൻ രണ്ട് ഗ്ലാസ് വെള്ളം വീണ്ടും ഒഴിച്ചു..ജോലി കഴിഞ്ഞ് വന്ന കൊച്ചിക്കാരൻ റൗഫിനോട് ചോദിച്ചിട്ടാണ് ഞാൻ വീണ്ടും മൂന്നാലു ഗ്ലാസ് വെള്ളം ഒഴിച്ചത്..ഐസ് ഒക്കെ അലിഞ്ഞ് തീർന്നിരുന്ന മീൻ എടുത്ത് കഴുകി വൃത്തിയാക്കി വെച്ചു.. ആ കൊച്ചിക്കാരൻ വന്ന സമയത്തൊക്കെ തന്നെയാണ് ഞങ്ങളുടെ കൂട്ടുകാരും വരുന്നത്.. അവർ വരാൻ വൈകും എന്ന് അറിഞ്ഞതുകൊണ്ട് എന്റെ കൂട്ടുകാരൻ കിച്ചണിലേക്ക് വന്ന് മീൻ കറി വെക്കാൻ തുടങ്ങി..
ഞാൻ സിംഗപ്പൂരിൽനിന്ന് ബാലക്ക് ചെയ്ത് കൊടുത്തത് പോലെ അവനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.. കുക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അവൻ എന്നോട് പറഞ്ഞു,”ഇന്ന് നീ കറി വെക്കൂ? “..”ഞാൻ വെച്ചാൽ നന്നാവില്ല…”.. ഞാനത് പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പേ അവൻ ചോദിച്ചു,”എത്ര കാലം ഇതും പറഞ്ഞ് നീ കറി വെക്കാതെ ഇരിക്കും?”.. ഞാൻ സിംഗപ്പൂരിൽ ഞങ്ങൾ ഭക്ഷണം പാകം ചെയ്തതിനെ പറ്റിയും ബാല ഞാൻ വെച്ചാൽ ശരിയാവില്ല, നന്നാവില്ല എന്ന് പറഞ്ഞതുകൊണ്ട് ഞാൻ മാറി നിന്നതും എല്ലാം അവനോട് പറഞ്ഞു.. നല്ല വായനാശീലം ഉള്ള അവൻ ഒരു പഴമൊഴി എന്ന പോലെ പറഞ്ഞു,”അറിയില്ല എന്ന് പറഞ്ഞ് മാറി നിൽക്കുമ്പോളല്ല, അതെനിക്ക് കഴിയും എന്ന് ചെയ്തു കാണിക്കുമ്പോഴാണ് ഒരാൾ വിജയിയാകുന്നത്”.. അവൻ ഉണ്ടാക്കിയ കുഴമ്പുരൂപത്തിലുള്ള മീൻ കറിയും ചോറും പപ്പടം കാച്ചിയതും പയർ ഉപ്പേരിയും കൂട്ടി ഊണ് കഴിക്കുമ്പോഴും ഞാൻ ചിന്തിച്ചത് അവൻ പറഞ്ഞ ആ വാക്കുകളെ പറ്റിയാണ്..Why can’t l?.. പ്രോഡക്റ്റ്സും കൊണ്ട് ക്ലൈന്റിന്റെ അടുത്തുപോയി അതിന്റെ ഗുണവും നിറവും മണവും വ്യക്തമായി പ്രതിപാദിച്ച്, ബ്രെയിൻ വാഷ് ചെയ്ത്, അവരെ ബോധ്യപ്പെടുത്തി,വിലപേശി, അവരെക്കൊണ്ട് ആ സാധനം വാങ്ങിപ്പിക്കുന്നതിലും വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല ഭക്ഷണം പാകം ചെയ്യുന്നത്.. ഒരിക്കൽപോലും അതിന് ശ്രമിക്കാത്തതിൽ എനിക്ക് കുറ്റബോധം തോന്നി..
മൂന്നാലു വർഷങ്ങൾക്ക് ശേഷം.. വെള്ളിയാഴ്ച അവധിയായിരുന്നതിനാൽ ചില വ്യാഴാഴ്ചകളിൽ സുഹൃത്തുക്കളുടെ റൂമിൽ പോകും..ആലപ്പുഴക്കാരൻ റിയാസ്ക്കയുടെ വീട്ടിലായിരുന്നു ആ വ്യാഴാഴ്ച പോയത്.. നാലഞ്ച് ട്രെയിലർ ലോറിയുള്ള എന്റെ സമപ്രായക്കാരൻ.. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു പച്ച മനുഷ്യൻ.. എന്റെ ഏറ്റവും മോശം കാലത്ത് ഒരു ദൈവദൂതനെ പോലെ എന്റെ കൂടെ നിന്നയാൾ.. ഒരു സഹായത്തിന് പ്രത്യുപകാരം എന്ന നിലയ്ക്ക് ഞാൻ ഈ ലോകത്ത് കടപ്പെട്ടിരിക്കുന്ന ഏക വ്യക്തി.. പല വ്യക്തികളും പലതരത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. അതും അതിൽ കൂടുതലും ഏതെങ്കിലും ഒരു വഴിക്ക് ഞാൻ അവർക്ക് തിരിച്ച് നൽകിയിട്ടുമുണ്ട്.. അദ്ദേഹത്തോടുള്ള കടപ്പാട് മാത്രം തിരിച്ചുകൊടുക്കാനാവാതെ ഇന്നും അവശേഷിക്കുന്നു. സാമ്പത്തികമല്ല, മാനുഷികപരമായത്.. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ് ഞാനും റിയാസ്ക്കയും നികേഷും വർക്ഷോപ്പിൽ പോയി വരുന്ന വഴിക്ക് കണ്ട ഒരു ഇറച്ചി കടയിൽ നിന്ന് ഫ്രഷ് ബീഫ് വാങ്ങിയാലോ എന്ന് പരസ്പരം സംസാരിച്ചു.. ഉടനെ റിയാസ്ക്ക എന്നോടായി പറഞ്ഞു,”നീ കറി വയ്ക്കുകയാണെങ്കിൽ വാങ്ങാം”.. സവാള അരിഞ്ഞതും തക്കാളി അരിഞ്ഞതും വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റ് ആക്കിയതും പച്ചമുളക് അരിഞ്ഞതും ഇറച്ചിയും അല്പം മഞ്ഞൾപൊടിയും കുറച്ച് ഉപ്പും മിക്സ് ചെയ്ത്, ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ, ആവി വെളിയിൽ പോകാത്ത രീതിയിൽ പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കും.. മുക്കാൽ വേവ് ആയതിനുശേഷം കളറിന് വേണ്ടി കുറച്ച് കാശ്മീരി ചില്ലിയും കുറച്ച് മല്ലിപ്പൊടിയും പാകത്തിന് കുരുമുളക് പൊടിയും അല്പം വെള്ളവും ചേർത്ത് ഇളക്കും.. സ്റ്റൗ ഓഫ് ആക്കുന്നതിന്റെ തൊട്ടുമുമ്പ് കുറച്ച് കറിവേപ്പിലയും ഇട്ട് മൂടി വെക്കും.. അല്പംപോലും ഓയിലോ എണ്ണയോ ഉപയോഗിക്കാതെ ഞാനൊരിക്കൽ ഉണ്ടാക്കിയ ബീഫ് കറി കഴിച്ചതിന്റെ ആവേശത്തിലാണ് റിയാസ്ക്ക എന്നോട് കറി വെക്കാൻ പറഞ്ഞത്..Sidhique Patta..



